Thursday, 24 November 2011

അംഗനവാടി വാര്‍ഷികം തുടരുന്നു ..      അങ്ങിനെ അതി ഗംഭീരമായ പന്തലും സ്റ്റേജും ഒക്കെ റെഡിയായി ..അത് വരെ ചിത്രത്തില്‍ ഇല്ലായിരുന്ന ഞാന്‍ ആണ് ഇപ്പോള്‍ അവിടെ മൊത്തം നോക്കുന്നത്.ബുദ്ധിയും പക്വതയും വെച്ച് നോക്കുകയാണ് എങ്കില്‍ നഴ്സറി കുട്ടികളുടെ കൂടെ പാട്ടിനും ഡാന്‍സിനും പേര് കൊടുക്കേണ്ട ഇനം ആണെങ്കിലും കൂട്ടത്തില്‍ ഇത്തിരി തടിയും വണ്ണവും പിന്നെ താടിയും ഉള്ളത് എനിക്ക് മാത്രമായത് കൊണ്ട് ഞാന്‍ ആയി കാരണവര്‍ ..ഓരോരുത്തര്‍ വന്നു അത് അങ്ങിനെ അല്ലേ ,ഇത് ഇവിടെ വെച്ചാല്‍ മതിയോ എന്നൊക്കെ ചോദിച്ചു എന്നെ ആകാശത്തോളം പൊക്കി വെക്കുകയും ചെയ്തു.അങ്ങിനെ പയ്യന്മാര്‍ക്ക് ഇതൊക്കെ ചെയ്തു നല്ല പരിചയം ഉള്ളത് കൊണ്ട് കാര്യങ്ങള്‍ ഒക്കെ ഏകദേശം ശരിയായി.കുറച്ചു കഴിഞ്ഞപ്പോള്‍ അതാ വരുന്നു അംഗനവാടി ടീച്ചറും അരി വെക്കുന്ന ടീച്ചറും കൂടി.പരിപാടി ഒന്ന് സെറ്റ്‌ ചെയ്യണമത്രെ.അതായത് സ്വാഗതം ആര് പറയും,നന്ദി ആരു പ്രകടിപ്പിക്കും എന്നൊക്കെ.പയ്യന്മാരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ എന്നെ ചൂണ്ടി കാണിച്ചു.ഞാനാണല്ലോ ആപ്പീസര്‍ .ഉടനെ അവര് കടലാസും പെന്നും ആയി എന്‍റെ അടുത്ത്.കുടുങ്ങി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

    അവസാനം ആ ടീച്ചര്‍മാരേയും പിന്നെ മമ്മുണ്ണി ഹാജിയുടെ കൂടെ വന്ന ഒരു മാഷിനേയും പിന്നെ പ്രസിദ്ധ ബ്ലോഗര്‍ ഫൈസു മദീനയും മോളുടെ പരിപാടി കാണാന്‍ വന്ന ബാപ്പുട്ടിയെയും സ്വാഗതവും നന്ദിയും ഒക്കെ ഏല്‍പ്പിച്ചു.കൂട്ടത്തില്‍ ആ ടീച്ചറാണ് പറഞ്ഞത് സ്വാഗതം പറയാന്‍ വിളിക്കേണ്ടത് അംഗനവാടി വെല്‍ഫയര്‍ ഭാരവാഹികള്‍ എന്ന നിലക്കാണ് എന്ന് .അങ്ങനെ എന്നെ അംഗനവാടി വെല്‍ഫയര്‍ കമ്മിറ്റിയില്‍ എടുത്തു.പിന്നെ മമ്മുണ്ണി ഹാജി അധ്യക്ഷന്‍ ,ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് {പേര് ഓര്‍മയില്ല.ഒരു വനിതാ പ്രസിഡന്റ് ആയിരുന്നു } ഒക്കെ അങ്ങ് തീരുമാനിച്ചു.പിന്നെ കുട്ടികളുടെ പ്രകടനം വിലയിരുത്താനും മാര്‍ക്കിടാനും ഒക്കെ ജഡ്ജി വേണം എന്നായി.
    അവസാനം അതും എന്‍റെ തലയില്‍ തന്നെ.എന്നെ ജഡ്ജി ആക്കാന്‍ വേറെ ഒരു കാരണവും ഉണ്ടായിരുന്നു.കൂട്ടത്തില്‍ ഉള്ള എല്ലാവരുടെയും മക്കളോ അനിയന്മാരോ ഒക്കെ മത്സരത്തിനുണ്ട്.എനിക്ക് അങ്ങിനെ ഒരു പ്രശ്നവുമില്ല.കാരണം നാട്ടിലെ ഒറ്റ പിള്ളേരെയും {എന്‍റെ കുടുംബത്തിലെ തന്നെ }എനിക്കറിയില്ല.നമ്മള്‍ അങ്ങ് മദീനയില്‍ അല്ലിയോ.പോരാത്തതിന് ഈ പരിപാടിക്ക് ജഡ്ജ് ചെയ്യാന്‍ ഇവനൊക്കെ മതി എന്ന ആക്കലും...അങ്ങിനെ ഏകദേശം എല്ലാ പരിപാടികളും നല്ല ഉഷാറായി തന്നെ നടന്നു.ഇടക്ക് വലിച്ചു കെട്ടിയ പന്തല്‍ കയര്‍ ഒന്ന് പൊട്ടി എങ്കിലും വേറെ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല.

ഇനി ചിത്രങ്ങള്‍ സംസാരിക്കട്ടെ ..തിരക്കിനിടയില്‍ മൊബൈലില്‍ എടുത്തത്‌..


ആദ്യം വന്നു മുന്‍ സീറ്റില്‍ സ്ഥാനം പിടിച്ച കാണികള്‍.പിന്നില്‍ സ്വാഗതം ആര് പറയും നന്ദി ആര് പറയും എന്ന കൂലങ്കുഷിതമായ{ഇങ്ങനെ ഒരു വാക്ക് മലയാളത്തില്‍ ഉള്ളതായി ആര്‍ക്കെങ്കിലും അറിയുമോ }ചര്‍ച്ച...
മമ്മുണ്ണി ഹാജി സ്റ്റേജില്‍ ..പരിപാടി തുടങ്ങാം ല്ലേ ..കുട്ടികള്‍ "നല്ല വാക്ക് ചൊല്ലുവാനും നല്ല വാക്ക് ചൊല്ലി കേള്‍ക്കുവാനും വരം തരണേ ..വരം തരണേ ..നമസ്തേ " {ഇങ്ങനെ ആണ് എന്നാണു ഓര്മ }..എന്നുള്ള ഭക്തി ഗാനം ആലപിച്ചു..
അധ്യക്ഷപ്രസംഗം.
ഇത്  കഴിഞ്ഞു പഞ്ചായത്ത് പ്രസിഡടിന്റെ ഉല്‍ഘാടനവും പിന്നെ ഒമാനൂരിലെ ഏക ബ്ലോഗറും സുന്ദരനും സുമുഖനും ആയ "അദ്ദേഹത്തിന്റെ" സ്വാഗത പ്രസംഗം ആയിരുന്നു.ചിലരുടെ "കളിയാക്കല്‍ " ഭീഷണി ഉള്ളത് കൊണ്ട് ചിത്രം കൊടുക്കാന്‍ നിര്‍വാഹമില്ല.

പരിപാടി ഷൂട്ട്‌ ചെയ്യാന്‍ എത്തിയ "ബിബിസി" ലേഖകന്‍ 
ചുമ്മാ അവിടെ നോക്കി നിന്നിരുന്ന ബാപ്പുട്ടിനെ പിടിച്ചു സ്വാഗതം പറയാന്‍ ഏല്‍പ്പിച്ചപ്പോള്‍ വാക്കുകള്‍ കിട്ടാത്തത് കൊണ്ട് തുണിയും മൈക്കും മുറുക്കി പിടിക്കുന്നു.അവസാനം പറഞ്ഞ ജയ് ഹിന്ദ്‌ മാത്രം കലക്കി .....
പിന്നില്‍ നില്‍ക്കുന്ന സ്ത്രീകളെ ആരും നോക്കരുത്.മുന്നില്‍ ഇരുന്നു ചിരിക്കുന്ന കുട്ടികളെ മാത്രം ശ്രദ്ധിക്കുക .!
കൊച്ചു മിടുക്കന്മാരും മിടുക്കികളും
ഇല്ല കുട്ടികളെ ..പേടിക്കേണ്ടാ പന്തല് പൊളിയൂലാ.ഇത് സൗദി സ്റ്റൈലാ ..
മോള് പേടിക്കേണ്ടാ ..പഞ്ചായത്ത് പ്രസിഡന്‍റ് പിന്നില്‍ ഉണ്ട്..{ഞങ്ങളുടെ പഞ്ചായത്ത് പ്രസിഡന്റ് ആണ് പിന്നില്‍ സാരി ഉടുത്തു നില്‍ക്കുന്നതത്രേ..}
 
ജഡ്ജിയായ പ്രസിദ്ധ ബ്ലോഗര്‍ ഫൈസു മദീന ഒന്നാം സ്ഥാനം കൊടുത്ത ടീം

തങ്ങളുടെ ഊഴം കാത്തു ബാപ്പുട്ടിയുടെ കൂടെ വരമ്പത്ത് നില്‍ക്കുന്ന മത്സരാര്‍ത്ഥികള്‍ ....അങ്ങിനെ വലിയ കുഴപ്പമില്ലാതെ പരിപാടികള്‍ നടന്നു..സമ്മാന വിതരണവും മറ്റു പല കാര്യങ്ങളും നടക്കുമ്പോള്‍ ഞാന്‍ സ്റ്റേജില്‍ ആയിരുന്നതിനാല്‍ ചിത്രങ്ങള്‍ ഇല്ല.പിന്നെ എല്ലാവരെയും പിരിച്ചു വിട്ടു വൈകുന്നേരം കെട്ടിയ പന്തല്‍ പൊളിച്ചു.അതിന്നിടയില്‍ ചിലര്‍ ആളാവാന്‍ നോക്കുന്ന ദയനീയ ചിത്രങ്ങള്‍ ആണ് അടിയില്‍ ..

അഹങ്കാരം അല്ലാണ്ടെ ന്താ തിനൊക്കെ പറയാ ....
വാല്‍ക്കഷ്ണം : പരിപാടി കാണാന്‍ വന്ന ഏതോ ഒരു താത്ത ഉമ്മാനോട് പറഞ്ഞുവത്രെ .ഒരു ഹാഫിസ്‌ ആയ ഫൈസു അവിടെ പാട്ടിനും കൂത്തിനും ഒക്കെ ഉണ്ടായിരുന്നു എന്ന്.പോരാത്തതിന് ആ ടീച്ചര്‍മാരോട് ഒക്കെ വര്‍ത്താനം പറഞ്ഞു നടക്കുന്നു എന്ന്.പിന്നെ ബാപ്പയുടെ ചെവിയില്‍ എത്താന്‍ അധികം വൈകിയില്ല..
"കണ്ട പെണ്ണുങ്ങളുടെ കൂടെ കൂത്താടാനാടാ അന്നെ ഞാന്‍ മദീനത്ത്ന്ന് ഖുര്‍ആന്‍ പഠിപ്പിച്ചത് ,അതെങ്ങിനേ പട്ടിന്‍റെ വാല് പന്തീരായിരം കൊല്ലം ..........."
അല്ലെങ്കിലും പണ്ടേ ഉപ്പാക്കറിയില്ലല്ലോ ഞാന്‍ ഒരു സാധാരണക്കാരന്‍ ആണ് എന്ന് ..Monday, 21 November 2011

ചുമ്മാ നോക്കി നില്‍ക്കാതെ വലിച്ചു കെട്ടെടാ ...!


കഴിഞ്ഞ പോസ്റ്റിന്‍റെ ബാക്കി .
    അങ്ങിനെ ക്യൂ നിന്ന് എന്‍റെ ഊഴം വന്നപ്പോള്‍ കാസറ്റും{കാസര്ട്ടു ,മണ്ണെണ്ണ}വാങ്ങി വീട്ടില്‍ പോയി സുഖമായി കിടന്നുറങ്ങി...! {തെറി പറയരുത്.}

    
    ഇനി അടുത്ത കഥ ആരംഭിക്കാന്‍ പോവുകയാണ്.അതായത് ചുമ്മാ ഇരുന്ന ഒരുത്തന്‍ കേറി അംഗനവാടി വെല്‍ഫയര്‍ കമ്മിറ്റി{അതെന്താ സാധനം എന്ന് അദ്ധേഹത്തിനു ഇപ്പോഴും അറിയില്ല}യുടെ രക്ഷാധികാരി ആയ കഥ.അപ്പൊ തുടങ്ങാം ല്ലേ.

    ന്നും പതിവ് പോലെ ഒരു സാധാരണ ദിവസം ആയിരുന്നു.സുബഹി നിസ്ക്കാരം കഴിഞ്ഞു ഉപ്പ പോയി എന്നുറപ്പ് വരുത്തിയതിനു ശേഷം നേരെ പുതപ്പിനടിയില്‍ കയറുകയും കുറച്ചു കഴിഞ്ഞു ഉമ്മ ഉണ്ടാക്കുന്ന ദോശയുടെ മണം മൂക്കിലടിച്ചപ്പോള്‍ പതുക്കെ എണീല്‍ക്കുകയും ചെയ്തു.ബ്രഷും പേസ്റ്റും എടുത്തു നേരെ കുളത്തില്‍ പോയി തൊള്ളയും മോറും{ചില സ്ഥലങ്ങളില്‍ ഇതിനു വായയും മുഖവും എന്നും പറയും}കഴുകി നേരെ അടുക്കളയിലേക്കു നടന്നു.സ്ഥിരം കസ്റ്റമര്‍ ആയത് കൊണ്ട് ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യേണ്ടി വന്നില്ല.മുമ്പ്‌ വല്യുപ്പ ചായ കുടിച്ചിരുന്ന വലിയ കുത്തിഞ്ഞാണം{ഇതിനു ഇനി മലയാളത്തില്‍ എന്താണാവോ പറയുക.ഏതായാലും മൂന്നു ഗ്ലാസില്‍ കൊള്ളുന്ന ചായ അതില്‍ കൊള്ളും}നിറയെ ചായയും ഉമ്മാക്ക് രണ്ടെണ്ണം എടുത്തു വെച്ച്{അതും അവസാനം ഇങ്ങു പോരും} ബാക്കി ദോശയും തലേന്നത്തെ മീന്‍ കറി ചൂടാക്കിയതും മുമ്പില്‍ വന്നു.


   ങ്ങിനെ രാവിലെ തന്നെ ചെറുപ്പത്തില്‍ ദോശയും പുട്ടും ഒന്നും കിട്ടാത്തതിന്റെ ദേഷ്യം മുഴുവന്‍ ആ പാവം ദോശയോടു തീര്‍ത്തിട്ട് നേരെ പുറത്തിറങ്ങി.പിന്നെ സാധാരണ പോലെ നേരെ തറവാട്ടില്‍ പോയി ഞങ്ങളുടെ നാട്ടിലെ ആകെയുള്ള രണ്ടു സഖാക്കളില്‍ ഒരാളായ വല്യുപ്പ വരുത്തിയിരുന്ന ദേശാഭിമാനിയും, പിന്നെ ദേശാഭിമാനിയും വല്യുപ്പ മുറുക്കി തുപ്പുന്ന കൊളാംബിയും ഒരേ മനസ്സോടെ കാണുന്ന കടുത്ത ലീഗുകാരന്‍ ചെറിയ എളാപ്പ വരുത്തുന്ന ചന്ദ്രികയും ആദ്യം സ്പോര്‍ട്സ്‌  പേജു തൊട്ടു അവസാനം ഫസ്റ്റ് പേജു{എന്‍റെ പത്ര വായന അങ്ങിനെ ആണ്.ആദ്യം കായികം}വരെ വായിച്ചു തീര്‍ത്തു.അവിടെ നിന്ന് എളാമ്മ തന്ന കട്ടന്‍ ചായയും കുടിച്ചു റോഡിനു മറുവശത്തുള്ള രണ്ടാമത്തെ എളാപ്പയുടെ വീട്ടിലേക്കു.കുറച്ചു പുരോഗമന ചിന്താഗതി ഉണ്ട് എന്നുള്ള അഹങ്കാരം കൊണ്ട് അവിടെ മലയാള മനോരമയേ വരുത്തൂ.അതും ഖത്തം തീര്‍ത്തു കൊണ്ട് അങ്ങാടിയിലെ ക്ലബ്ബിലേക്ക്.അവിടെ മലയാള പത്രങ്ങളുടെ കൂട്ടത്തില്‍ സ്പോര്‍ട്സ്‌ പേജു കുറച്ചു വിശാലമായി ഉള്ള മാതൃഭുമി,സിറാജ് തുടങ്ങിയവയും ഉണ്ടാവും.


    ങ്ങിനെ രാവിലെ എട്ടു മണി ആയെപ്പോഴേക്കും പത്ര വായന ഒക്കെ കഴിഞ്ഞു ഇനിയെന്ത് എന്ന് കരുതി ഇരിക്കുമ്പോഴാണ് നാട്ടിലെ കുറച്ചു പിള്ളേര്‍ ഞാന്‍ ഇരിക്കുന്ന ക്ലബ്ബിന്‍റെ അടുത്തുള്ള പള്ളി കമ്മിറ്റിയുടെ കല്യാണസാധനങ്ങള്‍ വാടകക്ക് കൊടുക്കുന്ന കടയില്‍ നിന്നും കസേരയും പന്തല്‍ കെട്ടുന്ന സാധനങ്ങളും മറ്റും എടുത്തു കൊണ്ട് പോകുന്നു.ഞങ്ങളുടെ നാട്ടില്‍ ആണെങ്കില്‍ അന്ന് കല്യാണമോ മറ്റോ ഒന്നും ഇല്ല താനും.ഇനി ഞാന്‍ അറിയാത്ത വല്ല പരിപാടിയും.കൂട്ടത്തില്‍ ഒരുത്തനോടു ..
ഡാ ,എന്താടാ പരിപാടി ..?
നമ്മുടെ അംഗനവാടിയുടെ വാര്‍ഷികം ആണ് ഇന്ന് ..പാട്ടും പരിപാടിയും ഒക്കെയുണ്ട് ..
അല്ല  ,ആരൊക്കെ ഉണ്ട് ..
എല്ലാവരും  ഉണ്ട് ,അംഗന്‍വാടിയിലെ ടീച്ചര്‍മാരും ചെക്കന്മാരും ഒക്കെയുണ്ട് ..പഞ്ചായത്ത് പ്രസിഡന്റ്ടും മമ്മുണ്ണി ഹാജി{നാട്ടിലെ കാരണവര്‍ ,ലീഗ് നേതാവ് ,മൂപ്പര് ഉണ്ട് എന്ന് പറഞ്ഞാല്‍ എന്നെ പോലെയുള്ള മാന്യമ്മാര്‍ക്ക് ആ പരിപാടിയില്‍ പങ്കെടുക്കാം എന്നാണു വെപ്പ് } ഒക്കെ വരും ..
ആഹാ  ..എപ്പളാ പരിപാടി ..
പത്തു  മണിക്ക് തൊടങ്ങും ..നിങ്ങള്‍ പോരുന്നോ ..
എന്നാ ഒരു നാല് കസേര അല്ലെങ്കില്‍ വേണ്ട ഒരു സ്റ്റൂള്‍ ഇങ്ങെടുക്ക് ..ഞാനും ഉണ്ട്.
    ങ്ങിനെ ചുമ്മാ ഇരുന്ന ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണ പോലെ ചുമ്മാ വല്ല വയനാട്ടിലേക്കും പോകേണ്ടിയിരുന്ന എന്‍റെ മുന്നില്‍ അംഗന്‍വാടി വാര്‍ഷികം വന്നു വീഴുകയായിരുന്നു.പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.അവിടെ ചെന്നപ്പോള്‍ എല്ലാം ചീള് പിള്ളേര്‍ ..സ്റ്റേജ് കെട്ടാനും പന്തല്‍ കെട്ടാനും ഒക്കെ അവര്‍ തന്നെ.ഞാന്‍ ചെന്ന് എല്ലാം ഒന്ന് വീക്ഷിച്ചു.എല്ലാം ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന പിള്ളേര് തന്നാ.പോരാത്തതിന് അവരുടെ ഫുട്ബാള്‍ പൊട്ടിയപ്പോള്‍ പുതിയത് വാങ്ങാന്‍ വേണ്ടി ക്ലബ്ബില്‍ പിരിവിട്ടപ്പോള്‍ ആകെ കിട്ടിയ നൂറ്റി അമ്പതു കൊണ്ട് ബോള്‍ കിട്ടില്ല എന്നും കരുതി ഇരുന്ന അവര്‍ക്ക് നാന്നൂറ് കൊടുത്തു പുതിയ ബോള്‍ വാങ്ങി കൊടുത്തത് മറക്കാനായിട്ടുമില്ല . പിന്നെ നോക്കി നിന്നില്ല.എല്ലാം ഞാന്‍ സ്വയം അങ്ങ് ഏറ്റെടുത്തു..എടാ അതങ്ങനെ അല്ല.വലിച്ചു കെട്ട് ,അത് നല്ലവണ്ണം മുറുകിയിട്ടുണ്ടോ ,തുടങ്ങി എന്‍റെ സകല അറിവുകളും വിദ്യകളും ഞാന്‍ അവിടെ വാരി വിതറി.ജീവിതത്തില്‍ അത് വരെ സ്റ്റേജോ പന്തലോ കെട്ടി പരിചയം ഇല്ലാത്ത ഞാന്‍ ആഴ്ച്ചക്ക് രണ്ടും മൂന്നും കല്യാണത്തിന് പന്തല്‍ ഇടുന്ന പിള്ളേരെ പന്തല്‍ പണി പഠിപ്പിച്ചു.....!

അംഗന്‍വാടിയും സ്റ്റേജ് കെട്ടുന്ന പിള്ളേരും 
 
ഞാന്‍ നേതൃത്വം കൊടുത്ത ആദ്യ സ്റ്റേജ് പണി പുരോഗമിക്കുന്നു

മുറുക്കി കെട്ടെഡാ ...മൈക്ക്‌ ടെസ്റ്റ്‌ ചെയ്യാന്‍ ആകുമ്പോള്‍ വിളിക്ക് ,ഞാന്‍ ഇവിടെ ഒക്കെ കാണും 
താര്‍പ്പായി {ഈ കാണുന്ന സാധാനം}
എവിടെയാണാവോ ഇതിന്‍റെ തുടക്കം ..ബിച്ചിമാന്‍ സൂക്ഷ്മ നിരീക്ഷണത്തില്‍
ഇടയ്ക്കു ഇത്തിരി പ്രകൃതി ഭംഗി ആസ്വദിക്കാം 

ഇത് സ്ത്രീകള്‍ക്ക് നില്‍ക്കാനുള്ള സ്ഥലം ..


       അപ്പൊ എല്ലാം പറഞ്ഞ പോലെ ,ബാക്കി
                                                         തുടരും

Saturday, 12 November 2011

"കാസറ്റ് " ഉണ്ടോ കുറച്ചു എടുക്കാന്‍ ...!

      


           എനിക്ക് സത്യം പറഞ്ഞാല്‍ ഈ ബ്ലോഗ്‌ എന്ന് പറഞ്ഞാല്‍ ഇതൊക്കെ എഴുതാനാണ്.എന്തിനാണ് ഇതൊക്കെ എഴുതി ആള്‍ക്കാരെ കൊണ്ട് പറയിപ്പിക്കുന്നത് എന്ന് എനിക്ക് അറിയില്ല .പക്ഷെ ഇതൊക്കെ അല്ലെ ഒരു രസം.എനിക്ക് തന്നെ ആലോചിക്കുമ്പോള്‍ അത്ഭുതവും ചിലപ്പോള്‍ ചിരിയും വരുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ എഴുതാന്‍ ,എന്നിട്ട് അത് ആരെങ്കിലും വായിച്ചു ഡാ ഫൈസൂ ,ഇജ്ജ്‌ ആളു പുലിയാടാ " എന്ന് പറയുന്നതു കേള്‍ക്കുക ഇതൊക്കെ അല്ലെ ഒരു രസം ..!{ഞാനാരാ മോന്‍ }

    മുമ്പ്‌ എഴുതിയ കുറെ "തുടരും" ഉണ്ട് എങ്കിലും അതൊന്നും തുടരാന്‍ എനിക്ക് താല്‍പര്യമില്ല.ഒരു വിഷയം ഒരിക്കല്‍ പറഞ്ഞാല്‍ പിന്നെയും അത് എഴുതാന്‍ എനിക്ക് കഴിയില്ല.എന്നാല്‍ ഒരു വിഷയം എഴുതി പൂര്‍ത്തിയാക്കാനും ചിലപ്പോ കഴിയില്ല.ബൂലോക മടിയന്‍ .അപ്പൊ പുതിയ പുതിയ വിഷയങ്ങള്‍ എഴുതാം.മനസ്സില്‍ തോന്നുന്നത് അപ്പൊ അങ്ങ് എഴുതുക,പിന്നെ അങ്ങോട്ട്‌ തിരിഞ്ഞു നോക്കാതിരിക്കുക ഇതാണ് എന്‍റെ പോളിസി ....!

 
     ഇത് ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ കണ്ട ഒരു കാഴ്ച ആണ് .എന്‍റെ കല്യാണം തീരുമാനിച്ച ശേഷം അതിന്‍റെ ഒരുക്കങ്ങള്‍ക്കിടയില്‍ ഏതോ ഒരു താത്ത ഉമ്മാനോട് കല്യാണത്തിന് ചോറ് വെക്കുമ്പോള്‍ അതിലേക്കു ആവശ്യമായ സാധങ്ങള്‍ വിവരിച്ചു കൊടുത്തു.അതായത് ബിരിയാണി വെക്കാന്‍ വരുന്ന പണിക്കാര്‍ക്ക് വേണ്ട സാധനങ്ങള്‍ .കത്തിക്കാന്‍ വേണ്ടി ചെരട്ടയും വിറകും ഒക്കെ വേണം എന്ന് പറഞ്ഞപ്പോള്‍ അതൊക്കെ തറവാട്ടില്‍ പോയി ചാക്കില്‍ കെട്ടി കൊണ്ട് വരേണ്ട ചുമതല എന്‍റെ ചുമലില്‍ ആയി.അങ്ങിനെ അത് വരെ നാട്ടില്‍ ഹാഫിസ്‌ എന്നും പറഞ്ഞു സമയാസമയം വെള്ള തുണിയും എടുത്തു പള്ളിയില്‍ പോകുക,വൈകുന്നേരം ആയാല്‍ ആരും കാണാതെ മലയില്‍ പോയി ഫുട്ബാള്‍ കളിക്കുക തുടങ്ങിയ വല്യ വല്യ കാര്യങ്ങള്‍ ചെയ്തു ദീസന്റ്റ്‌ ആയി നടന്ന ഞാന്‍ ഒരു കള്ളി തുണിയും ടീഷര്‍ട്ടും ഉടുത്തു ചാക്കും തലയില്‍ വെച്ച് വെറും ഒരു ചുമട്ടുകാരനായി.അങ്ങിനെ ഒരു അഞ്ചാറ് തവണയായി തറവാട്ടിലെ സകല ചിരട്ടകളും വിറകുകളും പെറുക്കിയെടുത്തു എന്‍റെ വീട്ടില്‍ കൊണ്ടിട്ടു.ഓരോ പോക്കിനും വരവിനും ഇരുപതു രൂപയുടെ ഓരോ zeven up ബോട്ടിലും കൂടെ ഉണ്ടായിരുന്നു.സെവന്‍ അപ്പിന്റെ ബോട്ടിലുകളുടെ എണ്ണം കണ്ടു ഇടക്കെപ്പോഴോ പെങ്ങളുടെ വക ഒരു കമെന്റും .."ഇതിലും ഭേദം വല്ല പണിക്കാരെയും വിളിക്കുകയായിരുന്നു,അവര്‍ക്ക് പത്തോ അഞ്ഞൂറോ കൊടുത്താല്‍ മതിയായിരുന്നു".....!

    അങ്ങിനെ സംഭവ ബഹുലമായ വിറകു കൊണ്ട് വരല്‍ കര്‍മത്തിന് ശേഷം തളര്‍ന്നു അവശനായി ഇരിക്കുന്ന എന്നെ നോക്കി ഉള്ളിലേക്ക് പോയ ആ പഴയ താത്ത വീണ്ടും ഉമ്മയോട് പറഞ്ഞു ."എടീ ഈ ചെരട്ടെ ഒയിച്ചാന്‍ "കാസറ്റ് " ഇന്‍ഡോ  ഇബിടെ ?.{ഈ ചെരട്ടയില്‍ ഒഴിക്കാന്‍ കാസറ്റ്{മണ്ണെണ്ണ ആണെന്ന് തോന്നുന്നു } ഉണ്ടോ ഇവിടെ എന്നാണു ചോദ്യം }.

ഉമ്മ ;അള്ളാടീ ,ഇബിടെ കാസറ്റൊന്നും ഇല്ല...

താത്ത ;ഇന്നാ ഭേകം പോയി റേസന്‍ സാപ്പിന്നു മാങ്ങി ബെചോളി ,ഇന്നലെ കാസറ്റ് ബന്നീന്നു ആരോ പര്‍ഞ്ഞ് കേട്ട് ...ഇബിടെ റേസന്‍ കാര്‍ഡ് ഇല്ലേ ..

  ഉമ്മ ഉടന്‍ തന്നെ എവിടെയോ കിടന്ന ഒരു ബുക്കും കയ്യില്‍ ഒരു കന്നാസും ആയി എന്‍റെ അടുക്കല്‍ വന്നിട്ട് " ന്റെ കുട്ടി മണ്ടി പോയി ആ റേഷന്‍ പീട്യെന്നു കുറച്ചു കാസറ്റ് മാങ്ങി കുണ്ടോന്നാണി ..മണ്ടി ചെല്ല് ,തീര്‍ന്നു പോകും.!.കാസറ്റ് എന്താ എന്നറിയാത്ത,റേഷന്‍ ഷാപ്പില്‍ ഇത് വരെ പോകാത്ത,അതെവിടെ എന്നറിയാത്ത എന്നോടാണ് ഉമ്മ യാതൊരു ദയയും ഇല്ലാതെ ഈ കല്‍പ്പിക്കുന്നത് ..
ഞാന്‍  ; അല്ലമ്മാ ..എന്താ ഈ കാസറ്റ് ...?
ഉമ്മ ;അതൊന്നും ജ്ജി അറിയണ്ടാ ..ഇജ്ജി പോയി ആ റേഷന്‍ കടയില്‍ പറഞ്ഞാ മതി.പൈസയും കൊടുക്ക്‌ ,അവര് തരും ..
ഞാന്‍  ; അല്ല ഈ റേഷന്‍ പീട്യ എവിടെയാ ...?
ഉമ്മ  ;അതാ അങ്ങാടിയില്‍ പോയി ആരോടെങ്കിലും ചോദിച്ചാല്‍ മതി .ഓല് കാണിച്ചു തരും ...
ഞാന്‍  ;എനിക്കറിയില്ല ..ഞാന്‍ പോവൂലാ ..വേറെ ആരെയെങ്കിലും പറഞ്ഞയച്ചാ പോരെ .?
ഉമ്മ  ;ഇന്നാ ഞാന്‍ പോയി വാങ്ങി കൊണ്ട് വരാം ..അടുത്ത് നിന്ന പെങ്ങളോടു " ഡീ ന്‍റെ പര്‍ദ്ദ ഇങ്ങെടുത്താ ..ഞാന്‍ ആ റേഷന്‍ ഷാപ്പില്‍ പോയി കാസറ്റ് വാങ്ങി വരാം " ....!
ഞാന്‍  ;ഇന്നാ ഇങ്ങട്ട് തരി ..ഞാന്‍ തന്നെ പൊയ്ക്കോളാം ...

   അങ്ങിനെ കാസറ്റ് എന്താ ,റേഷന്‍ കട എവിടെയാ എന്നറിയാത്ത ഞാന്‍ കന്നാസും റേഷന്‍ കാര്‍ഡും വാങ്ങി അങ്ങാടിയിലേക്ക് നടന്നു.ഇതിപ്പോ ഓപണ്‍ ആയി ചോദിക്കാനും പറ്റില്ല.ആരെങ്കിലും കേട്ടാല്‍ കളിയാക്കും ,അത് കൊണ്ട് റേഷന്‍ കട എവിടെ എന്നന്യേഷിക്കാന്‍ പറ്റിയ ഒരാളെ തിരഞ്ഞു .അപ്പൊ അതാ വരുന്നു.ഒരു ചെറിയ കുട്ടി .തലയില്‍ ഒരു ചെറിയ ചാക്കുമുണ്ട് ,കയ്യില്‍ എന്‍റെ കയ്യില്‍ ഉള്ള പോലത്തെ റേഷന്‍ കാര്‍ഡും.മെല്ലെ അവന്‍റെ അടുത്ത് ചെന്നിട്ട് ..
അല്ല  ,ജ്ജി എവിടുന്ന് വര്യാ ..?
അവന്‍  ആദ്യംഅവന്‍റെ കയ്യിലുള്ള റേഷന്‍ കാര്‍ഡിലേക്കും പിന്നെ എന്നെയും നോക്കി ..
റേഷന്‍ പീട്യെന്നു..
അവിടെ കാസറ്റ് ഉണ്ടോ ..?
ഇണ്ട് ..!
അല്ല  ,സത്യത്തില്‍ ഈ റേഷന്‍ പീട്യ എവിടെയാ ..?
പയ്യന്‍ അന്തം വിട്ടു എന്നെ നോക്കി.അവന്‍റെ ജീവിതത്തില്‍ ആദ്യമായും അവസാനമായും ആയിരിക്കും ഒരുത്തന്‍ സ്വന്തം നാട്ടിലെ റേഷന്‍ കട അന്വേഷിക്കുന്നത് ..
അവന്‍ ചാക്ക് നിലത്ത് വെച്ച് കറക്റ്റ് സ്ഥലം പറഞ്ഞു തന്നു ..


അങ്ങിനെ ഞാന്‍ പയ്യന്‍ പറഞ്ഞ സ്ഥലത്തേക്ക് കന്നാസും കാര്‍ഡുമായി നടന്നു .അവിടെ എത്തിയപ്പോള്‍ എന്നെ പോലെ കുറെ പേര്‍ കാര്‍ഡും കന്നാസും കവറും ഒക്കെ ആയി ക്യൂ നില്‍ക്കുന്നു .ഞാനും പോയി ക്യൂ നിന്നു ..

                                                                                            തുടരും
ഇത് വായിക്കുന്നവരോട് ...ഈ കാസറ്റ് എന്ന് പറഞ്ഞാല്‍ മണ്ണെണ്ണ ആണോ ,എങ്കില്‍ അത് എന്തിനാ ഉപയോഗിക്കുന്നത് .?
.