
ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത ചില സംഭവങ്ങള്‍ വന്നു പെട്ടത് കാരണം ബ്ലോഗ്
നോക്കാനോ പുതിയ പോസ്റ്റ് ഇടാനോ ആരുടേയും ബ്ലോഗ് വായിക്കാനോ കഴിഞ്ഞില്ല.അല്ലെങ്കില്‍ ഒന്നിനും മൂഡ് ഇല്ലായിരുന്നു.ഒന്നാമത്
യാതൊരു മുന്നറിയിപ്പും തരാതെ ഒരു സുപ്രഭാതത്തില്‍ വെറും സെയില്‍സ് മാന്‍ ആയിരുന്ന എന്നെ പിടിച്ചു ഒരു വലിയ ഷോപ്പിന്‍റെ മൊത്തം ചുമതലയും ഏല്‍പ്പിച്ചു എന്ന് മാത്രമല്ല ഷോപ്പ് തുടങ്ങിയ അന്ന് മുതല്‍ ഇന്ന് വരെയുള്ള എല്ലാ പഴയ പുതിയ കണക്കുകളും സ്റ്റോക്ക്
ക്ലിയരിങ്ങും അടക്കം സകല ഗുലുമാലുകളും ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണം എന്ന ഉത്തരവും തന്നാല്‍ ഞാനെന്നല്ല ആരും ഇത്തിരി ബിസി ആയിപ്പോവും.അത് കൊണ്ടൊക്കെ തന്നെ ബ്ലോഗും ലാപ്ടോപും ഒന്നും തൊടാന്‍ സമയവും കിട്ടിയില്ല.ഇന്നും ഷോപ്പില്‍ നിന്ന് എത്തിയപ്പോള്‍ വളരെ ക്ഷീണിച്ചിരുന്നു.പക്ഷെ ഇന്ന് എന്ത് ക്ഷീണം ഉണ്ടെങ്കിലും എന്തെങ്കിലും എഴുതും എന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നു.കാരണം മറ്റൊന്നുമല്ല ഇന്ന് എനിക്ക് കിട്ടിയ ഒരു മെയില്‍ തന്നെ.അതിന്‍റെ ഉള്ളടക്കം എന്ത് എന്ന് ഞാന്‍ വെളിപ്പെടുത്തുന്നില്ല.അതെഴുതിയത് എന്‍റെ സുഹൃത്ത് സമീര്‍ തിക്കോടി ആയിരുന്നു.ഈ പോസ്റ്റ് ഞാന്‍ ആ നല്ല സുഹുര്ത്തിനു സമര്‍പ്പിക്കുന്നു.ഞാന്‍ മറ്റെന്തു എഴുതുന്നതിനേക്കാളും മദീനയെ പറ്റി എഴുതുന്നത് ഇഷ്ട്ടപ്പെടുന്ന സമീര്‍ ഭായിക്ക് വേണ്ടി മദീനയില്‍ വെച്ച് എനിക്ക് കിട്ടിയ ഒരു വലിയ പാഠം...!
ഇത് വളരെ ചെറുപ്പത്തില്‍ നടന്ന ഒരു സംഭവം ആണ്.ചെയ്യുന്ന തെറ്റിന്‍റെ വലിപ്പം മനസ്സിലാക്കാന്‍ മാത്രം അന്ന് ബുദ്ധി ഉണ്ടായിരുന്നില്ല.അല്ലെങ്കില്‍ അതൊരു തെറ്റാണ് എന്ന് മനസ്സിലാക്കാന്‍ മാത്രമുള്ള വിവരം ഇല്ലായിരുന്നു എന്ന് വേണമെങ്കിലും പറയാം.ഞാന്‍ മദീന ഹറമില്‍ പഠിക്കുന്ന സമയത്ത് എന്‍റെ ക്ലാസ്സില്‍ ഒരു മുപ്പത്തഞ്ചു നാല്‍പ്പതു കുട്ടികള്‍ ഉണ്ടായിരിക്കും.ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉള്ളതും എന്‍റെ ഉസ്താദിന്‍റെ അടുത്ത് തന്നെ..മറ്റു ഉസ്താദുമാരുടെ ക്ലാസ്സുകളില്‍ പത്തും ഇരുപതും കുട്ടികള്‍ ഉണ്ടാവുന്ന സ്ഥാനത്താണ് എന്‍റെ ഉസ്താദിന്‍റെ അടുത്ത് ഇത്രയും കുട്ടികള്‍.മദീന പള്ളിയിലെ ഖുര്‍ആന്‍ ക്ലാസുകള്‍ എന്ന് പറഞ്ഞാല്‍ ഒരു തൂണിനോട് ചാരി ഒരു ഉസ്താദ് ഇരിക്കുന്നുണ്ടാവും.അദ്ദേഹത്തിന്‍റെ മുന്നില്‍ ഒരു വൃത്താകൃതിയില്‍ കുട്ടികളും ഇരുന്നു ഓതുന്നുണ്ടാവും.എല്ലാവരുടെ മുന്നിലും ഒരു മുസ്ഹഫും അത് വെക്കാനുള്ള ഒരു കുര്‍സിയും{മരപ്പലക കൊണ്ട് ഉണ്ടാക്കിയ ഖുര്‍ആന്‍ സ്റ്റാന്റ്}ഉണ്ടാവും..എല്ലാവരും ഇരുന്നു ഓതി പഠിക്കുന്നു..പഠിച്ചു കഴിഞ്ഞവര്‍ കുര്‍സിയും മുസ്ഹഫും എടുത്തു ഉസ്താദിന്റെ അടുത്ത് പോയിരുന്നു ഓതി കൊടുക്കും .കഴിഞ്ഞാല്‍ വീണ്ടും പഴയ സ്ഥാനത്തു തന്നെ വന്നിരിക്കും.
![]() |
ഏകദേശം ഇത് പോലെ ആയിരുന്നു ഞങ്ങളുടെ ക്ലാസ്സ് {ഇത് നെറ്റില്‍ നിന്ന് കിട്ടിയത് } |
പറയാന്‍ വന്ന വിഷയം എന്തെന്ന് വെച്ചാല്‍ ഞങ്ങള്‍ പഠിക്കുന്ന എല്ലാവര്ക്കും ഒരു സ്വഭാവം ഉണ്ടായിരുന്നു.ക്ലാസ്സില്‍ ഇരിക്കുന്ന സമയത്ത് എല്ലാവരും ഖുര്‍ആനിലേക്ക് നോക്കി തലയും താഴ്ത്തി ഇരുന്നാണല്ലോ ഓതുക.ആ സമയത്ത് എന്തെങ്കിലും കാരണത്തിന് മറ്റൊരുത്തനെ ഒന്ന് വിളിക്കണം അല്ലെങ്കില്‍ മറ്റൊരാള്‍ക്ക് എന്തെങ്കിലും കാണിച്ചു കൊടുക്കണം എന്നുണ്ടെങ്കില്‍ അന്നൊക്കെ ഞങ്ങള്‍ ഉപയോഗിക്കുന്ന ഒരു കോഡ് ഉണ്ടായിരുന്നു.അതെന്തെന്നു വെച്ചാല്‍ ഒരുദാഹരണത്തിന് ഒരുത്തന്‍ ക്ലാസ്സില്‍ ഇരുന്നു ഉറക്കം തൂങ്ങുന്നു എന്ന് കരുതുക.ഞാന്‍ അത് കണ്ടു.അത് മറ്റൊരുത്തനെ അറിയിക്കണം.അല്ലെങ്കില്‍ ഉറങ്ങുന്ന ആളെ ഒന്ന് വിളിക്കണം എന്നുണ്ടെങ്കില്‍ ആ ആളുടെ പേര് വരുന്ന ആയത്തോ അല്ലെങ്കില്‍ ആ ആളുടെ പേരിനോട് സാമ്യം വരുന്ന ഏതെങ്കിലും വാക്കുകളുള്ള ആയത്തോ കുറച്ചു ഉച്ചത്തില്‍ ഓതും.എന്‍റെ പേരിനോട് സാമ്യമുള്ള അല്ലെങ്കില്‍ എന്‍റെ പേരുള്ള ഏതെന്കിലും ആയത്തു ആരെങ്കിലും കുറച്ചു ഉറക്കെ ഓതുന്നത് കേട്ടാല്‍ മനസ്സിലാക്കാം.അവന്‍ എന്നെ വിളിക്കുന്നു എന്ന്.അപ്പൊ നമ്മള്‍ അവനെ നോക്കും.ഇതായിരുന്നു ഉസ്താദ് അറിയാതെ ക്ലാസ്സില്‍ ഒരാളെ വിളിക്കാന്‍ ഞങ്ങള്‍ ഉപയോഗിച്ചിരുന്ന കോഡ് ...!
ഒരു ഹജ്ജ് കാലത്ത് ഞാനും ഇത് പോലെ ഇരുന്നു ഓതുന്നതിനിടയില്‍ ഒരു ഇന്തോനേഷ്യക്കാരന്‍ ഹാജി ഹറമില്‍ വന്നു ഖിബ്‌ലക്ക് പിന്തിരിഞ്ഞു നിന്ന് നിസ്ക്കരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു.അത് ഇടയ്ക്കിടയ്ക്ക് സംഭവിക്കുന്ന കാര്യമാണ്.പ്രത്യേകിച്ചും ആദ്യമായി മദീന ഹറമില്‍ വരുന്ന ആള്‍ക്കാര്‍ക്ക്.രാവിലെ ഒരു ഒമ്പത്,പത്തു മണിക്കൊക്കെ ഹറമിന്‍റെ മുന്‍ഭാഗത്തു രൌളയുടെ{പ്രവാചകന്‍റെ ഖബറിന്‍റെ അടുത്ത്} അടുത്ത് മാത്രമേ തിരക്കുണ്ടാവൂ.ഞങ്ങളുടെ ക്ലാസ്സ് നടക്കുന്ന ബാക്ക് ഭാഗത്ത് ആ സമയത്ത് അധികം ആരുമുണ്ടാവില്ല..ചില ആള്‍ക്കാര്‍ ആദ്യമായി വരുന്നത് കൊണ്ടും എല്ലാ തൂണും,ചുമരും,ഗേറ്റും ഒരു പോലെ ഇരിക്കുന്നത് കൊണ്ടും എങ്ങോട്ടാണ് ഖിബ്‌ല എന്നറിയാതെ എവിടേക്കെങ്കിലും തിരിഞ്ഞു നിന്ന് നിസ്ക്കരിക്കും.ഞങ്ങള്‍ ആരെങ്കിലും കണ്ടാല്‍ അയാളെ പിടിച്ചു ഖിബ്‌ലയിലേക്ക് തിരിച്ചു നിര്‍ത്തും.അന്നും അത് പോലെ ആ ഹാജി എന്‍റെ ഓപ്പോസിറ്റ് ഇരുന്നു ഓതുന്ന ഒരു സുഹൃത്തിന്‍റെ പിന്നില്‍ നിന്ന് ഖിബ്‌ല തെറ്റി നിസ്ക്കരിക്കുകയായിരുന്നു.അവന്‍ അതറിഞ്ഞിരുന്നില്ല.അവനു അത് കാണിച്ചു കൊടുക്കാനും അയാളെ തിരിച്ചു നിര്‍ത്താനും വേണ്ടി അവനെ വിളിക്കാന്‍ ഞാന്‍ ഞങ്ങളുടെ കോഡ് ഉപയോഗിച്ചു.ഒന്ന് രണ്ടു വട്ടം അവന്‍റെ പേരുള്ള ആയത് ഉറക്കെ ഓതി.അവന്‍ തല ഉയര്‍ത്തി എന്നെ നോക്കി.ഞാന്‍ തല കൊണ്ട് പിന്നിലേക്ക് ആഗ്യം കാണിച്ചു,അവന്‍ പിന്നിലേക്ക് നോക്കി കാര്യം മനസ്സിലാക്കി എണീറ്റ് അയാളെ തിരിച്ചു നിര്‍ത്തി.പിന്നെയും ഞങ്ങള്‍ ഇരുന്നു ഓത്തു തുടങ്ങി....!
പക്ഷെ ഇതൊക്കെ മറ്റൊരാള്‍ കാണുന്നുണ്ടായിരുന്നു.മറ്റാരുമല്ല എന്‍റെ ഉസ്താദ്.കാരണം ഞാന്‍ അന്ന് പഠിക്കേണ്ടത് സൂറത്ത് മര്‍യം{ } ആണ്.അത് ഖുര്‍ആനിന്‍റെ ഏകദേശം നടുക്കാണ്.പക്ഷെ ഞാന്‍ വിളിച്ച സുഹൃത്തിന്‍റെ പേരുള്ള ആയത്തു അല്‍ ബഖറ{ } സൂറത്തിലും.അതാണെങ്കില്‍ ഖുര്‍ആനിന്‍റെ തുടക്കത്തിലും...ആ ആയത്തു ഞാന്‍ ഒതേണ്ട ഒരു കാര്യവും അന്നില്ല.കാര്യങ്ങള്‍ ഉസ്താദിന് മനസ്സിലാക്കാന്‍ അധികം സമയം വേണ്ടി വന്നില്ല.പിന്നെ അവിടെ നടന്നത് ഒരു വല്ലാത്ത സംഭവം തന്നെയായിരുന്നു.സംഭവം എന്‍റെ കയ്യിലിരിപ്പ് നിങ്ങള്‍ക്കൊക്കെ അറിയാവുന്നത് പോലെ മഹാ മോശമായിരുന്നെങ്കിലും അന്ന് വരെ ഉസ്താദ് എന്നെ തല്ലിയിരുന്നില്ല.പോരാത്തതിന് ഉസ്താദ് ഹറമില്‍ വെച്ച് ആരെയും തല്ലാറുമില്ലായിരുന്നു.
'നീ എന്താ അള്ളാനെ കളിയാക്കാ..അവന്‍റെ കലാമിനെ കളിയാക്കാ.നീ ആരാ.
നീ എന്താ ഖുര്‍ആനിനെ കുറിച്ച് മനസ്സിലാക്കിയത്.എന്നൊക്കെ ചോദിച്ചു എല്ലാവരുടെയും മുന്നിലിട്ടു എന്നെ ഹലാക്കിന്‍റെ അടി.അടിയും ഒച്ചപ്പാടും ഒക്കെ കേട്ട് അടുത്തുള്ള ഉസ്താദുമാരും ഹറമില്‍ നിസ്ക്കരിക്കാന്‍ വന്ന ഹാജിമാരും ഒക്കെ വന്നു.ഉസ്താദ് എന്നിട്ടും നിര്‍ത്തുന്നില്ല.അന്നാണ് ഞാന്‍ എന്‍റെ ഉസ്താദ് അത്രയ്ക്ക് ദേഷ്യം പിടിക്കുന്നത് കണ്ടത്..ഏതായാലും ഹാജിമാരും ഹറമിലെ പണിക്കാരും മറ്റു ഉസ്താദുമാരും ഒക്കെ വന്നു ഉസ്താദിനെ ഒരു വിധം സമാധാനിപ്പിച്ചു.ഞാനാണെങ്കില്‍ ആകെ ഒന്ന് കരയാന്‍ പോലുമാവാത്ത അവസ്ഥയിലും.തല്ലും കുത്തും ഒന്നും എനിക്ക് പുത്തരിയല്ല.കാരണം അത് ഡെയിലി ഉപ്പ കണ്ടറിഞ്ഞു തന്നിരുന്നു .പ്രശ്നം എല്ലാവരും ഒരു കുറ്റവാളിയെ പോലെ എന്നെ നോക്കുന്നു.ആര്‍ക്കും അറിയില്ല എന്താ കാര്യം എന്ന്.പക്ഷെ ഉസ്താദിന്റെ സംസാരത്തില്‍ നിന്നും ഞാന്‍ മോശമായ എന്തോ ചെയ്തു എന്ന് എല്ലാവര്ക്കും മനസ്സിലായി.കുറച്ചു കഴിഞ്ഞു ഉസ്താദ് എണീറ്റ് പോയി ഹറമിന്‍റെ ഗേറ്റിന്‍റെ അടുത്ത് വെച്ചിരുന്ന വെള്ളത്തിന്‍റെ വലിയ ബോട്ടിലില്‍ നിന്നും രണ്ടു ക്ലാസ്സ് സംസം വെള്ളം എടുത്തു കൊണ്ട് വന്നു എന്‍റെ അടുത്തിരുന്നു എന്നോട് കുടിക്കാന്‍ പറഞ്ഞു.ആ അവസ്ഥയില്‍ "എനിക്ക് വേണ്ടാ" എന്ന് പറഞ്ഞു.' നീ കുടിക്കുന്നോ അതോ ഇത് നിന്‍റെ തലയില്‍ ഒഴിക്കണോ'എന്നായി ഉസ്താദ്..വീണ്ടും നിര്‍ബന്തിച്ചപ്പോള്‍ ഞാന്‍ ഒരു ക്ലാസ്സ് എടുത്തു കുടിച്ചു..പിന്നെ ഉസ്താദിന്റെ വക ഒരു ക്ലാസ്സ് ആയിരുന്നു..ഞാന്‍ ചെയ്ത തെറ്റ്,അത് എവിടെയൊക്കെ പോയി കൊള്ളുന്നു,എത്ര മോശപ്പെട്ട കാര്യമാണ് ഞാന്‍ ചെയ്തത്,പിന്നെ ഖുര്‍ആനിന്‍റെ മഹത്വങ്ങള്‍,ആ ഒരൊറ്റ പ്രവര്‍ത്തി കൊണ്ട് ഇസ്ലാമില്‍ നിന്ന് പുറത്തു പോകുന്നത് ,തുടങ്ങി ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഇപ്പോഴും ഉപകാരപ്പെടുന്ന ഒരു പ്രസംഗം,ഒരു ഉപദേശം..എല്ലാം കഴിഞ്ഞു അവസാനം തലയില്‍ കൈ വെച്ച് കൊണ്ട് ഒരു ചോദ്യവും ..ഹല്‍ അന്‍ത്ത സഅലാന്‍ മിന്നി യാ ഫൈസല്‍ {നിനക്ക് എന്നോട് ദേഷ്യമുണ്ടോ ഫൈസല്‍ ..?}......അത് വരെ പിടിച്ചു നിന്ന ഞാന്‍ പൊട്ടിക്കരഞ്ഞത് എന്തിനായിരുന്നു എന്ന് എനിക്കിപ്പോഴും അറിയില്ല ........!!!!!!!
![]() | |
ഇതാണ് മദീനയിലെ സംസം നിറച്ചു വെക്കുന്ന ബോട്ടില്‍ .. |
{മദീന ചിത്രങ്ങള്‍ എല്ലാം നമ്മുടെ നൌഷാദ് അകമ്പാടത്തിന്‍റെ ഫേസ്ബുക്കില്‍ നിന്നും എടുത്തത് ..കൂടുതല്‍ മദീന ചിത്രങ്ങള്‍ കാണാന്‍ അദ്ദേഹത്തിന്‍റെ ഫേസ് ബുക്ക് കാണുക ....}