Thursday 24 November 2011

അംഗനവാടി വാര്‍ഷികം തുടരുന്നു ..



      അങ്ങിനെ അതി ഗംഭീരമായ പന്തലും സ്റ്റേജും ഒക്കെ റെഡിയായി ..അത് വരെ ചിത്രത്തില്‍ ഇല്ലായിരുന്ന ഞാന്‍ ആണ് ഇപ്പോള്‍ അവിടെ മൊത്തം നോക്കുന്നത്.ബുദ്ധിയും പക്വതയും വെച്ച് നോക്കുകയാണ് എങ്കില്‍ നഴ്സറി കുട്ടികളുടെ കൂടെ പാട്ടിനും ഡാന്‍സിനും പേര് കൊടുക്കേണ്ട ഇനം ആണെങ്കിലും കൂട്ടത്തില്‍ ഇത്തിരി തടിയും വണ്ണവും പിന്നെ താടിയും ഉള്ളത് എനിക്ക് മാത്രമായത് കൊണ്ട് ഞാന്‍ ആയി കാരണവര്‍ ..ഓരോരുത്തര്‍ വന്നു അത് അങ്ങിനെ അല്ലേ ,ഇത് ഇവിടെ വെച്ചാല്‍ മതിയോ എന്നൊക്കെ ചോദിച്ചു എന്നെ ആകാശത്തോളം പൊക്കി വെക്കുകയും ചെയ്തു.അങ്ങിനെ പയ്യന്മാര്‍ക്ക് ഇതൊക്കെ ചെയ്തു നല്ല പരിചയം ഉള്ളത് കൊണ്ട് കാര്യങ്ങള്‍ ഒക്കെ ഏകദേശം ശരിയായി.കുറച്ചു കഴിഞ്ഞപ്പോള്‍ അതാ വരുന്നു അംഗനവാടി ടീച്ചറും അരി വെക്കുന്ന ടീച്ചറും കൂടി.പരിപാടി ഒന്ന് സെറ്റ്‌ ചെയ്യണമത്രെ.അതായത് സ്വാഗതം ആര് പറയും,നന്ദി ആരു പ്രകടിപ്പിക്കും എന്നൊക്കെ.പയ്യന്മാരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ എന്നെ ചൂണ്ടി കാണിച്ചു.ഞാനാണല്ലോ ആപ്പീസര്‍ .ഉടനെ അവര് കടലാസും പെന്നും ആയി എന്‍റെ അടുത്ത്.കുടുങ്ങി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

    അവസാനം ആ ടീച്ചര്‍മാരേയും പിന്നെ മമ്മുണ്ണി ഹാജിയുടെ കൂടെ വന്ന ഒരു മാഷിനേയും പിന്നെ പ്രസിദ്ധ ബ്ലോഗര്‍ ഫൈസു മദീനയും മോളുടെ പരിപാടി കാണാന്‍ വന്ന ബാപ്പുട്ടിയെയും സ്വാഗതവും നന്ദിയും ഒക്കെ ഏല്‍പ്പിച്ചു.കൂട്ടത്തില്‍ ആ ടീച്ചറാണ് പറഞ്ഞത് സ്വാഗതം പറയാന്‍ വിളിക്കേണ്ടത് അംഗനവാടി വെല്‍ഫയര്‍ ഭാരവാഹികള്‍ എന്ന നിലക്കാണ് എന്ന് .അങ്ങനെ എന്നെ അംഗനവാടി വെല്‍ഫയര്‍ കമ്മിറ്റിയില്‍ എടുത്തു.പിന്നെ മമ്മുണ്ണി ഹാജി അധ്യക്ഷന്‍ ,ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് {പേര് ഓര്‍മയില്ല.ഒരു വനിതാ പ്രസിഡന്റ് ആയിരുന്നു } ഒക്കെ അങ്ങ് തീരുമാനിച്ചു.പിന്നെ കുട്ടികളുടെ പ്രകടനം വിലയിരുത്താനും മാര്‍ക്കിടാനും ഒക്കെ ജഡ്ജി വേണം എന്നായി.
    അവസാനം അതും എന്‍റെ തലയില്‍ തന്നെ.എന്നെ ജഡ്ജി ആക്കാന്‍ വേറെ ഒരു കാരണവും ഉണ്ടായിരുന്നു.കൂട്ടത്തില്‍ ഉള്ള എല്ലാവരുടെയും മക്കളോ അനിയന്മാരോ ഒക്കെ മത്സരത്തിനുണ്ട്.എനിക്ക് അങ്ങിനെ ഒരു പ്രശ്നവുമില്ല.കാരണം നാട്ടിലെ ഒറ്റ പിള്ളേരെയും {എന്‍റെ കുടുംബത്തിലെ തന്നെ }എനിക്കറിയില്ല.നമ്മള്‍ അങ്ങ് മദീനയില്‍ അല്ലിയോ.പോരാത്തതിന് ഈ പരിപാടിക്ക് ജഡ്ജ് ചെയ്യാന്‍ ഇവനൊക്കെ മതി എന്ന ആക്കലും...അങ്ങിനെ ഏകദേശം എല്ലാ പരിപാടികളും നല്ല ഉഷാറായി തന്നെ നടന്നു.ഇടക്ക് വലിച്ചു കെട്ടിയ പന്തല്‍ കയര്‍ ഒന്ന് പൊട്ടി എങ്കിലും വേറെ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായില്ല.

ഇനി ചിത്രങ്ങള്‍ സംസാരിക്കട്ടെ ..തിരക്കിനിടയില്‍ മൊബൈലില്‍ എടുത്തത്‌..


ആദ്യം വന്നു മുന്‍ സീറ്റില്‍ സ്ഥാനം പിടിച്ച കാണികള്‍.പിന്നില്‍ സ്വാഗതം ആര് പറയും നന്ദി ആര് പറയും എന്ന കൂലങ്കുഷിതമായ{ഇങ്ങനെ ഒരു വാക്ക് മലയാളത്തില്‍ ഉള്ളതായി ആര്‍ക്കെങ്കിലും അറിയുമോ }ചര്‍ച്ച...
മമ്മുണ്ണി ഹാജി സ്റ്റേജില്‍ ..പരിപാടി തുടങ്ങാം ല്ലേ ..കുട്ടികള്‍ "നല്ല വാക്ക് ചൊല്ലുവാനും നല്ല വാക്ക് ചൊല്ലി കേള്‍ക്കുവാനും വരം തരണേ ..വരം തരണേ ..നമസ്തേ " {ഇങ്ങനെ ആണ് എന്നാണു ഓര്മ }..എന്നുള്ള ഭക്തി ഗാനം ആലപിച്ചു..
അധ്യക്ഷപ്രസംഗം.
ഇത്  കഴിഞ്ഞു പഞ്ചായത്ത് പ്രസിഡടിന്റെ ഉല്‍ഘാടനവും പിന്നെ ഒമാനൂരിലെ ഏക ബ്ലോഗറും സുന്ദരനും സുമുഖനും ആയ "അദ്ദേഹത്തിന്റെ" സ്വാഗത പ്രസംഗം ആയിരുന്നു.ചിലരുടെ "കളിയാക്കല്‍ " ഭീഷണി ഉള്ളത് കൊണ്ട് ചിത്രം കൊടുക്കാന്‍ നിര്‍വാഹമില്ല.

പരിപാടി ഷൂട്ട്‌ ചെയ്യാന്‍ എത്തിയ "ബിബിസി" ലേഖകന്‍ 
ചുമ്മാ അവിടെ നോക്കി നിന്നിരുന്ന ബാപ്പുട്ടിനെ പിടിച്ചു സ്വാഗതം പറയാന്‍ ഏല്‍പ്പിച്ചപ്പോള്‍ വാക്കുകള്‍ കിട്ടാത്തത് കൊണ്ട് തുണിയും മൈക്കും മുറുക്കി പിടിക്കുന്നു.അവസാനം പറഞ്ഞ ജയ് ഹിന്ദ്‌ മാത്രം കലക്കി .....
പിന്നില്‍ നില്‍ക്കുന്ന സ്ത്രീകളെ ആരും നോക്കരുത്.മുന്നില്‍ ഇരുന്നു ചിരിക്കുന്ന കുട്ടികളെ മാത്രം ശ്രദ്ധിക്കുക .!
കൊച്ചു മിടുക്കന്മാരും മിടുക്കികളും
ഇല്ല കുട്ടികളെ ..പേടിക്കേണ്ടാ പന്തല് പൊളിയൂലാ.ഇത് സൗദി സ്റ്റൈലാ ..
മോള് പേടിക്കേണ്ടാ ..പഞ്ചായത്ത് പ്രസിഡന്‍റ് പിന്നില്‍ ഉണ്ട്..{ഞങ്ങളുടെ പഞ്ചായത്ത് പ്രസിഡന്റ് ആണ് പിന്നില്‍ സാരി ഉടുത്തു നില്‍ക്കുന്നതത്രേ..}
 
ജഡ്ജിയായ പ്രസിദ്ധ ബ്ലോഗര്‍ ഫൈസു മദീന ഒന്നാം സ്ഥാനം കൊടുത്ത ടീം

തങ്ങളുടെ ഊഴം കാത്തു ബാപ്പുട്ടിയുടെ കൂടെ വരമ്പത്ത് നില്‍ക്കുന്ന മത്സരാര്‍ത്ഥികള്‍ ....അങ്ങിനെ വലിയ കുഴപ്പമില്ലാതെ പരിപാടികള്‍ നടന്നു..സമ്മാന വിതരണവും മറ്റു പല കാര്യങ്ങളും നടക്കുമ്പോള്‍ ഞാന്‍ സ്റ്റേജില്‍ ആയിരുന്നതിനാല്‍ ചിത്രങ്ങള്‍ ഇല്ല.പിന്നെ എല്ലാവരെയും പിരിച്ചു വിട്ടു വൈകുന്നേരം കെട്ടിയ പന്തല്‍ പൊളിച്ചു.അതിന്നിടയില്‍ ചിലര്‍ ആളാവാന്‍ നോക്കുന്ന ദയനീയ ചിത്രങ്ങള്‍ ആണ് അടിയില്‍ ..





അഹങ്കാരം അല്ലാണ്ടെ ന്താ തിനൊക്കെ പറയാ ....








വാല്‍ക്കഷ്ണം : പരിപാടി കാണാന്‍ വന്ന ഏതോ ഒരു താത്ത ഉമ്മാനോട് പറഞ്ഞുവത്രെ .ഒരു ഹാഫിസ്‌ ആയ ഫൈസു അവിടെ പാട്ടിനും കൂത്തിനും ഒക്കെ ഉണ്ടായിരുന്നു എന്ന്.പോരാത്തതിന് ആ ടീച്ചര്‍മാരോട് ഒക്കെ വര്‍ത്താനം പറഞ്ഞു നടക്കുന്നു എന്ന്.പിന്നെ ബാപ്പയുടെ ചെവിയില്‍ എത്താന്‍ അധികം വൈകിയില്ല..
"കണ്ട പെണ്ണുങ്ങളുടെ കൂടെ കൂത്താടാനാടാ അന്നെ ഞാന്‍ മദീനത്ത്ന്ന് ഖുര്‍ആന്‍ പഠിപ്പിച്ചത് ,അതെങ്ങിനേ പട്ടിന്‍റെ വാല് പന്തീരായിരം കൊല്ലം ..........."
അല്ലെങ്കിലും പണ്ടേ ഉപ്പാക്കറിയില്ലല്ലോ ഞാന്‍ ഒരു സാധാരണക്കാരന്‍ ആണ് എന്ന് ..



Monday 21 November 2011

ചുമ്മാ നോക്കി നില്‍ക്കാതെ വലിച്ചു കെട്ടെടാ ...!


കഴിഞ്ഞ പോസ്റ്റിന്‍റെ ബാക്കി .
    അങ്ങിനെ ക്യൂ നിന്ന് എന്‍റെ ഊഴം വന്നപ്പോള്‍ കാസറ്റും{കാസര്ട്ടു ,മണ്ണെണ്ണ}വാങ്ങി വീട്ടില്‍ പോയി സുഖമായി കിടന്നുറങ്ങി...! {തെറി പറയരുത്.}

    
    ഇനി അടുത്ത കഥ ആരംഭിക്കാന്‍ പോവുകയാണ്.അതായത് ചുമ്മാ ഇരുന്ന ഒരുത്തന്‍ കേറി അംഗനവാടി വെല്‍ഫയര്‍ കമ്മിറ്റി{അതെന്താ സാധനം എന്ന് അദ്ധേഹത്തിനു ഇപ്പോഴും അറിയില്ല}യുടെ രക്ഷാധികാരി ആയ കഥ.അപ്പൊ തുടങ്ങാം ല്ലേ.

    ന്നും പതിവ് പോലെ ഒരു സാധാരണ ദിവസം ആയിരുന്നു.സുബഹി നിസ്ക്കാരം കഴിഞ്ഞു ഉപ്പ പോയി എന്നുറപ്പ് വരുത്തിയതിനു ശേഷം നേരെ പുതപ്പിനടിയില്‍ കയറുകയും കുറച്ചു കഴിഞ്ഞു ഉമ്മ ഉണ്ടാക്കുന്ന ദോശയുടെ മണം മൂക്കിലടിച്ചപ്പോള്‍ പതുക്കെ എണീല്‍ക്കുകയും ചെയ്തു.ബ്രഷും പേസ്റ്റും എടുത്തു നേരെ കുളത്തില്‍ പോയി തൊള്ളയും മോറും{ചില സ്ഥലങ്ങളില്‍ ഇതിനു വായയും മുഖവും എന്നും പറയും}കഴുകി നേരെ അടുക്കളയിലേക്കു നടന്നു.സ്ഥിരം കസ്റ്റമര്‍ ആയത് കൊണ്ട് ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യേണ്ടി വന്നില്ല.മുമ്പ്‌ വല്യുപ്പ ചായ കുടിച്ചിരുന്ന വലിയ കുത്തിഞ്ഞാണം{ഇതിനു ഇനി മലയാളത്തില്‍ എന്താണാവോ പറയുക.ഏതായാലും മൂന്നു ഗ്ലാസില്‍ കൊള്ളുന്ന ചായ അതില്‍ കൊള്ളും}നിറയെ ചായയും ഉമ്മാക്ക് രണ്ടെണ്ണം എടുത്തു വെച്ച്{അതും അവസാനം ഇങ്ങു പോരും} ബാക്കി ദോശയും തലേന്നത്തെ മീന്‍ കറി ചൂടാക്കിയതും മുമ്പില്‍ വന്നു.


   ങ്ങിനെ രാവിലെ തന്നെ ചെറുപ്പത്തില്‍ ദോശയും പുട്ടും ഒന്നും കിട്ടാത്തതിന്റെ ദേഷ്യം മുഴുവന്‍ ആ പാവം ദോശയോടു തീര്‍ത്തിട്ട് നേരെ പുറത്തിറങ്ങി.പിന്നെ സാധാരണ പോലെ നേരെ തറവാട്ടില്‍ പോയി ഞങ്ങളുടെ നാട്ടിലെ ആകെയുള്ള രണ്ടു സഖാക്കളില്‍ ഒരാളായ വല്യുപ്പ വരുത്തിയിരുന്ന ദേശാഭിമാനിയും, പിന്നെ ദേശാഭിമാനിയും വല്യുപ്പ മുറുക്കി തുപ്പുന്ന കൊളാംബിയും ഒരേ മനസ്സോടെ കാണുന്ന കടുത്ത ലീഗുകാരന്‍ ചെറിയ എളാപ്പ വരുത്തുന്ന ചന്ദ്രികയും ആദ്യം സ്പോര്‍ട്സ്‌  പേജു തൊട്ടു അവസാനം ഫസ്റ്റ് പേജു{എന്‍റെ പത്ര വായന അങ്ങിനെ ആണ്.ആദ്യം കായികം}വരെ വായിച്ചു തീര്‍ത്തു.അവിടെ നിന്ന് എളാമ്മ തന്ന കട്ടന്‍ ചായയും കുടിച്ചു റോഡിനു മറുവശത്തുള്ള രണ്ടാമത്തെ എളാപ്പയുടെ വീട്ടിലേക്കു.കുറച്ചു പുരോഗമന ചിന്താഗതി ഉണ്ട് എന്നുള്ള അഹങ്കാരം കൊണ്ട് അവിടെ മലയാള മനോരമയേ വരുത്തൂ.അതും ഖത്തം തീര്‍ത്തു കൊണ്ട് അങ്ങാടിയിലെ ക്ലബ്ബിലേക്ക്.അവിടെ മലയാള പത്രങ്ങളുടെ കൂട്ടത്തില്‍ സ്പോര്‍ട്സ്‌ പേജു കുറച്ചു വിശാലമായി ഉള്ള മാതൃഭുമി,സിറാജ് തുടങ്ങിയവയും ഉണ്ടാവും.


    ങ്ങിനെ രാവിലെ എട്ടു മണി ആയെപ്പോഴേക്കും പത്ര വായന ഒക്കെ കഴിഞ്ഞു ഇനിയെന്ത് എന്ന് കരുതി ഇരിക്കുമ്പോഴാണ് നാട്ടിലെ കുറച്ചു പിള്ളേര്‍ ഞാന്‍ ഇരിക്കുന്ന ക്ലബ്ബിന്‍റെ അടുത്തുള്ള പള്ളി കമ്മിറ്റിയുടെ കല്യാണസാധനങ്ങള്‍ വാടകക്ക് കൊടുക്കുന്ന കടയില്‍ നിന്നും കസേരയും പന്തല്‍ കെട്ടുന്ന സാധനങ്ങളും മറ്റും എടുത്തു കൊണ്ട് പോകുന്നു.ഞങ്ങളുടെ നാട്ടില്‍ ആണെങ്കില്‍ അന്ന് കല്യാണമോ മറ്റോ ഒന്നും ഇല്ല താനും.ഇനി ഞാന്‍ അറിയാത്ത വല്ല പരിപാടിയും.കൂട്ടത്തില്‍ ഒരുത്തനോടു ..
ഡാ ,എന്താടാ പരിപാടി ..?
നമ്മുടെ അംഗനവാടിയുടെ വാര്‍ഷികം ആണ് ഇന്ന് ..പാട്ടും പരിപാടിയും ഒക്കെയുണ്ട് ..
അല്ല  ,ആരൊക്കെ ഉണ്ട് ..
എല്ലാവരും  ഉണ്ട് ,അംഗന്‍വാടിയിലെ ടീച്ചര്‍മാരും ചെക്കന്മാരും ഒക്കെയുണ്ട് ..പഞ്ചായത്ത് പ്രസിഡന്റ്ടും മമ്മുണ്ണി ഹാജി{നാട്ടിലെ കാരണവര്‍ ,ലീഗ് നേതാവ് ,മൂപ്പര് ഉണ്ട് എന്ന് പറഞ്ഞാല്‍ എന്നെ പോലെയുള്ള മാന്യമ്മാര്‍ക്ക് ആ പരിപാടിയില്‍ പങ്കെടുക്കാം എന്നാണു വെപ്പ് } ഒക്കെ വരും ..
ആഹാ  ..എപ്പളാ പരിപാടി ..
പത്തു  മണിക്ക് തൊടങ്ങും ..നിങ്ങള്‍ പോരുന്നോ ..
എന്നാ ഒരു നാല് കസേര അല്ലെങ്കില്‍ വേണ്ട ഒരു സ്റ്റൂള്‍ ഇങ്ങെടുക്ക് ..ഞാനും ഉണ്ട്.
    ങ്ങിനെ ചുമ്മാ ഇരുന്ന ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണ പോലെ ചുമ്മാ വല്ല വയനാട്ടിലേക്കും പോകേണ്ടിയിരുന്ന എന്‍റെ മുന്നില്‍ അംഗന്‍വാടി വാര്‍ഷികം വന്നു വീഴുകയായിരുന്നു.പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.അവിടെ ചെന്നപ്പോള്‍ എല്ലാം ചീള് പിള്ളേര്‍ ..സ്റ്റേജ് കെട്ടാനും പന്തല്‍ കെട്ടാനും ഒക്കെ അവര്‍ തന്നെ.ഞാന്‍ ചെന്ന് എല്ലാം ഒന്ന് വീക്ഷിച്ചു.എല്ലാം ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന പിള്ളേര് തന്നാ.പോരാത്തതിന് അവരുടെ ഫുട്ബാള്‍ പൊട്ടിയപ്പോള്‍ പുതിയത് വാങ്ങാന്‍ വേണ്ടി ക്ലബ്ബില്‍ പിരിവിട്ടപ്പോള്‍ ആകെ കിട്ടിയ നൂറ്റി അമ്പതു കൊണ്ട് ബോള്‍ കിട്ടില്ല എന്നും കരുതി ഇരുന്ന അവര്‍ക്ക് നാന്നൂറ് കൊടുത്തു പുതിയ ബോള്‍ വാങ്ങി കൊടുത്തത് മറക്കാനായിട്ടുമില്ല . പിന്നെ നോക്കി നിന്നില്ല.എല്ലാം ഞാന്‍ സ്വയം അങ്ങ് ഏറ്റെടുത്തു..എടാ അതങ്ങനെ അല്ല.വലിച്ചു കെട്ട് ,അത് നല്ലവണ്ണം മുറുകിയിട്ടുണ്ടോ ,തുടങ്ങി എന്‍റെ സകല അറിവുകളും വിദ്യകളും ഞാന്‍ അവിടെ വാരി വിതറി.ജീവിതത്തില്‍ അത് വരെ സ്റ്റേജോ പന്തലോ കെട്ടി പരിചയം ഇല്ലാത്ത ഞാന്‍ ആഴ്ച്ചക്ക് രണ്ടും മൂന്നും കല്യാണത്തിന് പന്തല്‍ ഇടുന്ന പിള്ളേരെ പന്തല്‍ പണി പഠിപ്പിച്ചു.....!

അംഗന്‍വാടിയും സ്റ്റേജ് കെട്ടുന്ന പിള്ളേരും 
 
ഞാന്‍ നേതൃത്വം കൊടുത്ത ആദ്യ സ്റ്റേജ് പണി പുരോഗമിക്കുന്നു

മുറുക്കി കെട്ടെഡാ ...



മൈക്ക്‌ ടെസ്റ്റ്‌ ചെയ്യാന്‍ ആകുമ്പോള്‍ വിളിക്ക് ,ഞാന്‍ ഇവിടെ ഒക്കെ കാണും 
താര്‍പ്പായി {ഈ കാണുന്ന സാധാനം}
എവിടെയാണാവോ ഇതിന്‍റെ തുടക്കം ..ബിച്ചിമാന്‍ സൂക്ഷ്മ നിരീക്ഷണത്തില്‍
ഇടയ്ക്കു ഇത്തിരി പ്രകൃതി ഭംഗി ആസ്വദിക്കാം 

ഇത് സ്ത്രീകള്‍ക്ക് നില്‍ക്കാനുള്ള സ്ഥലം ..






       അപ്പൊ എല്ലാം പറഞ്ഞ പോലെ ,ബാക്കി
                                                         തുടരും

Saturday 12 November 2011

"കാസറ്റ് " ഉണ്ടോ കുറച്ചു എടുക്കാന്‍ ...!

      


           എനിക്ക് സത്യം പറഞ്ഞാല്‍ ഈ ബ്ലോഗ്‌ എന്ന് പറഞ്ഞാല്‍ ഇതൊക്കെ എഴുതാനാണ്.എന്തിനാണ് ഇതൊക്കെ എഴുതി ആള്‍ക്കാരെ കൊണ്ട് പറയിപ്പിക്കുന്നത് എന്ന് എനിക്ക് അറിയില്ല .പക്ഷെ ഇതൊക്കെ അല്ലെ ഒരു രസം.എനിക്ക് തന്നെ ആലോചിക്കുമ്പോള്‍ അത്ഭുതവും ചിലപ്പോള്‍ ചിരിയും വരുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ എഴുതാന്‍ ,എന്നിട്ട് അത് ആരെങ്കിലും വായിച്ചു ഡാ ഫൈസൂ ,ഇജ്ജ്‌ ആളു പുലിയാടാ " എന്ന് പറയുന്നതു കേള്‍ക്കുക ഇതൊക്കെ അല്ലെ ഒരു രസം ..!{ഞാനാരാ മോന്‍ }

    മുമ്പ്‌ എഴുതിയ കുറെ "തുടരും" ഉണ്ട് എങ്കിലും അതൊന്നും തുടരാന്‍ എനിക്ക് താല്‍പര്യമില്ല.ഒരു വിഷയം ഒരിക്കല്‍ പറഞ്ഞാല്‍ പിന്നെയും അത് എഴുതാന്‍ എനിക്ക് കഴിയില്ല.എന്നാല്‍ ഒരു വിഷയം എഴുതി പൂര്‍ത്തിയാക്കാനും ചിലപ്പോ കഴിയില്ല.ബൂലോക മടിയന്‍ .അപ്പൊ പുതിയ പുതിയ വിഷയങ്ങള്‍ എഴുതാം.മനസ്സില്‍ തോന്നുന്നത് അപ്പൊ അങ്ങ് എഴുതുക,പിന്നെ അങ്ങോട്ട്‌ തിരിഞ്ഞു നോക്കാതിരിക്കുക ഇതാണ് എന്‍റെ പോളിസി ....!

 
     ഇത് ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ കണ്ട ഒരു കാഴ്ച ആണ് .എന്‍റെ കല്യാണം തീരുമാനിച്ച ശേഷം അതിന്‍റെ ഒരുക്കങ്ങള്‍ക്കിടയില്‍ ഏതോ ഒരു താത്ത ഉമ്മാനോട് കല്യാണത്തിന് ചോറ് വെക്കുമ്പോള്‍ അതിലേക്കു ആവശ്യമായ സാധങ്ങള്‍ വിവരിച്ചു കൊടുത്തു.അതായത് ബിരിയാണി വെക്കാന്‍ വരുന്ന പണിക്കാര്‍ക്ക് വേണ്ട സാധനങ്ങള്‍ .കത്തിക്കാന്‍ വേണ്ടി ചെരട്ടയും വിറകും ഒക്കെ വേണം എന്ന് പറഞ്ഞപ്പോള്‍ അതൊക്കെ തറവാട്ടില്‍ പോയി ചാക്കില്‍ കെട്ടി കൊണ്ട് വരേണ്ട ചുമതല എന്‍റെ ചുമലില്‍ ആയി.അങ്ങിനെ അത് വരെ നാട്ടില്‍ ഹാഫിസ്‌ എന്നും പറഞ്ഞു സമയാസമയം വെള്ള തുണിയും എടുത്തു പള്ളിയില്‍ പോകുക,വൈകുന്നേരം ആയാല്‍ ആരും കാണാതെ മലയില്‍ പോയി ഫുട്ബാള്‍ കളിക്കുക തുടങ്ങിയ വല്യ വല്യ കാര്യങ്ങള്‍ ചെയ്തു ദീസന്റ്റ്‌ ആയി നടന്ന ഞാന്‍ ഒരു കള്ളി തുണിയും ടീഷര്‍ട്ടും ഉടുത്തു ചാക്കും തലയില്‍ വെച്ച് വെറും ഒരു ചുമട്ടുകാരനായി.അങ്ങിനെ ഒരു അഞ്ചാറ് തവണയായി തറവാട്ടിലെ സകല ചിരട്ടകളും വിറകുകളും പെറുക്കിയെടുത്തു എന്‍റെ വീട്ടില്‍ കൊണ്ടിട്ടു.ഓരോ പോക്കിനും വരവിനും ഇരുപതു രൂപയുടെ ഓരോ zeven up ബോട്ടിലും കൂടെ ഉണ്ടായിരുന്നു.സെവന്‍ അപ്പിന്റെ ബോട്ടിലുകളുടെ എണ്ണം കണ്ടു ഇടക്കെപ്പോഴോ പെങ്ങളുടെ വക ഒരു കമെന്റും .."ഇതിലും ഭേദം വല്ല പണിക്കാരെയും വിളിക്കുകയായിരുന്നു,അവര്‍ക്ക് പത്തോ അഞ്ഞൂറോ കൊടുത്താല്‍ മതിയായിരുന്നു".....!

    അങ്ങിനെ സംഭവ ബഹുലമായ വിറകു കൊണ്ട് വരല്‍ കര്‍മത്തിന് ശേഷം തളര്‍ന്നു അവശനായി ഇരിക്കുന്ന എന്നെ നോക്കി ഉള്ളിലേക്ക് പോയ ആ പഴയ താത്ത വീണ്ടും ഉമ്മയോട് പറഞ്ഞു ."എടീ ഈ ചെരട്ടെ ഒയിച്ചാന്‍ "കാസറ്റ് " ഇന്‍ഡോ  ഇബിടെ ?.{ഈ ചെരട്ടയില്‍ ഒഴിക്കാന്‍ കാസറ്റ്{മണ്ണെണ്ണ ആണെന്ന് തോന്നുന്നു } ഉണ്ടോ ഇവിടെ എന്നാണു ചോദ്യം }.

ഉമ്മ ;അള്ളാടീ ,ഇബിടെ കാസറ്റൊന്നും ഇല്ല...

താത്ത ;ഇന്നാ ഭേകം പോയി റേസന്‍ സാപ്പിന്നു മാങ്ങി ബെചോളി ,ഇന്നലെ കാസറ്റ് ബന്നീന്നു ആരോ പര്‍ഞ്ഞ് കേട്ട് ...ഇബിടെ റേസന്‍ കാര്‍ഡ് ഇല്ലേ ..

  ഉമ്മ ഉടന്‍ തന്നെ എവിടെയോ കിടന്ന ഒരു ബുക്കും കയ്യില്‍ ഒരു കന്നാസും ആയി എന്‍റെ അടുക്കല്‍ വന്നിട്ട് " ന്റെ കുട്ടി മണ്ടി പോയി ആ റേഷന്‍ പീട്യെന്നു കുറച്ചു കാസറ്റ് മാങ്ങി കുണ്ടോന്നാണി ..മണ്ടി ചെല്ല് ,തീര്‍ന്നു പോകും.!.കാസറ്റ് എന്താ എന്നറിയാത്ത,റേഷന്‍ ഷാപ്പില്‍ ഇത് വരെ പോകാത്ത,അതെവിടെ എന്നറിയാത്ത എന്നോടാണ് ഉമ്മ യാതൊരു ദയയും ഇല്ലാതെ ഈ കല്‍പ്പിക്കുന്നത് ..
ഞാന്‍  ; അല്ലമ്മാ ..എന്താ ഈ കാസറ്റ് ...?
ഉമ്മ ;അതൊന്നും ജ്ജി അറിയണ്ടാ ..ഇജ്ജി പോയി ആ റേഷന്‍ കടയില്‍ പറഞ്ഞാ മതി.പൈസയും കൊടുക്ക്‌ ,അവര് തരും ..
ഞാന്‍  ; അല്ല ഈ റേഷന്‍ പീട്യ എവിടെയാ ...?
ഉമ്മ  ;അതാ അങ്ങാടിയില്‍ പോയി ആരോടെങ്കിലും ചോദിച്ചാല്‍ മതി .ഓല് കാണിച്ചു തരും ...
ഞാന്‍  ;എനിക്കറിയില്ല ..ഞാന്‍ പോവൂലാ ..വേറെ ആരെയെങ്കിലും പറഞ്ഞയച്ചാ പോരെ .?
ഉമ്മ  ;ഇന്നാ ഞാന്‍ പോയി വാങ്ങി കൊണ്ട് വരാം ..അടുത്ത് നിന്ന പെങ്ങളോടു " ഡീ ന്‍റെ പര്‍ദ്ദ ഇങ്ങെടുത്താ ..ഞാന്‍ ആ റേഷന്‍ ഷാപ്പില്‍ പോയി കാസറ്റ് വാങ്ങി വരാം " ....!
ഞാന്‍  ;ഇന്നാ ഇങ്ങട്ട് തരി ..ഞാന്‍ തന്നെ പൊയ്ക്കോളാം ...

   അങ്ങിനെ കാസറ്റ് എന്താ ,റേഷന്‍ കട എവിടെയാ എന്നറിയാത്ത ഞാന്‍ കന്നാസും റേഷന്‍ കാര്‍ഡും വാങ്ങി അങ്ങാടിയിലേക്ക് നടന്നു.ഇതിപ്പോ ഓപണ്‍ ആയി ചോദിക്കാനും പറ്റില്ല.ആരെങ്കിലും കേട്ടാല്‍ കളിയാക്കും ,അത് കൊണ്ട് റേഷന്‍ കട എവിടെ എന്നന്യേഷിക്കാന്‍ പറ്റിയ ഒരാളെ തിരഞ്ഞു .അപ്പൊ അതാ വരുന്നു.ഒരു ചെറിയ കുട്ടി .തലയില്‍ ഒരു ചെറിയ ചാക്കുമുണ്ട് ,കയ്യില്‍ എന്‍റെ കയ്യില്‍ ഉള്ള പോലത്തെ റേഷന്‍ കാര്‍ഡും.മെല്ലെ അവന്‍റെ അടുത്ത് ചെന്നിട്ട് ..
അല്ല  ,ജ്ജി എവിടുന്ന് വര്യാ ..?
അവന്‍  ആദ്യംഅവന്‍റെ കയ്യിലുള്ള റേഷന്‍ കാര്‍ഡിലേക്കും പിന്നെ എന്നെയും നോക്കി ..
റേഷന്‍ പീട്യെന്നു..
അവിടെ കാസറ്റ് ഉണ്ടോ ..?
ഇണ്ട് ..!
അല്ല  ,സത്യത്തില്‍ ഈ റേഷന്‍ പീട്യ എവിടെയാ ..?
പയ്യന്‍ അന്തം വിട്ടു എന്നെ നോക്കി.അവന്‍റെ ജീവിതത്തില്‍ ആദ്യമായും അവസാനമായും ആയിരിക്കും ഒരുത്തന്‍ സ്വന്തം നാട്ടിലെ റേഷന്‍ കട അന്വേഷിക്കുന്നത് ..
അവന്‍ ചാക്ക് നിലത്ത് വെച്ച് കറക്റ്റ് സ്ഥലം പറഞ്ഞു തന്നു ..


അങ്ങിനെ ഞാന്‍ പയ്യന്‍ പറഞ്ഞ സ്ഥലത്തേക്ക് കന്നാസും കാര്‍ഡുമായി നടന്നു .അവിടെ എത്തിയപ്പോള്‍ എന്നെ പോലെ കുറെ പേര്‍ കാര്‍ഡും കന്നാസും കവറും ഒക്കെ ആയി ക്യൂ നില്‍ക്കുന്നു .ഞാനും പോയി ക്യൂ നിന്നു ..

                                                                                            തുടരും




ഇത് വായിക്കുന്നവരോട് ...ഈ കാസറ്റ് എന്ന് പറഞ്ഞാല്‍ മണ്ണെണ്ണ ആണോ ,എങ്കില്‍ അത് എന്തിനാ ഉപയോഗിക്കുന്നത് .?
.

Friday 23 September 2011

ഈ വണ്ടി ഏതു വരെ പോകും ....?



       ഉമ്മു ജാസ്മിനും ചെറുവാടിയും ഒക്കെ നാട്ടില്‍ പോയി വരികയും അവര്‍ നടത്തിയ യാത്രകള്‍ എഴുതി ആളാകുകയും ചെയ്തതോടെയാണ് ബ്ലോഗിങ് നിര്‍ത്തി ഡീസന്റ് ആയിരുന്ന എനിക്ക് വീണ്ടും എഴുതാന്‍ പൂതി വന്നത് ..പൂതി വന്നാല്‍ പിന്നെ വേറെ മാര്‍ഗമില്ല ..എഴുതി തീര്‍ക്കുക തന്നെ ...


      നാട്ടില്‍ എത്തികുറച്ചു നാളുകള്‍ക്കു ശേഷംപതിവ് പോലെ രാവിലെ ബാപ്പ കടയില്‍ പോകുന്നത് വരെ ബാപ്പാനെ ബോധിപ്പിക്കാന്‍ കുറച്ചു നേരം ഖുര്‍ആന്‍ ഓതി ബാപ്പ പോയ ശേഷം ഇനിയെന്ത് എന്നാലോചിച്ചു നില്‍ക്കുമ്പോഴാണ് പെട്ടെന്ന് ഒരു പൂതി മനസ്സില്‍ തോന്നിയത് .വയനാട് പോയാലോ എന്ന് .പലപ്പോഴായി പലരും നടത്തിയ വയനാട് യാത്രകള്‍ ബ്ലോഗുകളിലും മറ്റും വായിച്ചതും എവിടെയൊക്കെയോ കണ്ട വയനാടന്‍ ദൃശ്യങ്ങളും ഓര്‍ത്തപ്പോള്‍ പിന്നെ വേറെ ഒന്നും ആലോചിച്ചില്ല.ഉമ്മാനോട് "ഇപ്പൊ വരാട്ടോ "എന്നും പറഞ്ഞു മെല്ലെ മുങ്ങി..റോഡില്‍ എത്തിയപ്പോഴാണ് ആലോചിച്ചത് ..അല്ല ഈ വയനാട് ഏതു ഭാഗത്തേക്കാണ് ,ഏതു ബസ്സില്‍ ആണ് കയറേണ്ടത്.നാട്ടുകാരോട് ചോദിക്കാം എന്ന് വെച്ചാല്‍ കുറെ ചോദ്യം ഉണ്ടാവും.പോരാത്തതിന് ഞാന്‍ വീട്ടിലും നാട്ടിലും ഉടുക്കുന്ന കള്ളിതുണിയും ഷര്‍ട്ടും ആണ് ഇട്ടിരിക്കുന്നതും.ആ കോലത്തില്‍ വയനാട്ടില്‍ പോയാല്‍ പിന്നെ അത് മതി നാട്ടുകാര്‍ക്ക് പറഞ്ഞു ചിരിക്കാന്‍ .!


    പിന്നെ കൂടുതല്‍ ചോദിക്കാനും പറയാനും ഒന്നും നിന്നില്ല .എന്‍റെ സ്ഥിരം ഐഡിയ എടുത്തു.എവിടെ പോകണം എങ്കിലും ആദ്യം കൊണ്ടോട്ടിയിലേക്ക് ബസ്‌ കയറി അവിടെ നിന്നും കോഴിക്കോട് പോവുക.അവിടെ നിന്ന് ഒരു വിധം എല്ലാ സ്ഥലത്തേക്കും ബസ്‌ ഉണ്ടാവും.അങ്ങിനെ നേരെ കോഴിക്കോട് പിടിച്ചു.അവിടെ എത്തി കുറച്ചു നേരം ചുറ്റി കറങ്ങി.കോഴിക്കോട് ബസ്‌ സ്റ്റാന്റിനു മുന്നില്‍ ഫ്രൂട്ട്സ് കച്ചവടം നടത്തുന്നവരുടെ അടുത്ത് പോയി മാങ്ങക്കും നാരങ്ങക്കും ഒക്കെ വെറുതെ വില ചോദിച്ചു.പിന്നെ കവാടത്തിന്റെ സൈഡില്‍ ഇരുന്നു പത്രങ്ങളും മാസികകളും വില്‍ക്കുന്ന കാലിനു സുഖമില്ലാത്ത ആളുടെ അടുത്ത് ചെന്ന് കുറച്ചും നേരം നോക്കി നിന്നു.എന്‍റെ ഇഷ്ട്ട ടീം ബാഴ്സിലോണയുടെ മുഴുവന്‍ ടീം അംഗങ്ങളും ചാമ്പ്യന്‍സ് ലീഗും പിടിച്ചു നില്‍ക്കുന്ന മുഖചിത്രം ഉള്ള മാതൃഭുമി സ്പോര്‍ട്സ്‌ മാസിക കണ്ടപ്പോള്‍ വാങ്ങാതിരിക്കാന്‍ കഴിഞ്ഞില്ല ...!

    പിന്നെ നേരെ വയനാട് പോകാന്‍ തീരുമാനിച്ചു .വയനാട്ടിലേക്കുള്ള ബസ്‌ തിരഞ്ഞു നടന്നു.അത്ഭുതം.ഒറ്റ ബസ്സും വയനാട് പോകുന്നില്ല.ഒരു നിമിഷം ഞാന്‍ സംശയിച്ചു നിന്നു.ഇനി കോഴിക്കോട് നിന്നു വയനാട്ടിലേക്ക്‌ ബസ്സില്ലേ.ഇനിയെന്ത് ചെയ്യും ...അവിടെയുള്ള ഒരു തലയില്‍ ചുവന്ന തുണി കെട്ടിയ ഒരാളോട് ചോദിച്ചു{സ്റ്റാന്റില്‍ ലോഡ്‌ എടുക്കുന്ന.}.അപ്പൊ അയാള്‍ ചൂണ്ടി കാണിച്ച ഭാഗത്തേക്ക്‌ നടന്നു.അവിടെ പോയപ്പോള്‍ വയനാട് എന്ന ബോര്‍ഡ്‌ കാണുന്നില്ല.അവിടെ കൂട്ടം കൂടി നിന്നു തമാശ പറയുന്ന ബസ്‌ ജീവനക്കാരോട് ചോദിച്ചപ്പോള്‍ അവര്‍ എന്നെയും എന്‍റെ തൊട്ടടുത്ത്‌ നിര്‍ത്തിയിട്ട ബസ്സിനെയും മാറി മാറി നോക്കി.സംഭവത്തിന്‍റെ കിടപ്പ് വശം എനിക്ക് പെട്ടെന്ന് മനസ്സിലായി.ജാള്യത മറച്ചു വെച്ച് മാസിക ഒന്നും കൂടി ചുരുട്ടി പിടിച്ചു അതില്‍ കയറാന്‍ വേണ്ടി നടന്നപ്പോള്‍ പിറകില്‍ നിന്നു ആ ബസ്സിന്‍റെ കണ്ടക്റ്റര്‍ വിളിച്ചു ചോദിച്ചു.എവിടെയാണ് പോകേണ്ടത്..?

ഞാന്‍ ; വയനാട്‌ ..

കണ്ടക്റ്ററുടെ സുഹൃത്ത് ; അതെ ,വയനാട്ടില്‍ എവിടെയാണ് ...?

ഞാന്‍  ; വയനാട്

കണ്ടക്റ്റര്‍ {സംശയത്തോടെ}  ; വയനാട് എന്ന് പറഞ്ഞാല്‍ ഒരു ജില്ലയാണ് ,,താങ്കള്‍ക്ക് എവിടെയാണ് പോകേണ്ടത് ..

ഞാന്‍ ;{തല ചൊരിഞ്ഞു കൊണ്ട് }; അല്ല അപ്പൊ ഈ ചുരം ...!...ഒരു മിനിറ്റേ ..ഞാന്‍ ഒന്ന് വിളിച്ചു ചോദിക്കട്ടെ ..അവിടെ എന്‍റെ ഒരു ഫ്രെണ്ടിനെ കാണാന്‍ പോകുവാ ,അവന്‍ എന്നോട് വയനാട്‌ എത്തിയാല്‍ വിളിക്കാന്‍ ആണ് പറഞ്ഞത് എന്നും പറഞ്ഞു മൊബൈലും എടുത്തു വയനാട്ടില്‍ പോകാന്‍ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ട് അവിടെ നിന്ന് മെല്ലെ മുങ്ങി..

   കുറച്ചു മാറി നിന്ന് ആര്‍ക്കു വിളിക്കും എന്നാലോചിച്ചു നിന്നപ്പോഴാണ് ബ്ലോഗര്‍ ജാബിര്‍ മലബാരിയെ ഓര്മ വന്നത്.അവനാണെങ്കില്‍ വീട്ടില്‍ ചോദിക്കാനും പറയാനും ഒന്നും ആരുമില്ല എന്നാ തോന്നുന്നത് .ഫുള്‍ ടൈം ചെക്കന്മാരെയും കൂട്ടി തന്‍റെ പൊട്ടന്‍ ക്യാമറയും എടുത്തു ലോകം ചുറ്റലാണ് അവനു പണി.എന്തായാലും അവനു വിളിച്ചു.  ,,,
ഇതാണ് ആ പഹയന്‍ ...സ്വന്തമായി അഞ്ചാറ് ബ്ലോഗുണ്ട്


ഞാന്‍ ; ഹല്ലോ .അസ്സലാമു അലൈക്കും ..ഇജ്ജി തെരക്കിലാ

ജാബിര്‍  ;അല്ല ,ഞാന്‍ തൃശൂരാ ...!

ഞാന്‍ ; അത് സാരല്യ ..എടാ ഈ വയനാട് ചൊരം കയിഞ്ഞ അപ്പന്നെ ബെര്ണ ഒരു സ്ഥല്‍ത്തിന്‍റെ പേര് പര്‍ഞ്ഞാ ...

ജാബിര്‍ ; അത് പിന്നെ കുറെ ഉണ്ട് ..{അവന്‍ കിട്ടിയ ചാന്‍സ്‌ മുതലാക്കി വയനാടിനെ കുറിച്ചുള്ള അവന്‍റെ അറിവുകള്‍ വാരി വിതറാന്‍ തുടങ്ങി ,കോഴിക്കോട് നിന്നും വയനാട്‌ അവസാനം വരെ ഉള്ള സകല സ്ഥലങ്ങളുടെ പേരുകള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു ..ഭാഗ്യം എനിക്കൊന്നും മനസ്സിലായില്ല ...}

അവസാനം അവന്‍ പറഞ്ഞ പേരുമായി വീണ്ടും കണ്ടക്റ്ററുടെ അടുത്തേക്ക് ..അവിടെ എത്തിയപ്പോഴേക്കും ആ പേര് എന്തോ ഭാഗ്യത്തിന് മറന്നു പോയി....!

അവസാനം കണ്ടക്റ്ററോട് ; അല്ല ഈ ബസ്സ്‌ എവിടെ വരെ പോകും ...?

അയാള്‍  ; സുല്‍ത്താന്‍ ബത്തേരി ...

ഞാന്‍ ; എന്നാല്‍  അവിടേക്ക് ഒരു ടിക്കെറ്റ് തരൂ ..ഞാന്‍ എനിക്ക് വേണ്ട സ്ഥലം എത്തുമ്പോള്‍ ഇറങ്ങിക്കോളാം ....{ബ്ലോഗറോടാ അവന്‍റെ കളി ....!}

അയാള്‍  അന്തം വിട്ടു എന്നെ കുറച്ചു നേരം നോക്കി .പിന്നെ ടിക്കറ്റ്‌ മുറിച്ചു തന്നു.മടക്കി കുത്തിയ കള്ളി തുണി അഴിച്ചിട്ട് നേരെ ബസ്സില്‍ കയറി സീറ്റില്‍ ഇരുന്നു കയ്യിലുള്ള സ്പോര്‍ട്സ്‌ മാസിക തുറന്നു മടിയില്‍ വെച്ചു.എന്നിട്ട് പുറത്തേക്കു നോക്കി കാഴ്ചകള്‍ കാണാന്‍ തുടങ്ങി ....

                                                                                                      തുടരും 
.

Tuesday 26 July 2011

കല്യാണ പാരകള്‍ ...{തിരിച്ചു വരവ് }


ബ്ലോഗര്‍ അമീര്‍ ഖാന്‍റെ പാര {ചിത്രത്തില്‍ ഉള്ള പെണ്‍കുട്ടി അവന്റെ മുന്‍ കാമുകി ആണ് പോലും.ഞാന്‍ അറിയില്ല }


ഒരു പെണ്ണുകാണല്ചടങ്ങ്.{ബ്ലോഗര്‍ അസീസ്ക്ക പണി തന്നത് ...!} 

"പെണ്കുട്ടിയുടെ വീട്, ഇന്റീരിയര്ഫൈസുവും ബ്രോക്കറും പെണ്കുട്ടിയുടെ ഉപ്പയും . പതിവിനു വിരുദ്ധമായി ചെറുതായൊന്നൊരുങ്ങിയിട്ടുണ്ട് ഫൈസു . പക്ഷേ, ബുദ്ധിജീവിയുടെ ഗൗരവം വിട്ടിട്ടില്ല. അയാളുടെ പ്രകൃതം നന്നായറിയാവുന്നതുകൊണ്ട് ചെറിയൊരു പരിഭ്രമം കാണാനുളളത് ബ്രോക്കര്ക്ക് ആണ് .
ട്രേയില്ചായക്കപ്പുകളുമായി പെണ്കു്ട്ടിയെ അവര്ക്കിടയിലേക്കാനയിച്ച് ഉമ്മ വാതിലിനപ്പുറം മറഞ്ഞു. സുന്ദരിയായ പെണ്കുട്ടി.
കുട്ടി ടീപ്പോയില്ചായക്കപ്പുകള്എടുത്തുവയ്ക്കുന്നതിനിടയില്അടക്കത്തില്ബ്രോക്കര്‍ (ഫൈസുവിനോട്): ശരിക്കും നോക്കിക്കോളൂ .
അപ്പം പറഞ്ഞതൊക്കെ ഓര്മയുണ്ടല്ലോ. ബ്ലോഗിന്റെ കാര്യം മിണ്ടരുത്. ദുബായിലാണ് , വലിയ ബിസിനസ്സ്കാരനാണ് എന്നൊക്കെയാ പറഞ്ഞിട്ടുളളത്.
ഫൈസു (ഗൗരവത്തില്‍): അങ്ങനെ നുണ പറയേണ്ട കാര്യമൊന്നുമെനിക്കില്ല.
അവരുടെ സംസാരം ശ്രദ്ധിച്ച് പെണ്കുട്ടിയുടെ ഉപ്പ : എന്താ?
ബ്രോക്കര്‍ : ഒന്നുമില്ല, ചില ബിസിനസ് കാര്യങ്ങള്പറയുകയായിരുന്നു.
തികഞ്ഞ ഗൗരവം പാലിച്ച് ഫൈസു : അല്ല. മലയാളത്തിലെ പ്രശസ്തനായ ഒരു ബ്ലോഗ്ഗര്ആണ് ഞാന്‍.അന്തരീക്ഷം ഒന്നു ലഘൂകരിക്കാനായി ബ്രോക്കര്‍ : ഒരു തമാശയ്ക്ക്-സൈഡായിട്ട്-ഉണ്ട്.
ഫൈസു (അതിഷ്ടപ്പെടാതെ): തമാശയ്ക്കൊ.(പെണ്കുുട്ടിയുടെ ഉപ്പയോടു ) ബ്ലോഗ്എനിക്ക് ജീവാത്മാവും പരമാത്മാവും ആണ്. എനിക്ക് പെണ്കുട്ടിയോട് ചില കാര്യങ്ങള്ചോദിച്ചറിയാനുണ്ട്.
പെണ്കുട്ടിയുടെ മുഖം ലജ്ജകൊണ്ട് തുടുത്തു.
ഫൈസു (അവളോട്): സര്ഗ്ഗവാസനകളുടെ സ്വതന്ത്ര ആവിഷ്കാരമായ ബൂലോകവുമായി തോളോടുതോള്ചേര്ന്ന് പ്രവര്ത്തിക്കാന്തയാറാണോ.
പെണ്കുട്ടിയുടെ ചിരി മാഞ്ഞു. ഉപ്പയുടെ മുഖത്തും പകപ്പ്. ബ്രോക്കര്ഉമിനീരിറക്കി.
മറുപടി ഇല്ലെന്നു കണ്ട് ഫൈസു : വേണ്ട, ഞാന്തയ്യാറെടുപ്പിച്ചോളാം. കുട്ടിയുടെ സാമൂഹ്യബോധം എനിക്കൊന്നു പരിശോധിക്കണം.
ചെറിയൊരു പരുങ്ങലിലാണ് ബ്രോക്കര്
ഒന്നിളകിയിരുന്ന് ഫൈസു: “ഫൈസുവിന്റെ ബ്ലോഗ്‌” എന്ന ബ്ലോഗ്വായിച്ചിട്ടുണ്ടോ? അല്ലെങ്കില്ബെര്ളിത്തരങ്ങള്‍ ? വള്ളിക്കുന്ന് ഡോട്ട് കോം ? അതുമല്ലെങ്കില്കൊടകരപുരാണം ?
പെണ്കുട്ടി മൗനം
ഫൈസു : എന്താ വായനാശീലം ഇല്ലേ?
ഉപ്പ (അഭിമാനത്തോടെ): അതൊക്കെയുണ്ട്. മംഗളം വാരികയിലും മനോരമയിലും വരുന്ന മിക്ക നോവലുകളും ഇവിടെ ഞങ്ങള്എല്ലാവരും വായിക്കാറുണ്ട്.
ബ്രോക്കര്ക്ക് തല്ക്കാലത്തേക്ക് സമാധാനമായി. പക്ഷേ, ഫൈസു വിടുന്ന മട്ടില്ല.
ഫൈസു : അത്രയേ ഉളളൂ. ശരി വായിച്ച നോവലില്ഏറ്റവും ഇഷ്ടപ്പെട്ട നോവല്ഏതാണ്?
  പെണ്‍കുട്ടി നിന്നു വിയര്ക്കുകയാണ്.
ഉപ്പ : ഏതാ മോളേ?
എന്തുപറയണമെന്നറിയാതെ പെണ്കുട്ടി: അത്-
ഫൈസു : അത്…?
ഉപ്പ : എന്തായാലും പറഞ്ഞേക്ക്.
പെണ്കുട്ടി (നാണത്തോടെ): ഏറ്റവും ഇഷ്ടപ്പെട്ടത് മനോരമയിലെ ഹവ്വാബീച്ച്.
തീരെ രുചിക്കാതെ ഫൈസു : ഹവ്വാബീച്ചോ? അതെന്തു ബീച്ച്?
ഫൈസുവിന്റെ വിചാരണയില്നിന്നും രക്ഷപ്പെടാനായി, ഇടയ്ക്കുകയറി ബ്രോക്കര്‍ : അതേതെങ്കിലും ഫോറിന്ബീച്ചായിരിക്കും.
ഉപ്പ (അഭിമാനത്തോടെ): കോട്ടയം പുഷ്പനാഥിനെയും മാത്യു മറ്റത്തെയും മോള്ക്കു വലിയ ഇഷ്ടമാണ്.
ഫൈസു പേരുകള്ആദ്യമായിട്ട് കേള്ക്കു കയാണ്. സംശയത്തോടെ
ഫൈസു : ഇഷ്ടം.... ന്നു പറഞ്ഞാല്‍-? (ഒന്നു നിര്ത്തിത) അതുപോട്ടെ, എനിക്കു ചില നിബന്ധനകള്മുന്നോട്ടു വെക്കാനുണ്ട്. കല്യാണത്തിന് ആര്ഭാ്ടങ്ങളൊന്നും പാടില്ല. ഞങ്ങളുടെ ബ്ലോഗേഴ്സ് ഗ്രൂപ്പില്വെച്ച് വളരെ ലളിതമായ ഒരു ചടങ്ങ്. ഞാന്എന്റെ ഒരു പോസ്റ്റ്വായിച്ചു കേള്പ്പി ക്കും . കുട്ടി അതിനു ഒരു കമന്റു പറയണം . അതിനുശേഷം അരമണിക്കൂര്എന്റെ സഹ ബ്ലോഗ്ഗര്മാ ര്ചില ബ്ലോഗ്കവിതകള്ഉറക്കെ ചൊല്ലും.പിന്നെ ഒരു ഗ്ലാസ് .നാരങ്ങാവെളളം. ചടങ്ങ് തീര്ന്നു .
വിരണ്ടു നില്ക്കുകയാണ് ഉപ്പയും മകളും. അമ്പരപ്പോടെ ഉപ്പ ബ്രോക്കറെ നോക്കി, അയാളൊരു ഇളിഭ്യച്ചിരി ചിരിച്ചു.
അതൊന്നും ശ്രദ്ധിക്കാതെ തുടരുന്ന ഫൈസു : ഞാനധികവും ബൂലോകത്തായിരിക്കും . നെറ്റില്‍ . ശ്രീമാന്ബെര്ളി തോമസ്സിന്റെ ബെര്ളി്ത്തരങ്ങള്വായിച്ചിട്ടില്ലേ. അതുപോലൊരു ജീവിതമായിരിക്കും മിക്കപ്പോഴും എന്റേത് . ഗൂഗിള്ബസ്സുകാരും ഫേസ്ബുക്കുകാരും ഞങ്ങളെ വേട്ടയാടുകയാണല്ലോ. ചിലപ്പോള്ലോക്കപ്പിലോ ജയിലിലോ ആയെന്നും വരാം.
പെണ്‍കുട്ടിയുടെ തൊണ്ടവരണ്ടപോലെ.
തീവ്രമായ വിപ്ലവച്ചുവയില്ഫൈസു : ഒരു ബ്ലോഗ്ഗറുടെ ഭാര്യ എന്തും സഹിക്കാന്പ്രാപ്തയായിരിക്കണം. ചിലപ്പോള്കുട്ടി തെറി കമന്റുകള്നേരിടേണ്ടി വന്നേക്കാം. അപ്പോള്ചെവി വെച്ച് കൊടുക്കണം. ......."{ഇത് അസീസ്ക്ക എഴുതിയത് കോപ്പി ചെയ്തതാണ് ,ഇതില്‍ വന്ന അക്ഷര തെറ്റുകള്‍ക്ക് ഞാന്‍ ഉത്തരവാദി അല്ല ..താങ്ക്സ് }



അങ്ങിനെ  കല്യാണവും മൂന്നു മാസത്തെ അവധിയും ഒക്കെ കഴിഞ്ഞു ഞാന്‍ തിരിച്ചു വന്നിരിക്കുന്നു ...ഇനി എല്ലാം ഒന്നില്‍ നിന്ന് തുടങ്ങണം ...എന്നെ ഓര്‍മ ഉള്ള ആരെങ്കിലും ഉണ്ടോ ആവോ !!!!!



Sunday 29 May 2011

ആരും ചിരിക്കരുത് .ഒരു സത്യം പറയാം ..!



       എല്ലാം വളരെ പെട്ടെന്നായിരുന്നു ...!
       ഉപ്പയും ഉമ്മയും കൂടി അങ്ങ് തീരുമാനിച്ചു ...!
       ഊരാന്‍ ഒരു ചാന്‍സും തരാതെ ഫുള്‍ ചെലവ് ഏറ്റെടുത്തു കൊണ്ട് ജ്യേഷ്ട്ടനും എന്നെ ചതിച്ചു ...!
       പാവം ഞാന്‍ എന്ത് ചെയ്യാന്‍ ..{അല്ലാതെ എനിക്ക് കല്യാണം കഴിക്കാന്‍..അയ്യേ.ഞാന്‍ ആ ടൈപ്പല്ല} ...!

      സംഭവം എന്തെന്ന് വെച്ചാല്‍ എന്‍റെ കല്യാണം നിശ്ചയിച്ചു പോലും {ചിരിക്കരുത് }.ഞാന്‍ പോലും രണ്ടു ദിവസം കഴിഞ്ഞാ അറിഞ്ഞത് .പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു .വീട്ടില്‍ ചെറിയ തോതില്‍ പെയിന്റിംഗ് , തേപ്പ് , തുടങ്ങിയ കലാപരിപാടികള്‍ കാരണം ലാപ്ടോപ് തൊടാന്‍ പോലും കഴിഞ്ഞില്ല .ഇപ്പോഴാണ് അതൊന്നു അവസാനിച്ചത് ..അത് കൊണ്ട് നിങ്ങളെ ആരെയും അറിയിക്കാന്‍ പറ്റിയില്ല ...അടുത്ത വ്യാഴാഴ്ചയാണ് {02-06-2011} കല്യാണം ..വരാന്‍ കഴിയുന്നവര്‍ നിര്‍ബന്ധമായും വരിക .വരാന്‍ കഴിയാത്തവര്‍ പ്രാര്‍ഥിക്കണം , അനുഗ്രഹിക്കണം ....!


കൂടുതല്‍  സമയം ഓണ്‍ലൈന്‍ ചെലവഴിക്കാന്‍ കഴിയില്ല .എന്‍റെ ലാപ്ടോപ്‌ തന്നെ ഇത്ര ദിവസവും ഉപ്പ കാണാതെ കൊണ്ട് നടക്കുകയായിരുന്നു .കണ്ടപ്പോള്‍ ജോലി ആവശ്യത്തിനാണ് എന്നൊക്കെ പറഞ്ഞു അട്ജെസ്റ്റ്‌ ചെയ്തു പോരുകയാണ് ..അത് കൊണ്ട് ഇനി ഞാന്‍ എപ്പോഴാണ് ഓണ്‍ലൈന്‍ വരിക എന്നറിയില്ല ..അത് കൊണ്ട് എല്ലാവരോടും ഒരിക്കല്‍ കൂടി എനിക്കും എന്‍റെ കുടുംബത്തിനും വേണ്ടി പ്രാര്‍ഥിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു ......എന്‍റെ നാട്ടിലെ മൊബൈല്‍ നമ്പര്‍    9746346034







Monday 16 May 2011

മാഹിയില്‍ ഞാന്‍ കണ്ട "കൂള്‍ബാറുകള്‍ "....!

 


             എന്‍ഡോസള്‍ഫാന്‍ ,ഒരു പക്ഷെ കാസര്‍ഗോഡ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് ഓര്മ വരുന്നത് അതായിരിക്കും.പത്ര മാധ്യമങ്ങളില്‍ നമ്മള്‍ കണ്ട കുറെ ചിത്രങ്ങള്‍ , ഫീച്ചറുകള്‍ ,എന്നിവയില്‍ കൂടി ഒക്കെ എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങള്‍ ആണ് എന്‍ഡോസള്‍ഫാനേയും അതിന്‍റെ ഇരകളെയും കുറിച്ച് .ആ വിഷയം കൂടുതല്‍ പറയുന്നില്ല.ഒരു സാധാരണക്കാരന് അറിയുന്ന അറിവുകളെ എനിക്കും ഉള്ളൂ .അതിന്‍റെ ശാസ്ത്രീയ വശങ്ങളെ കുറിച്ചും മറ്റുമൊന്നും പറയാന്‍ എനിക്കറിയില്ല.അങ്ങിനെ കേട്ട വായിച്ച അറിവുകളും ആയി എന്‍ഡോസള്‍ഫാന്‍ നിരോധിക്കണേ എന്നും പ്രാര്‍ത്ഥിച്ചു നടക്കുന്ന സമയത്താണ് നാട്ടില്‍ പോകുന്നതും ചക്കക്കുരു കറി കൂട്ടി ചോറ് തിന്നേണ്ടി വന്നതും മറ്റും ...!

          അങ്ങിനെ നാട്ടില്‍ വെറുതെ ഇരിക്കുന്ന സമയത്ത് വെറുതെ മൊബൈലില്‍ നെറ്റ് എടുത്തു ലാപ്പില്‍ 'ഘടിപ്പിച്ചു ' വെറുതെ ഫേസ്ബുക്കില്‍ ഒക്കെ കയറി നോക്കിയ സമയത്താണ് "നമ്മള്‍ ഫേസ്ബുക്ക് ഗ്രൂപ്പി"ല്‍ ശ്രീജിത്ത്‌ കൊണ്ടോട്ടി ഇട്ട ഒരു ബ്ലോഗ്‌ ലിങ്ക് കാണുന്നത് .'ബ്ലോഗര്‍മാര്‍ കാസര്‍കോട്ടേക്ക് ' എന്ന ബ്ലോഗ്‌ അക്കാദമിയുടെ പോസ്റ്റ്‌ ആയിരുന്നു അത്.അതില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ബ്ലോഗര്‍മാര്‍ക്ക് വിളിക്കാന്‍ നമ്പരും കൊടുത്തിരുന്നു.അത് വായിച്ചു ഫേസ്ബുക്കില്‍ തിരിച്ചു വന്നപ്പോള്‍ ശ്രീജിത്ത് ഓണ്‍ലൈന്‍ ഉണ്ടായിരുന്നു.വെറുതെ ശ്രീജിതിനോടു അക്കാര്യം സംസാരിക്കുകയും അദ്ദേഹം അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.അങ്ങിനെ ഞാന്‍ ആ ബ്ലോഗില്‍ പോയി കമെന്റ്റ്‌ ഇടുകയും ആ നമ്പരില്‍ വിളിക്കുകയും ചെയ്തു.വിളിച്ചു സംസാരിച്ചപ്പോള്‍ ആണ് അറിയുന്നത് അത് ചിത്രകാരന്‍ ആയിരുന്നു .അങ്ങിനെ മൂപ്പര്‍ക്ക് എന്നെ പരിചയപ്പെടുത്തി.ഞാനും വരുന്നു എന്ന് പറഞ്ഞു.അങ്ങിനെ അദ്ദേഹം പിന്നെയും ഒന്ന് രണ്ടു പ്രാവശ്യം വിളിക്കുകയും കാര്യങ്ങളും കണ്ടു മുട്ടേണ്ട സ്ഥലങ്ങളും മറ്റും ചര്‍ച്ച നടത്തുകയും ചെയ്തു.അങ്ങിനെ മെയ്‌ ഒന്നിന് കാസര്‍കോട്‌ കാണാം എന്ന് തീരുമാനമായി....!

         സംഭവം പോകുന്നത് ഒരു നല്ല കാര്യത്തിന് ആണ് എങ്കിലും വീട്ടില്‍ നിന്നും കാസര്‍കോട്‌ പോകാനുള്ള പെര്‍മിഷന്‍ ഒന്നും കിട്ടില്ല എന്നുറപ്പായിരുന്നത് കൊണ്ട് കണ്ണൂരില്‍ ഉള്ള ഒരു സുഹൃത്തിന്‍റെ ഗള്‍ഫില്‍ നിന്നും തന്ന സാധനം കൊണ്ട് കൊടുക്കാനുണ്ട് എന്നും പറഞ്ഞു വീട്ടില്‍ നിന്ന് തലേന്ന് തന്നെ മുങ്ങി.ചിത്രകാരന്‍ പറഞ്ഞതനുസരിച്ച് മെയ്‌ ഒന്നിന് പുലര്‍ച്ചെ കോഴിക്കോട് നിന്നും അവരെല്ലാവരും ഉള്ള ട്രെയിന്‍ ഉണ്ടാവും എന്നറിയാമായിരുന്നെങ്കിലും അവിടെ പോയി എങ്ങിനെ ടിക്കെറ്റ്‌ എടുക്കും എന്നോ ട്രെയിനിന്‍റെ പേരോ ഒന്നും അറിയാത്തത് കൊണ്ട് ആ സാഹസത്തിനു മുതിര്‍ന്നില്ല.നേരെ കോഴിക്കോട് പോയി കാസര്‍കോട്ടെക്ക് പോകുന്ന ബസില്‍ പോകാം എന്ന് കരുതി.അവിടെ എത്തിയപ്പോള്‍ ഏകദേശം വൈകുന്നേരം ആയിരുന്നു.അന്വേഷിച്ചപ്പോള്‍ കാസര്‍കോട്ടേക്ക് അടുത്തൊന്നും ബസ്‌ ഇല്ല എന്നറിഞ്ഞു .രാത്രി ആവുമത്രെ.പിന്നെ ഉള്ള മാര്‍ഗം കണ്ണൂരില്‍ പോയി അവിടെ നിന്ന് കാസര്‍ഗോഡ്‌ പോവുക എന്നതാണ്.കേരളത്തില്‍ എവിടെ പോയാലും അവിടെയും കൂടി കാണാം എന്ന് കരുതി നടക്കുന്നവന് എന്ത് ദൂരം എന്ത് കണ്ണൂര്‍ .കണ്ണൂര്‍ എങ്കില്‍ കണ്ണൂര്‍ .കണ്ണൂര്‍ എന്താ എങ്ങിനെ എന്നൊന്നും അറിയാത്തത് കൊണ്ട് കണ്ടകട്ടരോട് അവിടെ നിന്നും കാസര്‍ഗോഡ്‌ വണ്ടി കാണിച്ചു തരണട്ടോ എന്നും പറഞ്ഞു കണ്ണൂരിലേക്കുള്ള ബസ്സില്‍ കയറി.അങ്ങിനെ കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് ..........  തുടരും

         അല്ലെങ്കില്‍ ഇപ്പൊ തന്നെ തുടരാം.അങ്ങിനെ പരിചയമില്ലാത്ത വഴികളില്‍ കൂടിയും ആദ്യമായി കാണുന്ന സ്ഥലങ്ങളില്‍ കൂടിയും ബസ്‌ നീങ്ങി കൊണ്ടിരിന്നു.എന്തോ ഭാഗ്യത്തിന് വിന്‍ഡോയുടെ അടുത്തു തന്നെ സീറ്റും കിട്ടിയിരുന്നു.പുറം കാഴ്ചകള്‍ ഒക്കെ കണ്ടു അങ്ങിനെ ഇരുന്നു.ഇടക്കെപ്പോഴോ ഏതോ ഒരു സ്റ്റാന്‍ഡില്‍ നിന്നും ഒരു മാഷ്‌ കയറി ഞാന്‍ ഇരുന്ന 'മൂന്നാള്‍' സീറ്റില്‍ വന്നിരുന്നു.അദ്ദേഹം തലശ്ശേരിയിലേക്ക് പോകുകയായിരുന്നു.മൂപ്പരുമായി സംസാരിച്ചു കമ്പനി ആയി .പിന്നെ ഞാന്‍ ആദ്യമായി ആണ് കണ്ണൂര്‍ പോകുന്നത് എന്നും മറ്റും അയാളോട് പറഞ്ഞു .പിന്നെ അദ്ദേഹത്തിനും ആവേശമായി.പിന്നെ എല്ലാ സ്ഥലങ്ങളെ കുറിച്ചും മറ്റും അയാള്‍ പറഞ്ഞു തന്നു .ഇടക്കെപ്പോഴോ മാഹി എന്നാ സ്ഥലത്ത് എത്തിയപ്പോള്‍ അതിനെ കുറിച്ച് അദ്ദേഹം കുറച്ചു കൂടുതല്‍ പറഞ്ഞു തന്നു.കാരണം ആ സ്ഥലം കേരളത്തില്‍ പെട്ടതല്ല എന്നദ്ദേഹം പറഞ്ഞപ്പോള്‍ കൂടുതല്‍ അറിയാന്‍ എനിക്ക് ആകാംക്ഷയായി .അപ്പോഴാണ്‌ അറിയുന്നത് അത് കേന്ദ്ര ഭരണ പ്രദേശമാണ് എന്നും മറ്റും.പിന്നെ അത് പണ്ട് കാലത്ത് ഒരു ഫ്രെഞ്ചു കോളനി ആയിരുന്നു എന്നും മറ്റും.അവിടെ ഞാന്‍ ശ്രദ്ധിച്ച മറ്റൊരു കാര്യം നമ്മുടെ നാട്ടില്‍ കൂള്‍ബാര്‍ ഒക്കെ ഉള്ള പോലെ എവിടെ നോക്കിയാലും മദ്യം വില്‍ക്കുന്ന 'കൂള്‍ബാറുകള്‍ ' ആയിരുന്നു.നല്ല കിടിലന്‍ ബോര്‍ഡുകളും.വിദേശനാടന്‍ മദ്യങ്ങള്‍ ഇവിടെ ലഭിക്കും എന്നൊക്കെയുള്ള.{അപ്പൊ ഞാന്‍ വെറുതെ രമേശ്‌ അരൂരിനെ ഓര്‍ത്തു പോയി ..ഉവ്വ ഉവ്വ }.മാഷോട് അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവിടെ വില കുറവാണ് ,കേന്ദ്ര ഭരണം ആയത് കൊണ്ട് ടാക്സ്‌ കുറവാണ് എന്നോ മറ്റോ ഒക്കെ അദ്ദേഹം കാരണങ്ങള്‍ പറഞ്ഞു.

      അങ്ങിനെ മാഹി കാഴ്ചകള്‍ കണ്ടു പിന്നെയും നശിച്ച കേരളത്തിലേക്ക് .ചോര മണം മാറാത്ത ,വിവിധ പാര്‍ട്ടികള്‍ ഭരിക്കുന്ന കണ്ണൂരിന്‍റെ ഭൂമിയിലേക്ക്‌.അവിടെ എത്താനായപ്പോള്‍ പേടി കൊണ്ടാണോ എന്നറിയില്ല ഹൃദയം സാധാരണയില്‍ നിന്ന് കുറച്ചും കൂടി സ്പീഡില്‍ മിടിക്കുന്നോ എന്ന് സംശയം ..അല്ലെങ്കിലും കണ്ണൂര്‍ എന്ന് കേട്ടാല്‍ സാധാരണ മനുഷ്യര്‍ക്ക്‌ അങ്ങിനെ ആണല്ലോ .ജീവനോടു കാസര്‍ഗോഡ്‌ എത്തുമോ , അതല്ല എന്‍ഡോസള്‍ഫാന്‍ ബാധിച്ചവരെ കാണാന്‍ അവരെ പോലെ കയ്യും കാലുമില്ലാതെ പോകേണ്ടി വരുമോ ?...ഒന്നും പറയാന്‍ പറ്റില്ല എന്നാണു അവിടെയുള്ള സുഹൃത്തുക്കള്‍ പറഞ്ഞത് . ഏതു നിമിഷവും തന്‍റെ നേര്‍ക്ക്‌ കുതിച്ചു വരാന്‍ സാധ്യതയുള്ള ഒരു ബോംബ്‌ , അല്ലെങ്കില്‍ വടി വാള്‍ , സൈക്കിള്‍ ചെയിന്‍ , ഇടിക്കട്ട , തുടങ്ങിയവയുമായി പാഞ്ഞടുക്കുന്ന ഒരു കൂട്ടം ജനങ്ങള്‍ ...എന്തും സംഭവിക്കാം ........!

                                                                                                                                       തുടരും 

 {പിന്നെ എന്‍ഡോസള്‍ഫാന്‍ ബാധിതരെ കുറിച്ചും മറ്റും ഫോട്ടോ സഹിതം ചിത്രകാരനും സാബു കൊട്ടോട്ടിയും ,വിചാരം, കടത്തനാടന്‍ തുടങ്ങിയവരും എഴുതിയിട്ടുണ്ട് .അതില്‍ കൂടുതല്‍ ഒന്നും എഴുതാനോ പറയാനോ ഇല്ലാത്തതു കൊണ്ട് ആ വിഷയം ഞാന്‍ കൂടുതല്‍ എഴുതുന്നില്ല.അവിടെ വെച്ച് കണ്ട കുറച്ചു കാര്യങ്ങള്‍ അടുത്ത പോസ്റ്റില്‍ എഴുതണം എന്ന് കരുതുന്നു ..ഇന്ഷാ അല്ലാഹ് }
  .

Friday 6 May 2011

ഗള്‍ഫുകാരന്‍ അടുക്കളയില്‍ കൂടി ....!



    അങ്ങിനെ ഞാന്‍ കയറിയ വെളുത്ത കാര്‍ ഏകദേശം അര മണിക്കൂര്‍ കൊണ്ട് എന്‍റെ നാട്ടിലെത്തി.ഡിക്കിയില്‍ നിന്ന് ഹാന്‍ഡ്‌ ബാഗും എടുത്തു ചുമലില്‍ എന്‍റെ വിലപിടിപ്പുള്ള ലാപ്ടോപും{ഇടയ്ക്കിടയ്ക്ക് ഇത് വരും.ആദ്യായിട്ട് ജോലി എടുത്തു സ്വന്തം കാശ് കൊണ്ട് വാങ്ങിയ ഒരു 'മൊതലാ'}ഇട്ടു കൊണ്ട് ഇരുനൂറ്റി അമ്പതു ചോദിച്ച ഡ്രൈവര്‍ക്ക് മുന്നൂറു കൊടുത്തു കൊണ്ട് {ബാക്കി തരാന്‍ ചില്ലറ ഇല്ല പോലും,അല്ലെങ്കിലും ഗള്‍ഫുകാര്‍ക്ക് കൊടുക്കാന്‍ അവര്‍ ചില്ലറ വെക്കാറില്ലത്രേ .അമ്പതു നഷ്ട്ടം .ഡ്രൈവര്‍ക്ക് ടിപ് കൊടുത്ത വിവരം എങ്ങാന്‍ പാവം ജ്യെഷ്ട്ടന്‍ അറിഞ്ഞാല്‍ ..!}വീട്ടിലേക്കുള്ള പടി ഇറങ്ങി.ഞാന്‍ എപ്പോ എത്തുമെന്നോ എങ്ങിനെ എത്തുമെന്നോ വീട്ടുകാര്‍ക്ക് വലിയ ഐഡിയ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് വീടിനു മുന്‍ഭാഗത്തു ആരെയും കണ്ടില്ല.ഞാന്‍ വിട്ടു കൊടുക്കുമോ .ഞാന്‍ ആരാ മോന്‍.ലാപ്ടോപും{വിലപിടിപ്പുള്ളത്} ബാഗും മുന്‍വശത്ത് വെച്ച് നേരെ മുണ്ടും എടുത്തു കുളിക്കടവിലേക്ക് നടന്നു എന്ന് പലരും കരുതുമെന്കിലും അതുണ്ടായില്ല.പകരം നേരെ അടുക്കള ഭാഗത്തേക്ക് നടന്നു.അവിടെ ഇരുന്നു പെങ്ങളുടെ തലയില്‍ പേന്‍ നോക്കിയിരിക്കുന്ന ഉമ്മാനോട് 'അസ്സലാമു അലൈകും' ഇങ്ങള് കൊറച്ച് കഞ്ഞിന്റള്ളം കാട്ടിക്കാണി.മന്ഷ്യന്‍ ദുബായീന്ന് വരാ,എന്താ ഇവിടെ ഒക്കെ ചൂട്,എന്നും പറഞ്ഞു നേരെ വീട്ടിന്‍റെ ഉള്ളിലേക്ക് കയറി പോയി.പോകുന്ന പോക്കില്‍ 'ആങ്ങളന്റെ ഗള്‍ഫിന്നു വരവ്' കണ്ടു അന്തം വിട്ട് നിക്കുന്ന പെങ്ങള്‍ക്ക് കാലു കൊണ്ട് ഒരു തൊഴി കൊടുക്കാനും മറന്നില്ല....!

    അങ്ങിനെ വിസയില്ലാതെ ഉമ്രക്ക് പോയി സൗദി പോലീസ്‌ പിടിച്ചു കയറ്റി വിടുന്നവര്‍ പോലും വരാത്ത രീതിയിലുള്ള എന്‍റെ വരവും പാന്റ് മാറ്റാന്‍ തുണി കൊണ്ട് വന്നു റൂം മുഴുവന്‍ തിരഞ്ഞിട്ടും പിന്നെ പുറത്തിറങ്ങി വീടിനു ചുറ്റും ഓടി നടന്നിട്ടും ഒന്നും കിട്ടാതെ തിരിച്ചു വന്നു 'പെട്ടിം സാധനും' ഒക്കെ എവിടെ എന്ന് ചോദിച്ച പെങ്ങളോടു 'ആരുടെ പെട്ടിയും സാധനും' എന്ന് ഒരു മറു ചോദ്യം ചോദിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു ..കുറച്ചു നേരം സംശയിച്ചു നിന്നു  എങ്കിലും അവസാനം അവര്‍ ആ സത്യം ഉള്‍കൊള്ളാന്‍ തയ്യാറായി .........!

    പിന്നെ അവിടങ്ങോട്ട്‌ പീഡനങ്ങളുടെ പരമ്പര തുടങ്ങുകയായിരുന്നു.അന്ന് രാവിലെ കഴിച്ചു ബാക്കി വന്ന ഓട്ടടയും മീന്‍കറിയും പാല്‍ചായയും ചൂടാക്കി തന്നു ആദ്യം ഉമ്മ പീഡിപ്പിച്ചു.പിന്നെ ഉച്ചക്ക് 'അനക്ക് ദുബായില്‍ ചക്കക്കുരു കറി കിട്ടില്ലല്ലോ എന്നും ചോദിച്ചു ചോറും ചക്കക്കുരുവിന്റെ കറിയും പപ്പടവും തന്നു പെങ്ങളും പകരം വീട്ടി.'പറയാതിം ബുള്‍ച്ചാതിം ബന്നാല്‍ ഇങ്ങനെ ഒക്കെ തന്നെ ഇന്ടാവുള്ളൂ' എന്നൊരു ജാമ്യവും..!

   യഥാര്‍ത്ഥ പീഡനങ്ങള്‍ വരാനിരിക്കുന്നെ ഉണ്ടായിരുന്നുള്ളൂ .....ഒരു ബ്ലോഗര്‍ക്കും ഇങ്ങനെ ഒരു ദുരാവസ്ഥ വരാതിരിക്കട്ടെ എന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുകയായിരുന്നു.പുറത്തിറങ്ങിയാല്‍ ഇന്നുച്ചക്ക് 'ചോറ് വെയിക്കാന്‍ അങ്ങട്ട് വരെണ്ടിട്ടോ എന്ന് പറയുന്ന വീട്ടമ്മമാര്‍ {കുടുംബക്കാര്‍ ആണ്}.വൈകുന്നേരം ചെലവ് ചെയ്യണം എന്നും പറഞ്ഞു പിടിച്ചു കൊണ്ട് പോയി തിന്നു മടുത്ത അല്‍ ഫഹമും ബ്രോസ്റ്റും വാങ്ങിപ്പിച്ചു തീറ്റിച്ച് കീശ കാലി ആക്കുന്ന സുഹൃത്തുക്കള്‍ ,സിപ്പപ്പും ഐസ്ക്രീമും വേണം എന്ന് പറഞ്ഞു വാശി പിടിക്കുന്ന കുട്ടികള്‍ ,ഇനിയും ഒരു പാട് ....ഇതൊക്കെ ഏറ്റു വാങ്ങാന്‍ ബ്ലോഗറുടെ ജീവിതം ഇനിയും ബാക്കി..പീഡനങ്ങളുടെ ബാക്കി ഭാഗം തുടരും ..പോയി തുണിയും കുപ്പായവും തിരുമ്പിയിട്ടു{അലക്കിയിട്ടു} വരാം......!

Friday 29 April 2011

കിടിലന്‍ 'ആദ്യ രാത്രി' .......!



     ഇതൊക്കെ പുറത്തു പറയാന്‍ പാടുണ്ടോ എന്നെനിക്കറിയില്ല.പക്ഷെ അതിന്‍റെ രസത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പറയാതിരിക്കാനും വയ്യ.ഒരു പക്ഷെ എല്ലാവരും ചെറുപ്പം മുതലേ കാത്തിരിക്കുന്ന ആദ്യ രാത്രി...!.എന്തൊരു അനുഭൂതി ആയിരുന്നു.പറഞ്ഞു മനസ്സിലാക്കി തരാന്‍ കഴിയാത്ത ഒരു അനുഭവം.അനുഭവിച്ചു തന്നെ അറിയണം.അത്രക്കും മനോഹരമായിരുന്നു.ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത രാത്രി ......!

    ഉള്ളത് തുറന്നു പറയാമല്ലോ.ഞാന്‍ ശരിക്കും സന്തോഷം കൊണ്ട് വീര്‍പ്പു മുട്ടുകയായിരുന്നു അന്ന് .ഇനി ഇത് പോലെ സന്തോഷിക്കുന്ന ഒരു രാത്രി എന്‍റെ ജീവിതത്തില്‍ എന്നായിരിക്കും ഉണ്ടാവുക.ചെറുപ്പം മുതലേ ഉള്ളില്‍ സൂക്ഷിക്കുന്ന ഒരു മോഹമായിരുന്നു അവളെ ഒന്ന് മുഴുവനായി കാണുക,അനുഭവിക്കുക എന്നത്.പക്ഷെ സൌദിയില്‍ വെച്ച് അതിനു അവള്‍ ഒരിക്കലും അവസരം തന്നില്ല.ഞാന്‍ നാട്ടില്‍ വന്ന ആദ്യ ദിവസം തന്നെ അവള്‍ എന്‍റെ ജീവിതത്തിലേക്ക് കയറി വന്നു.അവളെ എനിക്കൊരുപാട് ഇഷ്ട്ടമായി.അല്ലെങ്കില്‍ തന്നെ വര്‍ഷങ്ങളോളം കാത്തിരുന്ന എനിക്ക് അവളെ ഇഷ്ട്ടപ്പെടാതിരിക്കാന്‍ ആവില്ലായിരുന്നു.അവള്‍ വന്നു,ആദ്യം എന്നെ കുറെ പേടിപ്പിച്ചു,പിന്നെ പതുക്കെ പതുക്കെ അനുഭൂതിയുടെ പേരറിയാത്ത ഏതോ മായാലോകത്തേക്ക് എന്നെ കൂട്ടി കൊണ്ട് പോയി.അന്ന് രാത്രി ഞാന്‍ ഉറങ്ങിയില്ല.എനിക്ക് ഉറങ്ങാന്‍ കഴിയുമായിരുന്നില്ല....!

ആരോ എന്നോ എടുത്തതാ.എന്‍റെ മൊബൈലില്‍ ഉള്ള ഫോട്ടോസ് രണ്ടു എംബി ഒക്കെ ഉണ്ട് .അപ്‌ലോഡ്‌ ആവുന്നില്ല


     അപ്പൊ കാര്യത്തിലേക്ക് വരാം.പതിവ് പോലെ അന്നും നാട്ടിലുള്ളവരെ സംബന്ധിച്ച് ഒരു ചൂടുള്ള ദിവസം ആയിരുന്നു.ഞാന്‍ രാവിലെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ ഏകദേശം രാവിലെ എട്ടു മണി കഴിഞ്ഞിരുന്നു.കുറെ നേരത്തെ ക്യൂവിനും ചെക്കിങ്ങിനും ശേഷം പുറത്തു കടക്കാന്‍ ഒരുങ്ങുമ്പോഴാണ് അനൌസ്മെന്റ്റ് മുഴങ്ങുന്നത്.'ദുബായില്‍ നിന്നും വന്ന എമിറേറ്റ്സ് ടി കെ 560 ഇല്‍ വന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌,ലഗേജുകള്‍ കയറ്റുന്ന ലിഫ്ടിനുസംഭവിച്ച ചില തകരാറുകള്‍ കാരണം നിങ്ങളുടെ ലഗേജുകള്‍ കുറച്ചു താമസിക്കുന്നതായിരിക്കും'.പാവം യാത്രക്കാര്‍,എല്ലാം കഴിഞ്ഞു ഇനി നേരെ പോകുക,ബാഗുകളും മറ്റും എടുക്കുക,തങ്ങളെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരുടെ അടുത്തേക്ക് ഓടിചെല്ലുക,ഉപ്പയും ഉമ്മയും ആണെങ്കില്‍ കെട്ടിപ്പിടിക്കുക,മക്കള്‍ ആണെങ്കില്‍ വാരിയെടുത്ത് ഉമ്മകള്‍ കൊണ്ട് മൂടുക.ഭാര്യ ആണെങ്കില്‍ അടുത്ത് ചെന്ന് വേറെ എങ്ങോട്ടോ നോക്കി 'എന്താടീ നീ പറ്റെ ക്ഷീണിച്ചു പോയല്ലോ' എന്ന് ആരും കേള്‍ക്കാതെ പറയണം{ഇത് ദുബായില്‍ ഉള്ള കല്യാണം കഴിച്ച എന്‍റെ ഒരു ഫ്രെണ്ട് പറഞ്ഞതാ.അല്ലാതെ എനിക്കെങ്ങനെ അറിയാം.അല്ല പിന്നെ..!} എന്നൊക്കെ കൊതിച്ചു നില്‍ക്കുന്ന പാവം പ്രവാസികള്‍ .അവരെ വീണ്ടും മണിക്കൂറുകളോളം പുറത്തു പോകാന്‍ സമ്മതിക്കാതെ കാത്തു നിര്‍ത്തിക്കുന്നത് സങ്കടം തന്നെ.....!

   ചുമലില്‍ തൂക്കിയിട്ട ലാപ്ടോപു ബാഗും കയ്യില്‍ ഉള്ള ഡ്രസ്സ്‌ ഇട്ട ചെറിയ ഹാന്‍ഡ്‌ ബാഗും മാത്രമുള്ള ഞാന്‍ അവരെ ഒക്കെ പുച്ഛത്തില്‍ ഒന്ന് നോക്കിയിട്ട് വെട്ടിത്തിരിഞ്ഞ്{ചുമ്മാ}പുറത്തേക്കു നടന്നു.പലരും എന്നെ അത്ഭുതത്തോടെ നോക്കുന്നത് കണ്ടു."ഇവനെന്തു പ്രവാസി" എന്ന നോട്ടത്തോടെ.അത് കണ്ടിട്ടോ മറ്റോ വെള്ള യൂണിഫോം ഇട്ട ഒരു ഉദ്യോഗസ്ഥന്‍ {കസ്റ്റംസ്‌ ആണ് എന്നാണു തോന്നുന്നത്} അടുത്ത് വന്നു ചിരിച്ചു കൊണ്ട് 'എന്താ കയ്യില്‍ ഒന്നുമില്ലേ' എന്ന് ചോദിച്ചു.തിരിച്ചു ചിരിച്ചു കൊണ്ട് ഞാന്‍ "വീട്ടുകാര്‍ക്ക് ഒന്നും വേണ്ട എന്നാണു പറഞ്ഞത്" എന്നും പറഞ്ഞു.അയാള്‍ അയാളുടെ അടുത്ത് കിടന്ന ഒരു അറബിയ്യ{പെട്ടി വെച്ച് ഉന്തുന്ന ഉന്തുവണ്ടി}കാണിച്ചു തന്നു.അയാള്‍ പറഞ്ഞതല്ലേ എന്ന് കരുതി ലാപും ഹാന്‍ഡ്‌ ബാഗും അതില്‍ വെച്ച് തിരിഞ്ഞപ്പോള്‍ അയാള്‍ പുറത്തേക്കു പോകാനുള്ള വഴിയും കാണിച്ചു തന്നു.അയാള്‍ക്ക്‌ ഒരു താങ്ക്സും കൊടുത്തു ഗേറ്റിലേക്ക് നടന്നു .അവിടെ എത്തി അവസാന ചെക്കിങ്ങും കഴിഞ്ഞു നേരെ പുറം ലോകത്തേക്ക്.ഉറ്റവരെയും ഉടയവരെയും കാത്തിരിക്കുന്ന ഒരു പാട് മുഖങ്ങള്‍ .ചെറിയ കുട്ടികള്‍ , പ്രായമായ ഉപ്പമാരും ഉമ്മമാരും,പെണ്ണുങ്ങള്‍ ഉണ്ടായിരുന്നോ ആവോ{ഞാന്‍ നോക്കിയില്ല..}അവരുടെ മുന്നിലൂടെ ആരും കാത്തു നില്‍ക്കാനില്ലാത്ത,കയ്യില്‍ ഒരു പെട്ടിയും ഇല്ലാതെ ഞാന്‍ അലസമായി ലോകം മുഴുവന്‍ കീഴടക്കിയ ഒരു രാജാവിന്‍റെ മുഖ ഭാവത്തോടെ,അവിടെ കൂടി നില്‍ക്കുന്നവര്‍ ഒക്കെ എന്നെ കാണാന്‍ നില്‍ക്കുകയാണ് എന്ന് മനസ്സില്‍ സങ്കല്‍പ്പിച്ചു കൊണ്ട് മുന്നോട്ടു നടന്നു.ചില തരുണീമണികളുടെ നോട്ടം എന്‍റെ മേലെയാണ് എന്ന് അറിഞ്ഞിട്ടും ഞാന്‍ മൈന്‍ഡ് ചെയ്യാന്‍ പോയില്ല.അല്ലെങ്കിലും അതെനിക്ക് പുത്തരിയല്ലല്ലോ,ഗ്ലാമര്‍ ഒരു ശാപമാണല്ലോ പണ്ടേ എനിക്ക് {ഉവ്വ ഉവ്വ..!}...!

   പുറത്തിറങ്ങിയപ്പോള്‍ പൈസ ചെയ്ഞ്ചാക്കാന്‍ ഉണ്ടോ ,വണ്ടി വേണോ എന്നും ചോദിച്ചു കുറെ പേര്‍ വന്നു.ജ്യെഷ്ട്ടന്റെ കീശയും കണ്ടു നാട്ടില്‍ വന്നവന്റെ ഓട്ട കീശയില്‍ എന്തുണ്ട്..???.അവസാനം'ദയനീയ' രാഗത്തില്‍ ചിരിച്ചു കൊണ്ട് 'എല്ലാം അവിടെ നിന്ന് മാറ്റി'യിട്ടാ വരുന്നത് എന്ന് ഒരു അലക്ക് അങ്ങ് അലക്കി.അവര്‍ എല്ലാവരും ഫ്ലാറ്റ്.അല്ല അടുത്ത ആളുടെ അടുത്തേക്ക് പോയി.കൂട്ടത്തില്‍ കുറച്ചു പ്രായം തോന്നിച്ച കാക്കി ഇട്ട ഒരാളോട് 'എന്നാ പോവല്ലേ' എന്ന് ചോദിച്ചു.അങ്ങിനെ നിര്‍ത്തിയിട്ട വെള്ള അംബാസഡര്‍ കാറിന്‍റെ ഡിക്കി മൂപ്പര്‍ തുറന്നു തന്നു.അതില്‍ ഹാന്‍ഡ്‌ ബാഗ്‌ വെച്ച് ലാപ്‌ ടോപ്‌ തോളിലും ഇട്ടു സാധാരണ സൌദിയിലും ദുബായിലും ഒക്കെ പരിചയിച്ച പോലെ മുമ്പിലെ ഡോര്‍ തുറന്നു കയറാന്‍ പോയി.പെട്ടെന്നാണ് ആ കാഴ്ച കണ്ടത്...!.ഞാന്‍ ഇരിക്കാന്‍ പോയ സീറ്റിനു മുന്നില്‍ സ്റെയരിംഗ്.ഒരു നിമിഷം കൊണ്ട് എനിക്ക് അബദ്ധം മനസ്സിലായി.പെട്ടെന്ന് ഞാന്‍ ചുമലില്‍ ഇട്ട ലാപ്ടോപ് ബാഗ്‌ വണ്ടിയുടെ ബോണറ്റില്‍ വെച്ച് അതില്‍ എന്തോ തിരയുന്ന പോലെ കയ്യിട്ടു.എന്നിട്ട് ഒന്നും സംഭവിക്കാത്ത പോലെ എയര്‍പോര്‍ട്ടിന്റെ ബോര്‍ഡ്‌ വായിക്കുന്ന പോലെ മുകളില്‍ ഒക്കെ നോക്കി മെല്ലെ മറുവശത്തേക്കു നടന്നു.ആരെങ്കിലും ശ്രദ്ധിച്ചോ എന്നറിയാന്‍ വേണ്ടി മെല്ലെ നോക്കിയപ്പോള്‍ നേരത്തെ കാഷ്‌ ചെയ്ഞ്ച് ചെയ്യാന്‍ വന്ന ഒരുത്തനും ഡ്രൈവറും കൂടി പരസ്പ്പരം നോക്കി ചിരിക്കുന്നു.അവര്‍ എന്നെ 'ആക്കി'യാതാണോ അതോ വേറെ എന്തെങ്കിലും കാര്യത്തിനു ചിരിച്ചതാണോ .......ങാ ,അള്ളാക്കറിയാം....!

                                                     
                                                                                                                 {നാട്ടു വിശേഷങ്ങള്‍ തുടരും }

{പിന്നെ ഒരു കാര്യം പറയാന്‍ വിട്ടു .മുകളില്‍ പറഞ്ഞ 'അവള്‍ ' ഞാന്‍ മഴയെ ആണ് ഉദ്ദേശിച്ചത്.അല്ലാതെ പെണ്ണ് അല്ല.ആരും തെറ്റിദ്ധരിക്കരുത്..ഞാന്‍ പെണ്ണ് കെട്ടിയില്ല...}