Friday, 29 April 2011

കിടിലന്‍ 'ആദ്യ രാത്രി' .......!     ഇതൊക്കെ പുറത്തു പറയാന്‍ പാടുണ്ടോ എന്നെനിക്കറിയില്ല.പക്ഷെ അതിന്‍റെ രസത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പറയാതിരിക്കാനും വയ്യ.ഒരു പക്ഷെ എല്ലാവരും ചെറുപ്പം മുതലേ കാത്തിരിക്കുന്ന ആദ്യ രാത്രി...!.എന്തൊരു അനുഭൂതി ആയിരുന്നു.പറഞ്ഞു മനസ്സിലാക്കി തരാന്‍ കഴിയാത്ത ഒരു അനുഭവം.അനുഭവിച്ചു തന്നെ അറിയണം.അത്രക്കും മനോഹരമായിരുന്നു.ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത രാത്രി ......!

    ഉള്ളത് തുറന്നു പറയാമല്ലോ.ഞാന്‍ ശരിക്കും സന്തോഷം കൊണ്ട് വീര്‍പ്പു മുട്ടുകയായിരുന്നു അന്ന് .ഇനി ഇത് പോലെ സന്തോഷിക്കുന്ന ഒരു രാത്രി എന്‍റെ ജീവിതത്തില്‍ എന്നായിരിക്കും ഉണ്ടാവുക.ചെറുപ്പം മുതലേ ഉള്ളില്‍ സൂക്ഷിക്കുന്ന ഒരു മോഹമായിരുന്നു അവളെ ഒന്ന് മുഴുവനായി കാണുക,അനുഭവിക്കുക എന്നത്.പക്ഷെ സൌദിയില്‍ വെച്ച് അതിനു അവള്‍ ഒരിക്കലും അവസരം തന്നില്ല.ഞാന്‍ നാട്ടില്‍ വന്ന ആദ്യ ദിവസം തന്നെ അവള്‍ എന്‍റെ ജീവിതത്തിലേക്ക് കയറി വന്നു.അവളെ എനിക്കൊരുപാട് ഇഷ്ട്ടമായി.അല്ലെങ്കില്‍ തന്നെ വര്‍ഷങ്ങളോളം കാത്തിരുന്ന എനിക്ക് അവളെ ഇഷ്ട്ടപ്പെടാതിരിക്കാന്‍ ആവില്ലായിരുന്നു.അവള്‍ വന്നു,ആദ്യം എന്നെ കുറെ പേടിപ്പിച്ചു,പിന്നെ പതുക്കെ പതുക്കെ അനുഭൂതിയുടെ പേരറിയാത്ത ഏതോ മായാലോകത്തേക്ക് എന്നെ കൂട്ടി കൊണ്ട് പോയി.അന്ന് രാത്രി ഞാന്‍ ഉറങ്ങിയില്ല.എനിക്ക് ഉറങ്ങാന്‍ കഴിയുമായിരുന്നില്ല....!

ആരോ എന്നോ എടുത്തതാ.എന്‍റെ മൊബൈലില്‍ ഉള്ള ഫോട്ടോസ് രണ്ടു എംബി ഒക്കെ ഉണ്ട് .അപ്‌ലോഡ്‌ ആവുന്നില്ല


     അപ്പൊ കാര്യത്തിലേക്ക് വരാം.പതിവ് പോലെ അന്നും നാട്ടിലുള്ളവരെ സംബന്ധിച്ച് ഒരു ചൂടുള്ള ദിവസം ആയിരുന്നു.ഞാന്‍ രാവിലെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ ഏകദേശം രാവിലെ എട്ടു മണി കഴിഞ്ഞിരുന്നു.കുറെ നേരത്തെ ക്യൂവിനും ചെക്കിങ്ങിനും ശേഷം പുറത്തു കടക്കാന്‍ ഒരുങ്ങുമ്പോഴാണ് അനൌസ്മെന്റ്റ് മുഴങ്ങുന്നത്.'ദുബായില്‍ നിന്നും വന്ന എമിറേറ്റ്സ് ടി കെ 560 ഇല്‍ വന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌,ലഗേജുകള്‍ കയറ്റുന്ന ലിഫ്ടിനുസംഭവിച്ച ചില തകരാറുകള്‍ കാരണം നിങ്ങളുടെ ലഗേജുകള്‍ കുറച്ചു താമസിക്കുന്നതായിരിക്കും'.പാവം യാത്രക്കാര്‍,എല്ലാം കഴിഞ്ഞു ഇനി നേരെ പോകുക,ബാഗുകളും മറ്റും എടുക്കുക,തങ്ങളെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരുടെ അടുത്തേക്ക് ഓടിചെല്ലുക,ഉപ്പയും ഉമ്മയും ആണെങ്കില്‍ കെട്ടിപ്പിടിക്കുക,മക്കള്‍ ആണെങ്കില്‍ വാരിയെടുത്ത് ഉമ്മകള്‍ കൊണ്ട് മൂടുക.ഭാര്യ ആണെങ്കില്‍ അടുത്ത് ചെന്ന് വേറെ എങ്ങോട്ടോ നോക്കി 'എന്താടീ നീ പറ്റെ ക്ഷീണിച്ചു പോയല്ലോ' എന്ന് ആരും കേള്‍ക്കാതെ പറയണം{ഇത് ദുബായില്‍ ഉള്ള കല്യാണം കഴിച്ച എന്‍റെ ഒരു ഫ്രെണ്ട് പറഞ്ഞതാ.അല്ലാതെ എനിക്കെങ്ങനെ അറിയാം.അല്ല പിന്നെ..!} എന്നൊക്കെ കൊതിച്ചു നില്‍ക്കുന്ന പാവം പ്രവാസികള്‍ .അവരെ വീണ്ടും മണിക്കൂറുകളോളം പുറത്തു പോകാന്‍ സമ്മതിക്കാതെ കാത്തു നിര്‍ത്തിക്കുന്നത് സങ്കടം തന്നെ.....!

   ചുമലില്‍ തൂക്കിയിട്ട ലാപ്ടോപു ബാഗും കയ്യില്‍ ഉള്ള ഡ്രസ്സ്‌ ഇട്ട ചെറിയ ഹാന്‍ഡ്‌ ബാഗും മാത്രമുള്ള ഞാന്‍ അവരെ ഒക്കെ പുച്ഛത്തില്‍ ഒന്ന് നോക്കിയിട്ട് വെട്ടിത്തിരിഞ്ഞ്{ചുമ്മാ}പുറത്തേക്കു നടന്നു.പലരും എന്നെ അത്ഭുതത്തോടെ നോക്കുന്നത് കണ്ടു."ഇവനെന്തു പ്രവാസി" എന്ന നോട്ടത്തോടെ.അത് കണ്ടിട്ടോ മറ്റോ വെള്ള യൂണിഫോം ഇട്ട ഒരു ഉദ്യോഗസ്ഥന്‍ {കസ്റ്റംസ്‌ ആണ് എന്നാണു തോന്നുന്നത്} അടുത്ത് വന്നു ചിരിച്ചു കൊണ്ട് 'എന്താ കയ്യില്‍ ഒന്നുമില്ലേ' എന്ന് ചോദിച്ചു.തിരിച്ചു ചിരിച്ചു കൊണ്ട് ഞാന്‍ "വീട്ടുകാര്‍ക്ക് ഒന്നും വേണ്ട എന്നാണു പറഞ്ഞത്" എന്നും പറഞ്ഞു.അയാള്‍ അയാളുടെ അടുത്ത് കിടന്ന ഒരു അറബിയ്യ{പെട്ടി വെച്ച് ഉന്തുന്ന ഉന്തുവണ്ടി}കാണിച്ചു തന്നു.അയാള്‍ പറഞ്ഞതല്ലേ എന്ന് കരുതി ലാപും ഹാന്‍ഡ്‌ ബാഗും അതില്‍ വെച്ച് തിരിഞ്ഞപ്പോള്‍ അയാള്‍ പുറത്തേക്കു പോകാനുള്ള വഴിയും കാണിച്ചു തന്നു.അയാള്‍ക്ക്‌ ഒരു താങ്ക്സും കൊടുത്തു ഗേറ്റിലേക്ക് നടന്നു .അവിടെ എത്തി അവസാന ചെക്കിങ്ങും കഴിഞ്ഞു നേരെ പുറം ലോകത്തേക്ക്.ഉറ്റവരെയും ഉടയവരെയും കാത്തിരിക്കുന്ന ഒരു പാട് മുഖങ്ങള്‍ .ചെറിയ കുട്ടികള്‍ , പ്രായമായ ഉപ്പമാരും ഉമ്മമാരും,പെണ്ണുങ്ങള്‍ ഉണ്ടായിരുന്നോ ആവോ{ഞാന്‍ നോക്കിയില്ല..}അവരുടെ മുന്നിലൂടെ ആരും കാത്തു നില്‍ക്കാനില്ലാത്ത,കയ്യില്‍ ഒരു പെട്ടിയും ഇല്ലാതെ ഞാന്‍ അലസമായി ലോകം മുഴുവന്‍ കീഴടക്കിയ ഒരു രാജാവിന്‍റെ മുഖ ഭാവത്തോടെ,അവിടെ കൂടി നില്‍ക്കുന്നവര്‍ ഒക്കെ എന്നെ കാണാന്‍ നില്‍ക്കുകയാണ് എന്ന് മനസ്സില്‍ സങ്കല്‍പ്പിച്ചു കൊണ്ട് മുന്നോട്ടു നടന്നു.ചില തരുണീമണികളുടെ നോട്ടം എന്‍റെ മേലെയാണ് എന്ന് അറിഞ്ഞിട്ടും ഞാന്‍ മൈന്‍ഡ് ചെയ്യാന്‍ പോയില്ല.അല്ലെങ്കിലും അതെനിക്ക് പുത്തരിയല്ലല്ലോ,ഗ്ലാമര്‍ ഒരു ശാപമാണല്ലോ പണ്ടേ എനിക്ക് {ഉവ്വ ഉവ്വ..!}...!

   പുറത്തിറങ്ങിയപ്പോള്‍ പൈസ ചെയ്ഞ്ചാക്കാന്‍ ഉണ്ടോ ,വണ്ടി വേണോ എന്നും ചോദിച്ചു കുറെ പേര്‍ വന്നു.ജ്യെഷ്ട്ടന്റെ കീശയും കണ്ടു നാട്ടില്‍ വന്നവന്റെ ഓട്ട കീശയില്‍ എന്തുണ്ട്..???.അവസാനം'ദയനീയ' രാഗത്തില്‍ ചിരിച്ചു കൊണ്ട് 'എല്ലാം അവിടെ നിന്ന് മാറ്റി'യിട്ടാ വരുന്നത് എന്ന് ഒരു അലക്ക് അങ്ങ് അലക്കി.അവര്‍ എല്ലാവരും ഫ്ലാറ്റ്.അല്ല അടുത്ത ആളുടെ അടുത്തേക്ക് പോയി.കൂട്ടത്തില്‍ കുറച്ചു പ്രായം തോന്നിച്ച കാക്കി ഇട്ട ഒരാളോട് 'എന്നാ പോവല്ലേ' എന്ന് ചോദിച്ചു.അങ്ങിനെ നിര്‍ത്തിയിട്ട വെള്ള അംബാസഡര്‍ കാറിന്‍റെ ഡിക്കി മൂപ്പര്‍ തുറന്നു തന്നു.അതില്‍ ഹാന്‍ഡ്‌ ബാഗ്‌ വെച്ച് ലാപ്‌ ടോപ്‌ തോളിലും ഇട്ടു സാധാരണ സൌദിയിലും ദുബായിലും ഒക്കെ പരിചയിച്ച പോലെ മുമ്പിലെ ഡോര്‍ തുറന്നു കയറാന്‍ പോയി.പെട്ടെന്നാണ് ആ കാഴ്ച കണ്ടത്...!.ഞാന്‍ ഇരിക്കാന്‍ പോയ സീറ്റിനു മുന്നില്‍ സ്റെയരിംഗ്.ഒരു നിമിഷം കൊണ്ട് എനിക്ക് അബദ്ധം മനസ്സിലായി.പെട്ടെന്ന് ഞാന്‍ ചുമലില്‍ ഇട്ട ലാപ്ടോപ് ബാഗ്‌ വണ്ടിയുടെ ബോണറ്റില്‍ വെച്ച് അതില്‍ എന്തോ തിരയുന്ന പോലെ കയ്യിട്ടു.എന്നിട്ട് ഒന്നും സംഭവിക്കാത്ത പോലെ എയര്‍പോര്‍ട്ടിന്റെ ബോര്‍ഡ്‌ വായിക്കുന്ന പോലെ മുകളില്‍ ഒക്കെ നോക്കി മെല്ലെ മറുവശത്തേക്കു നടന്നു.ആരെങ്കിലും ശ്രദ്ധിച്ചോ എന്നറിയാന്‍ വേണ്ടി മെല്ലെ നോക്കിയപ്പോള്‍ നേരത്തെ കാഷ്‌ ചെയ്ഞ്ച് ചെയ്യാന്‍ വന്ന ഒരുത്തനും ഡ്രൈവറും കൂടി പരസ്പ്പരം നോക്കി ചിരിക്കുന്നു.അവര്‍ എന്നെ 'ആക്കി'യാതാണോ അതോ വേറെ എന്തെങ്കിലും കാര്യത്തിനു ചിരിച്ചതാണോ .......ങാ ,അള്ളാക്കറിയാം....!

                                                     
                                                                                                                 {നാട്ടു വിശേഷങ്ങള്‍ തുടരും }

{പിന്നെ ഒരു കാര്യം പറയാന്‍ വിട്ടു .മുകളില്‍ പറഞ്ഞ 'അവള്‍ ' ഞാന്‍ മഴയെ ആണ് ഉദ്ദേശിച്ചത്.അല്ലാതെ പെണ്ണ് അല്ല.ആരും തെറ്റിദ്ധരിക്കരുത്..ഞാന്‍ പെണ്ണ് കെട്ടിയില്ല...}

Tuesday, 19 April 2011

അയാള്‍ വിട പറയുകയാണ്‌ ..!!!

  

          അങ്ങിനെ വീണ്ടും ഒരു നാട്ടില്‍ പോക്ക് .കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ സംഭവിച്ച കുറെ പൊട്ടത്തരങ്ങള്‍ വായിച്ച പലര്‍ക്കും ഇതൊരു ഞെട്ടല്‍ സമ്മാനിക്കും {ഉവ്വ ഉവ്വ }എന്നറിയാമെങ്കിലും വേറെ വഴി ഇല്ലാത്തത് കൊണ്ടും ഉമ്മാനെ ആദ്യമായാണ്  ഇത്ര കാലം പിരിഞ്ഞു നില്‍ക്കുന്നത് എന്നത് കൊണ്ടും രണ്ടും കല്‍പ്പിച്ചു അങ്ങ് നാട്ടില്‍ പോകാന്‍ തീരുമാനിച്ചു.ഇനിയിപ്പോ എന്തൊക്കെ സംഭവിക്കുമോ ആവോ .........!

         ഇന്നലെ വരെ ചായ കുടിക്കാന്‍ മറ്റുള്ളവരോട് കടം വാങ്ങിയ{സാലറി കിട്ടിയാല്‍ തിരിച്ചു കൊടുക്കും.സത്യം..!} ഒരുത്തന്‍ പെട്ടെന്ന് രണ്ടു മാസത്തേക്ക് നാട്ടില്‍ പോകണം എന്നാ ആഗ്രഹം പറയുന്നത് കേട്ട് കൂടെയുള്ളവര്‍ ഞെട്ടി എങ്കിലും ഇവന്‍റെ ജ്യെഷ്ട്ടന്‍ അങ്ങ് സൌദിയില്‍ ഉണ്ടല്ലോ ഞങ്ങള്‍ക്ക് അത്ര ഭാരം വരില്ല എന്ന സമാധാനത്തില്‍ എല്ലാവരും കൂടി കെ എഫ് സിക്ക് ഓര്‍ഡര്‍ ചെയ്തു.കെച്ചപ്പും പെപ്സിയും കൂട്ടി രണ്ടു മൂന്നു കോഴിക്കഷണങ്ങള്‍ തിന്നു കൊണ്ട് നാട്ടില്‍ പോകാനുള്ള സമ്മതവും തന്നു..!

          അപ്പൊ എന്‍റെ എല്ലാ സ്നേഹിതന്മാര്‍ക്കും എന്നെ ഇത്ര കാലവും സപ്പോര്‍ട്ട് ചെയ്ത എന്‍റെ എല്ലാ ബ്ലോഗ്‌ സുഹൃത്തുക്കള്‍ക്കും എന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ വരുന്നുണ്ടോ വരുന്നുണ്ടോ എന്ന് നോക്കിയിരിക്കുന്ന{ചെറുവാടി :നീ ആരെടാ ബെര്‍ലി തോമസോ,അതോ ഞാനോ ..? ഉത്തരം; ഉവ്വ ഉവ്വ}എല്ലാവര്‍ക്കും ഒരു നാട്ടില്‍ പോക്ക് ആശംസകള്‍ നേരുന്നു..നാട്ടില്‍ പോയി നെറ്റ് എടുക്കാന്‍ മാത്രം കാശ് ജ്യേഷ്ഠന്‍ അയക്കുമോ എന്നറിയാത്തതിനാലും നെറ്റിനെ കുറിച്ചും മറ്റും വല്യ ഐഡിയ ഒന്നും ഇല്ലാത്തതിനാലും{നാട്ടിലെ ഒന്നിനെ കുറിച്ചും വല്യ ഐഡിയ ഒന്നും ഇല്ല എന്നത് വേറെ കാര്യം ...!}ഇനി എന്നെ കുറച്ചു കാലത്തേക്ക് ചിലപ്പോ ഓണ്‍ലൈന്‍ കാണില്ല .......!

     ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ നിന്ന് എലിമിനേറ്റു ആയി പോകുന്ന മത്സരാര്‍ഥികള്‍ പറയുന്ന പോലെ 'മലയാളം എഴുതാന്‍ പോലും അറിയാത്ത ഞാന്‍ അമ്പതോളം പോസ്റ്റുകള്‍ എഴുതി എന്നത് എനിക്ക് തന്നെ വിശ്വസിക്കാന്‍ കഴിയുന്നില്ല.ഇന്നലെ വെറുതെ നോക്കിയപ്പോഴാണ് ആ നടുക്കുന്ന സത്യം ഞാന്‍ അറിഞ്ഞത് ..ഇതെന്‍റെ അമ്പത്തിരണ്ടാം ബ്ലോഗ്‌ പോസ്റ്റ്‌ ആണ് എന്നത് .....!നിങ്ങളുടെ ഒക്കെ പ്രാര്‍ഥനയും സപ്പോര്‍ട്ടും കൊണ്ടാണ് ഞാന്‍ ഇവിടെ എത്തിയത്.ഇനിയും നിങ്ങളുടെ പ്രാര്‍ഥനയും സപ്പോര്‍ട്ടും എനിക്ക് വേണം ..അത് കരുതി ആരും എനിക്ക് എസ് എം എസ് അയക്കണ്ട, പകരം എല്ലാവരും പൈസ അയച്ചാല്‍ മതി ......!

      
അപ്പൊ ബാക്കിയെല്ലാം നാട്ടില്‍ ചെന്നിട്ട് ..മ അസ്സലാമ ......എല്ലാവരും പ്രാര്‍ത്ഥിക്കണം ...........!
...