Friday, 23 September 2011

ഈ വണ്ടി ഏതു വരെ പോകും ....?       ഉമ്മു ജാസ്മിനും ചെറുവാടിയും ഒക്കെ നാട്ടില്‍ പോയി വരികയും അവര്‍ നടത്തിയ യാത്രകള്‍ എഴുതി ആളാകുകയും ചെയ്തതോടെയാണ് ബ്ലോഗിങ് നിര്‍ത്തി ഡീസന്റ് ആയിരുന്ന എനിക്ക് വീണ്ടും എഴുതാന്‍ പൂതി വന്നത് ..പൂതി വന്നാല്‍ പിന്നെ വേറെ മാര്‍ഗമില്ല ..എഴുതി തീര്‍ക്കുക തന്നെ ...


      നാട്ടില്‍ എത്തികുറച്ചു നാളുകള്‍ക്കു ശേഷംപതിവ് പോലെ രാവിലെ ബാപ്പ കടയില്‍ പോകുന്നത് വരെ ബാപ്പാനെ ബോധിപ്പിക്കാന്‍ കുറച്ചു നേരം ഖുര്‍ആന്‍ ഓതി ബാപ്പ പോയ ശേഷം ഇനിയെന്ത് എന്നാലോചിച്ചു നില്‍ക്കുമ്പോഴാണ് പെട്ടെന്ന് ഒരു പൂതി മനസ്സില്‍ തോന്നിയത് .വയനാട് പോയാലോ എന്ന് .പലപ്പോഴായി പലരും നടത്തിയ വയനാട് യാത്രകള്‍ ബ്ലോഗുകളിലും മറ്റും വായിച്ചതും എവിടെയൊക്കെയോ കണ്ട വയനാടന്‍ ദൃശ്യങ്ങളും ഓര്‍ത്തപ്പോള്‍ പിന്നെ വേറെ ഒന്നും ആലോചിച്ചില്ല.ഉമ്മാനോട് "ഇപ്പൊ വരാട്ടോ "എന്നും പറഞ്ഞു മെല്ലെ മുങ്ങി..റോഡില്‍ എത്തിയപ്പോഴാണ് ആലോചിച്ചത് ..അല്ല ഈ വയനാട് ഏതു ഭാഗത്തേക്കാണ് ,ഏതു ബസ്സില്‍ ആണ് കയറേണ്ടത്.നാട്ടുകാരോട് ചോദിക്കാം എന്ന് വെച്ചാല്‍ കുറെ ചോദ്യം ഉണ്ടാവും.പോരാത്തതിന് ഞാന്‍ വീട്ടിലും നാട്ടിലും ഉടുക്കുന്ന കള്ളിതുണിയും ഷര്‍ട്ടും ആണ് ഇട്ടിരിക്കുന്നതും.ആ കോലത്തില്‍ വയനാട്ടില്‍ പോയാല്‍ പിന്നെ അത് മതി നാട്ടുകാര്‍ക്ക് പറഞ്ഞു ചിരിക്കാന്‍ .!


    പിന്നെ കൂടുതല്‍ ചോദിക്കാനും പറയാനും ഒന്നും നിന്നില്ല .എന്‍റെ സ്ഥിരം ഐഡിയ എടുത്തു.എവിടെ പോകണം എങ്കിലും ആദ്യം കൊണ്ടോട്ടിയിലേക്ക് ബസ്‌ കയറി അവിടെ നിന്നും കോഴിക്കോട് പോവുക.അവിടെ നിന്ന് ഒരു വിധം എല്ലാ സ്ഥലത്തേക്കും ബസ്‌ ഉണ്ടാവും.അങ്ങിനെ നേരെ കോഴിക്കോട് പിടിച്ചു.അവിടെ എത്തി കുറച്ചു നേരം ചുറ്റി കറങ്ങി.കോഴിക്കോട് ബസ്‌ സ്റ്റാന്റിനു മുന്നില്‍ ഫ്രൂട്ട്സ് കച്ചവടം നടത്തുന്നവരുടെ അടുത്ത് പോയി മാങ്ങക്കും നാരങ്ങക്കും ഒക്കെ വെറുതെ വില ചോദിച്ചു.പിന്നെ കവാടത്തിന്റെ സൈഡില്‍ ഇരുന്നു പത്രങ്ങളും മാസികകളും വില്‍ക്കുന്ന കാലിനു സുഖമില്ലാത്ത ആളുടെ അടുത്ത് ചെന്ന് കുറച്ചും നേരം നോക്കി നിന്നു.എന്‍റെ ഇഷ്ട്ട ടീം ബാഴ്സിലോണയുടെ മുഴുവന്‍ ടീം അംഗങ്ങളും ചാമ്പ്യന്‍സ് ലീഗും പിടിച്ചു നില്‍ക്കുന്ന മുഖചിത്രം ഉള്ള മാതൃഭുമി സ്പോര്‍ട്സ്‌ മാസിക കണ്ടപ്പോള്‍ വാങ്ങാതിരിക്കാന്‍ കഴിഞ്ഞില്ല ...!

    പിന്നെ നേരെ വയനാട് പോകാന്‍ തീരുമാനിച്ചു .വയനാട്ടിലേക്കുള്ള ബസ്‌ തിരഞ്ഞു നടന്നു.അത്ഭുതം.ഒറ്റ ബസ്സും വയനാട് പോകുന്നില്ല.ഒരു നിമിഷം ഞാന്‍ സംശയിച്ചു നിന്നു.ഇനി കോഴിക്കോട് നിന്നു വയനാട്ടിലേക്ക്‌ ബസ്സില്ലേ.ഇനിയെന്ത് ചെയ്യും ...അവിടെയുള്ള ഒരു തലയില്‍ ചുവന്ന തുണി കെട്ടിയ ഒരാളോട് ചോദിച്ചു{സ്റ്റാന്റില്‍ ലോഡ്‌ എടുക്കുന്ന.}.അപ്പൊ അയാള്‍ ചൂണ്ടി കാണിച്ച ഭാഗത്തേക്ക്‌ നടന്നു.അവിടെ പോയപ്പോള്‍ വയനാട് എന്ന ബോര്‍ഡ്‌ കാണുന്നില്ല.അവിടെ കൂട്ടം കൂടി നിന്നു തമാശ പറയുന്ന ബസ്‌ ജീവനക്കാരോട് ചോദിച്ചപ്പോള്‍ അവര്‍ എന്നെയും എന്‍റെ തൊട്ടടുത്ത്‌ നിര്‍ത്തിയിട്ട ബസ്സിനെയും മാറി മാറി നോക്കി.സംഭവത്തിന്‍റെ കിടപ്പ് വശം എനിക്ക് പെട്ടെന്ന് മനസ്സിലായി.ജാള്യത മറച്ചു വെച്ച് മാസിക ഒന്നും കൂടി ചുരുട്ടി പിടിച്ചു അതില്‍ കയറാന്‍ വേണ്ടി നടന്നപ്പോള്‍ പിറകില്‍ നിന്നു ആ ബസ്സിന്‍റെ കണ്ടക്റ്റര്‍ വിളിച്ചു ചോദിച്ചു.എവിടെയാണ് പോകേണ്ടത്..?

ഞാന്‍ ; വയനാട്‌ ..

കണ്ടക്റ്ററുടെ സുഹൃത്ത് ; അതെ ,വയനാട്ടില്‍ എവിടെയാണ് ...?

ഞാന്‍  ; വയനാട്

കണ്ടക്റ്റര്‍ {സംശയത്തോടെ}  ; വയനാട് എന്ന് പറഞ്ഞാല്‍ ഒരു ജില്ലയാണ് ,,താങ്കള്‍ക്ക് എവിടെയാണ് പോകേണ്ടത് ..

ഞാന്‍ ;{തല ചൊരിഞ്ഞു കൊണ്ട് }; അല്ല അപ്പൊ ഈ ചുരം ...!...ഒരു മിനിറ്റേ ..ഞാന്‍ ഒന്ന് വിളിച്ചു ചോദിക്കട്ടെ ..അവിടെ എന്‍റെ ഒരു ഫ്രെണ്ടിനെ കാണാന്‍ പോകുവാ ,അവന്‍ എന്നോട് വയനാട്‌ എത്തിയാല്‍ വിളിക്കാന്‍ ആണ് പറഞ്ഞത് എന്നും പറഞ്ഞു മൊബൈലും എടുത്തു വയനാട്ടില്‍ പോകാന്‍ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ട് അവിടെ നിന്ന് മെല്ലെ മുങ്ങി..

   കുറച്ചു മാറി നിന്ന് ആര്‍ക്കു വിളിക്കും എന്നാലോചിച്ചു നിന്നപ്പോഴാണ് ബ്ലോഗര്‍ ജാബിര്‍ മലബാരിയെ ഓര്മ വന്നത്.അവനാണെങ്കില്‍ വീട്ടില്‍ ചോദിക്കാനും പറയാനും ഒന്നും ആരുമില്ല എന്നാ തോന്നുന്നത് .ഫുള്‍ ടൈം ചെക്കന്മാരെയും കൂട്ടി തന്‍റെ പൊട്ടന്‍ ക്യാമറയും എടുത്തു ലോകം ചുറ്റലാണ് അവനു പണി.എന്തായാലും അവനു വിളിച്ചു.  ,,,
ഇതാണ് ആ പഹയന്‍ ...സ്വന്തമായി അഞ്ചാറ് ബ്ലോഗുണ്ട്


ഞാന്‍ ; ഹല്ലോ .അസ്സലാമു അലൈക്കും ..ഇജ്ജി തെരക്കിലാ

ജാബിര്‍  ;അല്ല ,ഞാന്‍ തൃശൂരാ ...!

ഞാന്‍ ; അത് സാരല്യ ..എടാ ഈ വയനാട് ചൊരം കയിഞ്ഞ അപ്പന്നെ ബെര്ണ ഒരു സ്ഥല്‍ത്തിന്‍റെ പേര് പര്‍ഞ്ഞാ ...

ജാബിര്‍ ; അത് പിന്നെ കുറെ ഉണ്ട് ..{അവന്‍ കിട്ടിയ ചാന്‍സ്‌ മുതലാക്കി വയനാടിനെ കുറിച്ചുള്ള അവന്‍റെ അറിവുകള്‍ വാരി വിതറാന്‍ തുടങ്ങി ,കോഴിക്കോട് നിന്നും വയനാട്‌ അവസാനം വരെ ഉള്ള സകല സ്ഥലങ്ങളുടെ പേരുകള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു ..ഭാഗ്യം എനിക്കൊന്നും മനസ്സിലായില്ല ...}

അവസാനം അവന്‍ പറഞ്ഞ പേരുമായി വീണ്ടും കണ്ടക്റ്ററുടെ അടുത്തേക്ക് ..അവിടെ എത്തിയപ്പോഴേക്കും ആ പേര് എന്തോ ഭാഗ്യത്തിന് മറന്നു പോയി....!

അവസാനം കണ്ടക്റ്ററോട് ; അല്ല ഈ ബസ്സ്‌ എവിടെ വരെ പോകും ...?

അയാള്‍  ; സുല്‍ത്താന്‍ ബത്തേരി ...

ഞാന്‍ ; എന്നാല്‍  അവിടേക്ക് ഒരു ടിക്കെറ്റ് തരൂ ..ഞാന്‍ എനിക്ക് വേണ്ട സ്ഥലം എത്തുമ്പോള്‍ ഇറങ്ങിക്കോളാം ....{ബ്ലോഗറോടാ അവന്‍റെ കളി ....!}

അയാള്‍  അന്തം വിട്ടു എന്നെ കുറച്ചു നേരം നോക്കി .പിന്നെ ടിക്കറ്റ്‌ മുറിച്ചു തന്നു.മടക്കി കുത്തിയ കള്ളി തുണി അഴിച്ചിട്ട് നേരെ ബസ്സില്‍ കയറി സീറ്റില്‍ ഇരുന്നു കയ്യിലുള്ള സ്പോര്‍ട്സ്‌ മാസിക തുറന്നു മടിയില്‍ വെച്ചു.എന്നിട്ട് പുറത്തേക്കു നോക്കി കാഴ്ചകള്‍ കാണാന്‍ തുടങ്ങി ....

                                                                                                      തുടരും 
.