Sunday, 29 May 2011

ആരും ചിരിക്കരുത് .ഒരു സത്യം പറയാം ..!       എല്ലാം വളരെ പെട്ടെന്നായിരുന്നു ...!
       ഉപ്പയും ഉമ്മയും കൂടി അങ്ങ് തീരുമാനിച്ചു ...!
       ഊരാന്‍ ഒരു ചാന്‍സും തരാതെ ഫുള്‍ ചെലവ് ഏറ്റെടുത്തു കൊണ്ട് ജ്യേഷ്ട്ടനും എന്നെ ചതിച്ചു ...!
       പാവം ഞാന്‍ എന്ത് ചെയ്യാന്‍ ..{അല്ലാതെ എനിക്ക് കല്യാണം കഴിക്കാന്‍..അയ്യേ.ഞാന്‍ ആ ടൈപ്പല്ല} ...!

      സംഭവം എന്തെന്ന് വെച്ചാല്‍ എന്‍റെ കല്യാണം നിശ്ചയിച്ചു പോലും {ചിരിക്കരുത് }.ഞാന്‍ പോലും രണ്ടു ദിവസം കഴിഞ്ഞാ അറിഞ്ഞത് .പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു .വീട്ടില്‍ ചെറിയ തോതില്‍ പെയിന്റിംഗ് , തേപ്പ് , തുടങ്ങിയ കലാപരിപാടികള്‍ കാരണം ലാപ്ടോപ് തൊടാന്‍ പോലും കഴിഞ്ഞില്ല .ഇപ്പോഴാണ് അതൊന്നു അവസാനിച്ചത് ..അത് കൊണ്ട് നിങ്ങളെ ആരെയും അറിയിക്കാന്‍ പറ്റിയില്ല ...അടുത്ത വ്യാഴാഴ്ചയാണ് {02-06-2011} കല്യാണം ..വരാന്‍ കഴിയുന്നവര്‍ നിര്‍ബന്ധമായും വരിക .വരാന്‍ കഴിയാത്തവര്‍ പ്രാര്‍ഥിക്കണം , അനുഗ്രഹിക്കണം ....!


കൂടുതല്‍  സമയം ഓണ്‍ലൈന്‍ ചെലവഴിക്കാന്‍ കഴിയില്ല .എന്‍റെ ലാപ്ടോപ്‌ തന്നെ ഇത്ര ദിവസവും ഉപ്പ കാണാതെ കൊണ്ട് നടക്കുകയായിരുന്നു .കണ്ടപ്പോള്‍ ജോലി ആവശ്യത്തിനാണ് എന്നൊക്കെ പറഞ്ഞു അട്ജെസ്റ്റ്‌ ചെയ്തു പോരുകയാണ് ..അത് കൊണ്ട് ഇനി ഞാന്‍ എപ്പോഴാണ് ഓണ്‍ലൈന്‍ വരിക എന്നറിയില്ല ..അത് കൊണ്ട് എല്ലാവരോടും ഒരിക്കല്‍ കൂടി എനിക്കും എന്‍റെ കുടുംബത്തിനും വേണ്ടി പ്രാര്‍ഥിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു ......എന്‍റെ നാട്ടിലെ മൊബൈല്‍ നമ്പര്‍    9746346034Monday, 16 May 2011

മാഹിയില്‍ ഞാന്‍ കണ്ട "കൂള്‍ബാറുകള്‍ "....!

 


             എന്‍ഡോസള്‍ഫാന്‍ ,ഒരു പക്ഷെ കാസര്‍ഗോഡ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് ഓര്മ വരുന്നത് അതായിരിക്കും.പത്ര മാധ്യമങ്ങളില്‍ നമ്മള്‍ കണ്ട കുറെ ചിത്രങ്ങള്‍ , ഫീച്ചറുകള്‍ ,എന്നിവയില്‍ കൂടി ഒക്കെ എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങള്‍ ആണ് എന്‍ഡോസള്‍ഫാനേയും അതിന്‍റെ ഇരകളെയും കുറിച്ച് .ആ വിഷയം കൂടുതല്‍ പറയുന്നില്ല.ഒരു സാധാരണക്കാരന് അറിയുന്ന അറിവുകളെ എനിക്കും ഉള്ളൂ .അതിന്‍റെ ശാസ്ത്രീയ വശങ്ങളെ കുറിച്ചും മറ്റുമൊന്നും പറയാന്‍ എനിക്കറിയില്ല.അങ്ങിനെ കേട്ട വായിച്ച അറിവുകളും ആയി എന്‍ഡോസള്‍ഫാന്‍ നിരോധിക്കണേ എന്നും പ്രാര്‍ത്ഥിച്ചു നടക്കുന്ന സമയത്താണ് നാട്ടില്‍ പോകുന്നതും ചക്കക്കുരു കറി കൂട്ടി ചോറ് തിന്നേണ്ടി വന്നതും മറ്റും ...!

          അങ്ങിനെ നാട്ടില്‍ വെറുതെ ഇരിക്കുന്ന സമയത്ത് വെറുതെ മൊബൈലില്‍ നെറ്റ് എടുത്തു ലാപ്പില്‍ 'ഘടിപ്പിച്ചു ' വെറുതെ ഫേസ്ബുക്കില്‍ ഒക്കെ കയറി നോക്കിയ സമയത്താണ് "നമ്മള്‍ ഫേസ്ബുക്ക് ഗ്രൂപ്പി"ല്‍ ശ്രീജിത്ത്‌ കൊണ്ടോട്ടി ഇട്ട ഒരു ബ്ലോഗ്‌ ലിങ്ക് കാണുന്നത് .'ബ്ലോഗര്‍മാര്‍ കാസര്‍കോട്ടേക്ക് ' എന്ന ബ്ലോഗ്‌ അക്കാദമിയുടെ പോസ്റ്റ്‌ ആയിരുന്നു അത്.അതില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ബ്ലോഗര്‍മാര്‍ക്ക് വിളിക്കാന്‍ നമ്പരും കൊടുത്തിരുന്നു.അത് വായിച്ചു ഫേസ്ബുക്കില്‍ തിരിച്ചു വന്നപ്പോള്‍ ശ്രീജിത്ത് ഓണ്‍ലൈന്‍ ഉണ്ടായിരുന്നു.വെറുതെ ശ്രീജിതിനോടു അക്കാര്യം സംസാരിക്കുകയും അദ്ദേഹം അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.അങ്ങിനെ ഞാന്‍ ആ ബ്ലോഗില്‍ പോയി കമെന്റ്റ്‌ ഇടുകയും ആ നമ്പരില്‍ വിളിക്കുകയും ചെയ്തു.വിളിച്ചു സംസാരിച്ചപ്പോള്‍ ആണ് അറിയുന്നത് അത് ചിത്രകാരന്‍ ആയിരുന്നു .അങ്ങിനെ മൂപ്പര്‍ക്ക് എന്നെ പരിചയപ്പെടുത്തി.ഞാനും വരുന്നു എന്ന് പറഞ്ഞു.അങ്ങിനെ അദ്ദേഹം പിന്നെയും ഒന്ന് രണ്ടു പ്രാവശ്യം വിളിക്കുകയും കാര്യങ്ങളും കണ്ടു മുട്ടേണ്ട സ്ഥലങ്ങളും മറ്റും ചര്‍ച്ച നടത്തുകയും ചെയ്തു.അങ്ങിനെ മെയ്‌ ഒന്നിന് കാസര്‍കോട്‌ കാണാം എന്ന് തീരുമാനമായി....!

         സംഭവം പോകുന്നത് ഒരു നല്ല കാര്യത്തിന് ആണ് എങ്കിലും വീട്ടില്‍ നിന്നും കാസര്‍കോട്‌ പോകാനുള്ള പെര്‍മിഷന്‍ ഒന്നും കിട്ടില്ല എന്നുറപ്പായിരുന്നത് കൊണ്ട് കണ്ണൂരില്‍ ഉള്ള ഒരു സുഹൃത്തിന്‍റെ ഗള്‍ഫില്‍ നിന്നും തന്ന സാധനം കൊണ്ട് കൊടുക്കാനുണ്ട് എന്നും പറഞ്ഞു വീട്ടില്‍ നിന്ന് തലേന്ന് തന്നെ മുങ്ങി.ചിത്രകാരന്‍ പറഞ്ഞതനുസരിച്ച് മെയ്‌ ഒന്നിന് പുലര്‍ച്ചെ കോഴിക്കോട് നിന്നും അവരെല്ലാവരും ഉള്ള ട്രെയിന്‍ ഉണ്ടാവും എന്നറിയാമായിരുന്നെങ്കിലും അവിടെ പോയി എങ്ങിനെ ടിക്കെറ്റ്‌ എടുക്കും എന്നോ ട്രെയിനിന്‍റെ പേരോ ഒന്നും അറിയാത്തത് കൊണ്ട് ആ സാഹസത്തിനു മുതിര്‍ന്നില്ല.നേരെ കോഴിക്കോട് പോയി കാസര്‍കോട്ടെക്ക് പോകുന്ന ബസില്‍ പോകാം എന്ന് കരുതി.അവിടെ എത്തിയപ്പോള്‍ ഏകദേശം വൈകുന്നേരം ആയിരുന്നു.അന്വേഷിച്ചപ്പോള്‍ കാസര്‍കോട്ടേക്ക് അടുത്തൊന്നും ബസ്‌ ഇല്ല എന്നറിഞ്ഞു .രാത്രി ആവുമത്രെ.പിന്നെ ഉള്ള മാര്‍ഗം കണ്ണൂരില്‍ പോയി അവിടെ നിന്ന് കാസര്‍ഗോഡ്‌ പോവുക എന്നതാണ്.കേരളത്തില്‍ എവിടെ പോയാലും അവിടെയും കൂടി കാണാം എന്ന് കരുതി നടക്കുന്നവന് എന്ത് ദൂരം എന്ത് കണ്ണൂര്‍ .കണ്ണൂര്‍ എങ്കില്‍ കണ്ണൂര്‍ .കണ്ണൂര്‍ എന്താ എങ്ങിനെ എന്നൊന്നും അറിയാത്തത് കൊണ്ട് കണ്ടകട്ടരോട് അവിടെ നിന്നും കാസര്‍ഗോഡ്‌ വണ്ടി കാണിച്ചു തരണട്ടോ എന്നും പറഞ്ഞു കണ്ണൂരിലേക്കുള്ള ബസ്സില്‍ കയറി.അങ്ങിനെ കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് ..........  തുടരും

         അല്ലെങ്കില്‍ ഇപ്പൊ തന്നെ തുടരാം.അങ്ങിനെ പരിചയമില്ലാത്ത വഴികളില്‍ കൂടിയും ആദ്യമായി കാണുന്ന സ്ഥലങ്ങളില്‍ കൂടിയും ബസ്‌ നീങ്ങി കൊണ്ടിരിന്നു.എന്തോ ഭാഗ്യത്തിന് വിന്‍ഡോയുടെ അടുത്തു തന്നെ സീറ്റും കിട്ടിയിരുന്നു.പുറം കാഴ്ചകള്‍ ഒക്കെ കണ്ടു അങ്ങിനെ ഇരുന്നു.ഇടക്കെപ്പോഴോ ഏതോ ഒരു സ്റ്റാന്‍ഡില്‍ നിന്നും ഒരു മാഷ്‌ കയറി ഞാന്‍ ഇരുന്ന 'മൂന്നാള്‍' സീറ്റില്‍ വന്നിരുന്നു.അദ്ദേഹം തലശ്ശേരിയിലേക്ക് പോകുകയായിരുന്നു.മൂപ്പരുമായി സംസാരിച്ചു കമ്പനി ആയി .പിന്നെ ഞാന്‍ ആദ്യമായി ആണ് കണ്ണൂര്‍ പോകുന്നത് എന്നും മറ്റും അയാളോട് പറഞ്ഞു .പിന്നെ അദ്ദേഹത്തിനും ആവേശമായി.പിന്നെ എല്ലാ സ്ഥലങ്ങളെ കുറിച്ചും മറ്റും അയാള്‍ പറഞ്ഞു തന്നു .ഇടക്കെപ്പോഴോ മാഹി എന്നാ സ്ഥലത്ത് എത്തിയപ്പോള്‍ അതിനെ കുറിച്ച് അദ്ദേഹം കുറച്ചു കൂടുതല്‍ പറഞ്ഞു തന്നു.കാരണം ആ സ്ഥലം കേരളത്തില്‍ പെട്ടതല്ല എന്നദ്ദേഹം പറഞ്ഞപ്പോള്‍ കൂടുതല്‍ അറിയാന്‍ എനിക്ക് ആകാംക്ഷയായി .അപ്പോഴാണ്‌ അറിയുന്നത് അത് കേന്ദ്ര ഭരണ പ്രദേശമാണ് എന്നും മറ്റും.പിന്നെ അത് പണ്ട് കാലത്ത് ഒരു ഫ്രെഞ്ചു കോളനി ആയിരുന്നു എന്നും മറ്റും.അവിടെ ഞാന്‍ ശ്രദ്ധിച്ച മറ്റൊരു കാര്യം നമ്മുടെ നാട്ടില്‍ കൂള്‍ബാര്‍ ഒക്കെ ഉള്ള പോലെ എവിടെ നോക്കിയാലും മദ്യം വില്‍ക്കുന്ന 'കൂള്‍ബാറുകള്‍ ' ആയിരുന്നു.നല്ല കിടിലന്‍ ബോര്‍ഡുകളും.വിദേശനാടന്‍ മദ്യങ്ങള്‍ ഇവിടെ ലഭിക്കും എന്നൊക്കെയുള്ള.{അപ്പൊ ഞാന്‍ വെറുതെ രമേശ്‌ അരൂരിനെ ഓര്‍ത്തു പോയി ..ഉവ്വ ഉവ്വ }.മാഷോട് അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവിടെ വില കുറവാണ് ,കേന്ദ്ര ഭരണം ആയത് കൊണ്ട് ടാക്സ്‌ കുറവാണ് എന്നോ മറ്റോ ഒക്കെ അദ്ദേഹം കാരണങ്ങള്‍ പറഞ്ഞു.

      അങ്ങിനെ മാഹി കാഴ്ചകള്‍ കണ്ടു പിന്നെയും നശിച്ച കേരളത്തിലേക്ക് .ചോര മണം മാറാത്ത ,വിവിധ പാര്‍ട്ടികള്‍ ഭരിക്കുന്ന കണ്ണൂരിന്‍റെ ഭൂമിയിലേക്ക്‌.അവിടെ എത്താനായപ്പോള്‍ പേടി കൊണ്ടാണോ എന്നറിയില്ല ഹൃദയം സാധാരണയില്‍ നിന്ന് കുറച്ചും കൂടി സ്പീഡില്‍ മിടിക്കുന്നോ എന്ന് സംശയം ..അല്ലെങ്കിലും കണ്ണൂര്‍ എന്ന് കേട്ടാല്‍ സാധാരണ മനുഷ്യര്‍ക്ക്‌ അങ്ങിനെ ആണല്ലോ .ജീവനോടു കാസര്‍ഗോഡ്‌ എത്തുമോ , അതല്ല എന്‍ഡോസള്‍ഫാന്‍ ബാധിച്ചവരെ കാണാന്‍ അവരെ പോലെ കയ്യും കാലുമില്ലാതെ പോകേണ്ടി വരുമോ ?...ഒന്നും പറയാന്‍ പറ്റില്ല എന്നാണു അവിടെയുള്ള സുഹൃത്തുക്കള്‍ പറഞ്ഞത് . ഏതു നിമിഷവും തന്‍റെ നേര്‍ക്ക്‌ കുതിച്ചു വരാന്‍ സാധ്യതയുള്ള ഒരു ബോംബ്‌ , അല്ലെങ്കില്‍ വടി വാള്‍ , സൈക്കിള്‍ ചെയിന്‍ , ഇടിക്കട്ട , തുടങ്ങിയവയുമായി പാഞ്ഞടുക്കുന്ന ഒരു കൂട്ടം ജനങ്ങള്‍ ...എന്തും സംഭവിക്കാം ........!

                                                                                                                                       തുടരും 

 {പിന്നെ എന്‍ഡോസള്‍ഫാന്‍ ബാധിതരെ കുറിച്ചും മറ്റും ഫോട്ടോ സഹിതം ചിത്രകാരനും സാബു കൊട്ടോട്ടിയും ,വിചാരം, കടത്തനാടന്‍ തുടങ്ങിയവരും എഴുതിയിട്ടുണ്ട് .അതില്‍ കൂടുതല്‍ ഒന്നും എഴുതാനോ പറയാനോ ഇല്ലാത്തതു കൊണ്ട് ആ വിഷയം ഞാന്‍ കൂടുതല്‍ എഴുതുന്നില്ല.അവിടെ വെച്ച് കണ്ട കുറച്ചു കാര്യങ്ങള്‍ അടുത്ത പോസ്റ്റില്‍ എഴുതണം എന്ന് കരുതുന്നു ..ഇന്ഷാ അല്ലാഹ് }
  .

Friday, 6 May 2011

ഗള്‍ഫുകാരന്‍ അടുക്കളയില്‍ കൂടി ....!    അങ്ങിനെ ഞാന്‍ കയറിയ വെളുത്ത കാര്‍ ഏകദേശം അര മണിക്കൂര്‍ കൊണ്ട് എന്‍റെ നാട്ടിലെത്തി.ഡിക്കിയില്‍ നിന്ന് ഹാന്‍ഡ്‌ ബാഗും എടുത്തു ചുമലില്‍ എന്‍റെ വിലപിടിപ്പുള്ള ലാപ്ടോപും{ഇടയ്ക്കിടയ്ക്ക് ഇത് വരും.ആദ്യായിട്ട് ജോലി എടുത്തു സ്വന്തം കാശ് കൊണ്ട് വാങ്ങിയ ഒരു 'മൊതലാ'}ഇട്ടു കൊണ്ട് ഇരുനൂറ്റി അമ്പതു ചോദിച്ച ഡ്രൈവര്‍ക്ക് മുന്നൂറു കൊടുത്തു കൊണ്ട് {ബാക്കി തരാന്‍ ചില്ലറ ഇല്ല പോലും,അല്ലെങ്കിലും ഗള്‍ഫുകാര്‍ക്ക് കൊടുക്കാന്‍ അവര്‍ ചില്ലറ വെക്കാറില്ലത്രേ .അമ്പതു നഷ്ട്ടം .ഡ്രൈവര്‍ക്ക് ടിപ് കൊടുത്ത വിവരം എങ്ങാന്‍ പാവം ജ്യെഷ്ട്ടന്‍ അറിഞ്ഞാല്‍ ..!}വീട്ടിലേക്കുള്ള പടി ഇറങ്ങി.ഞാന്‍ എപ്പോ എത്തുമെന്നോ എങ്ങിനെ എത്തുമെന്നോ വീട്ടുകാര്‍ക്ക് വലിയ ഐഡിയ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് വീടിനു മുന്‍ഭാഗത്തു ആരെയും കണ്ടില്ല.ഞാന്‍ വിട്ടു കൊടുക്കുമോ .ഞാന്‍ ആരാ മോന്‍.ലാപ്ടോപും{വിലപിടിപ്പുള്ളത്} ബാഗും മുന്‍വശത്ത് വെച്ച് നേരെ മുണ്ടും എടുത്തു കുളിക്കടവിലേക്ക് നടന്നു എന്ന് പലരും കരുതുമെന്കിലും അതുണ്ടായില്ല.പകരം നേരെ അടുക്കള ഭാഗത്തേക്ക് നടന്നു.അവിടെ ഇരുന്നു പെങ്ങളുടെ തലയില്‍ പേന്‍ നോക്കിയിരിക്കുന്ന ഉമ്മാനോട് 'അസ്സലാമു അലൈകും' ഇങ്ങള് കൊറച്ച് കഞ്ഞിന്റള്ളം കാട്ടിക്കാണി.മന്ഷ്യന്‍ ദുബായീന്ന് വരാ,എന്താ ഇവിടെ ഒക്കെ ചൂട്,എന്നും പറഞ്ഞു നേരെ വീട്ടിന്‍റെ ഉള്ളിലേക്ക് കയറി പോയി.പോകുന്ന പോക്കില്‍ 'ആങ്ങളന്റെ ഗള്‍ഫിന്നു വരവ്' കണ്ടു അന്തം വിട്ട് നിക്കുന്ന പെങ്ങള്‍ക്ക് കാലു കൊണ്ട് ഒരു തൊഴി കൊടുക്കാനും മറന്നില്ല....!

    അങ്ങിനെ വിസയില്ലാതെ ഉമ്രക്ക് പോയി സൗദി പോലീസ്‌ പിടിച്ചു കയറ്റി വിടുന്നവര്‍ പോലും വരാത്ത രീതിയിലുള്ള എന്‍റെ വരവും പാന്റ് മാറ്റാന്‍ തുണി കൊണ്ട് വന്നു റൂം മുഴുവന്‍ തിരഞ്ഞിട്ടും പിന്നെ പുറത്തിറങ്ങി വീടിനു ചുറ്റും ഓടി നടന്നിട്ടും ഒന്നും കിട്ടാതെ തിരിച്ചു വന്നു 'പെട്ടിം സാധനും' ഒക്കെ എവിടെ എന്ന് ചോദിച്ച പെങ്ങളോടു 'ആരുടെ പെട്ടിയും സാധനും' എന്ന് ഒരു മറു ചോദ്യം ചോദിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു ..കുറച്ചു നേരം സംശയിച്ചു നിന്നു  എങ്കിലും അവസാനം അവര്‍ ആ സത്യം ഉള്‍കൊള്ളാന്‍ തയ്യാറായി .........!

    പിന്നെ അവിടങ്ങോട്ട്‌ പീഡനങ്ങളുടെ പരമ്പര തുടങ്ങുകയായിരുന്നു.അന്ന് രാവിലെ കഴിച്ചു ബാക്കി വന്ന ഓട്ടടയും മീന്‍കറിയും പാല്‍ചായയും ചൂടാക്കി തന്നു ആദ്യം ഉമ്മ പീഡിപ്പിച്ചു.പിന്നെ ഉച്ചക്ക് 'അനക്ക് ദുബായില്‍ ചക്കക്കുരു കറി കിട്ടില്ലല്ലോ എന്നും ചോദിച്ചു ചോറും ചക്കക്കുരുവിന്റെ കറിയും പപ്പടവും തന്നു പെങ്ങളും പകരം വീട്ടി.'പറയാതിം ബുള്‍ച്ചാതിം ബന്നാല്‍ ഇങ്ങനെ ഒക്കെ തന്നെ ഇന്ടാവുള്ളൂ' എന്നൊരു ജാമ്യവും..!

   യഥാര്‍ത്ഥ പീഡനങ്ങള്‍ വരാനിരിക്കുന്നെ ഉണ്ടായിരുന്നുള്ളൂ .....ഒരു ബ്ലോഗര്‍ക്കും ഇങ്ങനെ ഒരു ദുരാവസ്ഥ വരാതിരിക്കട്ടെ എന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുകയായിരുന്നു.പുറത്തിറങ്ങിയാല്‍ ഇന്നുച്ചക്ക് 'ചോറ് വെയിക്കാന്‍ അങ്ങട്ട് വരെണ്ടിട്ടോ എന്ന് പറയുന്ന വീട്ടമ്മമാര്‍ {കുടുംബക്കാര്‍ ആണ്}.വൈകുന്നേരം ചെലവ് ചെയ്യണം എന്നും പറഞ്ഞു പിടിച്ചു കൊണ്ട് പോയി തിന്നു മടുത്ത അല്‍ ഫഹമും ബ്രോസ്റ്റും വാങ്ങിപ്പിച്ചു തീറ്റിച്ച് കീശ കാലി ആക്കുന്ന സുഹൃത്തുക്കള്‍ ,സിപ്പപ്പും ഐസ്ക്രീമും വേണം എന്ന് പറഞ്ഞു വാശി പിടിക്കുന്ന കുട്ടികള്‍ ,ഇനിയും ഒരു പാട് ....ഇതൊക്കെ ഏറ്റു വാങ്ങാന്‍ ബ്ലോഗറുടെ ജീവിതം ഇനിയും ബാക്കി..പീഡനങ്ങളുടെ ബാക്കി ഭാഗം തുടരും ..പോയി തുണിയും കുപ്പായവും തിരുമ്പിയിട്ടു{അലക്കിയിട്ടു} വരാം......!