Sunday 17 June 2012

ഹേയ് സുഭാഷ്‌ .. സങ്കടപ്പെടുത്തിയല്ലോ ....!


   



    ഇന്ന് മാതൃഭൂമി വായിക്കാന്‍ തുടങ്ങുമ്പോള്‍ അത് ഇങ്ങനെ ഒരു ബ്ലോഗ്‌ പോസ്റ്റ്‌ എഴുതിക്കും എന്ന് കരുതിയിരുന്നില്ല.എന്‍റെ ഫേസ്ബുക്ക് തുറക്കാന്‍ കഴിയാത്തതിനാല്‍ അവിടെ ഒരു പോസ്റ്റ്‌ ആയി മാറേണ്ടിയിരുന്ന ഈ സംഭവം ബ്ലോഗില്‍ എഴുതാം എന്ന് കരുതി.മാതൃഭുമി വാരാന്തപതിപ്പാണ് പ്രതി.അത് പലരും വായിച്ചു കഴിഞ്ഞിട്ടുണ്ടാവും എന്ന് അറിയാം.എന്നാലും ചില ലേഖനങ്ങള്‍,കഥകള്‍ നോവലുകള്‍ എന്നിവ വായിച്ചാല്‍ അത് ആരെങ്കിലുമായി ഒന്ന് പങ്കുവച്ചില്ലെങ്കില്‍ അനുഭവപ്പെടുന്ന ഒരു തരം കുത്തല്‍ കാരണം{ഇതിനെ സാഹിത്യവല്ക്കരിച്ചു എങ്ങിനെ പറയും എന്നറിയില്ല.}ഇത് ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ആക്കാം എന്ന് കരുതിയത്‌.കൂടാതെ അലസമായ ഈ ഞായറാഴ്ച പ്രത്യേഗിച്ച് വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ടും ....

    ഗസലുകളോട് എന്നും എനിക്ക് പ്രിയമായിരുന്നു.ഗസല്‍ ഗായകരോടും.ഒരു പക്ഷെ അധികം സുഹൃത്തുക്കള്‍ ഒന്നുമില്ലാത്തതും ചെറുപ്പം മുതലേയുള്ള ഒറ്റപ്പെടലുകളും അതിനൊരു കാരണമായിരുന്നിരിക്കാം.എന്‍റെ മെമ്മറി കാര്‍ഡിലും കൂടുതലും ഗസല്‍ ഗാനങ്ങള്‍ ആയിരിക്കും.അത് കൊണ്ട് ദുബായില്‍ ആയിരുന്ന സമയത്ത് കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ പാട്ടു കേള്‍ക്കാന്‍ വേണ്ടി  മൊബൈല്‍ വാങ്ങിയാല്‍ അല്‍പ്പസമയത്തിനുള്ളില്‍ തന്നെ തിരിച്ചു എന്‍റെ കയ്യില്‍ എത്തുമായിരുന്നു.കാരണം അവര്‍ പ്രതീക്ഷിക്കുന്ന സിനിമാ പാട്ടോ മാപ്പിള പാട്ടോ ഒന്നും അതിലുണ്ടാവില്ല.ഉണ്ടാവുക ഗുലാം അലി സാബിന്റെയോ മെഹ്ദി ഹസന്റെയോ ജഗ്ജീദ്‌ സിംങ്ങിന്റെയോ ഹരിഹരന്റെയോ ഒക്കെ ഗസലുകള്‍ ആയിരിക്കും.

മറ്റൊരു കാര്യം പറയാന്‍ വന്ന ഞാന്‍ ഇപ്പൊ എന്‍റെ കാര്യം എഴുതി അതൊരു പോസ്റ്റാവും എന്നാണു തോന്നുന്നത്..അത് കൊണ്ട് ഞാന്‍ കാര്യത്തിലേക്ക് കടക്കാം.ഏതാനും ദിവസം മുമ്പ്‌ ഞാന്‍{നമ്മള്‍ } ഒരുപാട് ഇഷ്ട്ടപ്പെട്ടിരുന്ന ഗസല്‍ ചക്രവര്‍ത്തി മെഹ്ദി ഹസന്‍ സാബ്‌ നമ്മെ വിട്ടു പിരിഞ്ഞു.ആ നാദം നേരിട്ട് കേള്‍ക്കാന്‍ ഇനി നമുക്കാവില്ല.പക്ഷെ അദ്ദേഹം പാടിയ ഗസലുകള്‍ എന്നെന്നും നമ്മുടെ ഹൃദയങ്ങള്‍ക്ക് കുളിരായി ഉണ്ടാവും.ഇന്നത്തെ വാരാന്തപതിപ്പില്‍ സുഭാഷ്‌ ചന്ദ്രന്‍ {ഇദ്ദേഹം മറ്റെന്തെങ്കിലും രീതിയില്‍ പ്രസിദ്ധനാണോ എന്നറിയില്ല }എന്ന അദ്ധേഹത്തിന്റെ ഒരു ആരാധകന്‍ എഴുതിയ ലേഖനം വായിച്ചു.ഒരു പക്ഷെ മെഹ്ദി ഹസനെ കുറിച്ച് വന്ന ഒരുപാട് ലേഖനങ്ങള്‍ വായിച്ചിട്ടുണ്ട് എങ്കിലും ഇത്രക്കും ഹൃദയസ്പര്‍ശിയായ ഒന്ന് ആദ്യമായാണ്‌..വായിച്ചു അവസാനിച്ചപ്പോഴേക്കും മനസ്സില്‍ എവിടെയൊക്കെയോ എന്തോ..{എത്ര ക്രൂരം.എന്‍റെ മലയാളത്തിന്‍റെ പരിമിതി}...എനിക്കും അദ്ധേഹത്തെ കുറിച്ച് എന്തൊക്കെയോ എഴുതണം എന്നുണ്ട് ..കഴിയുന്നില്ല..എന്‍റെ കയ്യിലുള്ള ഭാഷ കൊണ്ട് അദ്ധേഹത്തെ എഴുതാന്‍ കഴിയില്ല.അതിനു കഴിവുള്ളവര്‍ എഴുതിയത് ഞാന്‍ ഇവിടെ ഒട്ടിച്ചു വെക്കുന്നു.എനിക്ക് എഴുതാന്‍ കഴിയാതെ പോയ വാക്കുകള്‍.ഞാന്‍ എഴുതാന്‍ കൊതിച്ച വാക്കുകള്‍ .

ആദ്യം ആ ലേഖനത്തിന്‍റെ പത്രകട്ടിംഗ് സ്കാന്‍ ചെയ്തു പോസ്റ്റാന്‍ ആണ് തീരുമാനിച്ചത്.പക്ഷെ ക്ലിയര്‍ കിട്ടുന്നില്ല.പിന്നെ അത് മുഴുവനായി ടൈപ്പ് ചെയ്യാം എന്ന് കരുതിയാണ് ഇത് വരെ എഴുതിയത്.ഇടക്കെപ്പോഴോ മാതൃഭുമി പ്രിന്‍റ് എഡിഷന്‍ ഓണ്‍ലൈനില്‍ കിട്ടുമല്ലോ എന്നോര്‍ത്തു.തിരഞ്ഞെപ്പോള്‍ കിട്ടി.എന്നാല്‍ ലിങ്ക് കൊടുക്കാം എന്ന് കരുതി എങ്കിലും അതും വേണ്ട മുഴുവനായി എന്‍റെ ബ്ലോഗില്‍ തന്നെ കിടക്കട്ടെ.ഇടയ്ക്കു എനിക്ക് തന്നെ വായിക്കാമല്ലോ...............പത്രം കയ്യിലെടുത്തു വായിക്കുന്ന സുഖം കിട്ടില്ല എങ്കിലും വായിക്കൂ ..







 

എങ്ങളെവിട്ടെങ്ങുപോകാന്‍?

Posted on: 17 Jun 2012

സുഭാഷ് ചന്ദ്രന്‍


മുന്തിയ ഒന്നിനെ മാത്രമേ സൃഷ്ടിക്കൂ എന്ന് ഉത്തമബോധ്യം പുലര്‍ത്തിക്കൊണ്ടു ജീവിക്കാന്‍,
മെഹ്ദി ഹസ്സന്‍, ഞങ്ങള്‍ക്കുമുന്നില്‍ അങ്ങയെപ്പോലെ അധികം മാതൃകകളില്ല!





മരണാനന്തരം നല്ല വാക്കുകള്‍ വര്‍ഷിച്ച് ആരേയും മഹിതജന്മമാക്കുന്നതില്‍ ഞങ്ങള്‍ മലയാളികളോളം മിടുക്കുള്ളവര്‍ വേറെയില്ല, പ്രിയപ്പെട്ട മെഹ്ദി ഹസ്സന്‍! അങ്ങയുടെ അറിവിലേക്കായി പറയട്ടെ, ആദരാഞ്ജലി എന്ന വാക്കിന് ആദരവോടെയുള്ള കൈകൂപ്പല്‍ എന്നാണ് അര്‍ഥമെങ്കിലും ഞങ്ങള്‍ക്കത് ഒരു മരണാനന്തര ചടങ്ങാണ്! അതുകൊണ്ട് അങ്ങയുടെ മരണം സൃഷ്ടിച്ച വേദനയെക്കുറിച്ച് എഴുതും മുമ്പ്, അങ്ങു ജീവിച്ചിരിക്കുമ്പോള്‍ ഈയുള്ളവന്‍ എഴുതിെവച്ച ഏതാനും വരികള്‍ വീണ്ടും എടുത്തെഴുതുന്നതില്‍ ക്ഷമിക്കണേ!

1989-ലെ വലിയ പെരുന്നാള്‍ദിവസം, എന്റെ ആത്മസ്‌നേഹിതന്‍ അന്‍വര്‍ ഹുസൈന്‍ എന്നെ ആദ്യമായി അവന്റെ വീട്ടില്‍ കൊണ്ടുപോയി. എക്കാലത്തേക്കുമായി എന്റെ ആത്മാവില്‍ കയറിപ്പറ്റിയ രണ്ടു മഹാപുരുഷന്മാര്‍- ഫയദോര്‍ ദസ്തയേവ്‌സ്‌ക്കിയും മെഹ്ദി ഹസ്സനും- എന്നെ പരിചയപ്പെടാന്‍ പാടവരമ്പത്തെ ആ കൊച്ചുവീട്ടില്‍ കാത്തിരിപ്പുണ്ടായിരുന്നു.
സംഗീതശേഖരത്തില്‍ നിന്ന് ഒരു കറുത്ത കാസറ്റ് തപ്പിയെടുത്ത് അന്‍വര്‍ ടേപ്പ് റെക്കോഡറില്‍ ഇട്ടു. ലെജന്റ് എന്ന് ഇംഗ്ലീഷില്‍ പേരുകൊത്തിയ കറുത്ത കാസറ്റിന്റെ കവറില്‍ മഹര്‍ഷിയുടെ കണ്ണുകളും ഹൃദയവേദനയുമായി ഹാര്‍മോണിയം മീട്ടി പാടാനിരിക്കുന്ന കഷണ്ടിക്കാരന്റെ പേര് വായിച്ചു: മെഹ്ദി ഹസ്സന്‍.

പാട്ടുതുടങ്ങിയപ്പോള്‍... ദൈവമേ! മെലിഞ്ഞുണങ്ങിയ എന്റെ ശരീരത്തിനുള്ളില്‍ ഹൃദയമെന്നൊരു ഘനവസ്തു അതിന്റെ സാന്നിദ്ധ്യമറിയിക്കാന്‍ തുടങ്ങി. ദൈവവും മനുഷ്യനും കണ്ടുപിടിച്ച മഹത്തായ രണ്ടു സംഗീതോപകരണങ്ങള്‍- യഥാക്രമം മെഹ്ദി ഹസ്സനും സാരംഗിയും- ഞാന്‍ ജനിക്കുന്നതിനു മുമ്പുള്ളതും എന്റെ മരണത്തിനു ശേഷമുള്ളതുമായ സമയങ്ങളെ എന്റെ ആത്മാവിലേക്ക് കോരിയൊഴിക്കാന്‍ തുടങ്ങി... (മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'കാണുന്ന നേരത്ത്' എന്ന പുസ്തകത്തില്‍ നിന്ന്)

പ്രിയപ്പെട്ട മെഹ്ദി സാഹിബ്, ഇന്നിപ്പോള്‍ ആ സുവര്‍ണനിമിഷത്തില്‍നിന്ന് ഞാന്‍ കാല്‍നൂറ്റാണ്ടോളം ഇപ്പുറത്താണ്. ഇന്നോളം എത്രയെത്ര ഉറക്കമില്ലാത്ത സങ്കീര്‍ണരാത്രികളില്‍ താങ്കള്‍ എന്നെ സംഗീതം കൊണ്ട് സമാശ്വസിപ്പിച്ചു! വര്‍ഷങ്ങളോളം വലച്ച അത്യുഗ്രവിഷാദത്തിലും വല്ലപ്പോഴും മാത്രം എന്നെത്തുണച്ച സൃഷ്ട്യുന്മാദത്തിലും ഒരുപോലെ അങ്ങയുടെ അമോഘനാദം എന്റെ ആത്മാവിനെ, ദുര്‍ബലമായൊരു ദീപനാളത്തെ കനപ്പെട്ട കൈപ്പടമറപോലെ, കാറ്റില്‍ കാത്തു. യൂ ട്യൂബെന്നും ബ്ലൂ ടൂത്തെന്നും കേട്ടിട്ടേയില്ലാത്ത ഒരു കുട്ടിക്കാലത്തിലെ ആ കറുത്ത കാസറ്റുമുതല്‍ ഇന്നിതാ ഈ കുറിപ്പെഴുതുമ്പോഴും ഉതിരുന്ന വെറ്റിലച്ചൊരുക്കുള്ള അങ്ങയുടെ നാദവൈഖരിയോളം (ജഹാം ജാ കെ ചേന് സേ മര്‍ സകൂം...) നമ്മുടെ ബന്ധം വളര്‍ന്നു മുറ്റിയിരിക്കുന്നു!
ഇന്നുച്ചയ്ക്ക് താങ്കളുടെ മരണം അറിഞ്ഞപ്പോള്‍ എന്റെ ഹൃദയം വാരിയെല്ലുകള്‍ക്കിടയില്‍ ഞെരിഞ്ഞു. ദുര്‍വിധികളെ മാത്രം വാര്‍ത്തയായി കേള്‍ക്കാന്‍ നിയോഗമുള്ള ഈ ഉപഭൂഖണ്ഡത്തിലെ കോടിക്കണക്കിന് ഹൃദയങ്ങളും ഇന്ന് അതേ ഞെരുക്കം അറിഞ്ഞിരിക്കുമെന്ന് എനിക്കറിയാം.
അതെ, അങ്ങു മരിച്ചാല്‍ പുലയുള്ളവരാണ് ഞങ്ങള്‍!

മെഹ്ദിഹസ്സനെ ആരാധിച്ചുതുടങ്ങാന്‍ എന്റെ തലമുറയ്ക്ക് കാരണങ്ങള്‍ പലതുണ്ടായിരുന്നു. ഈയൊരാളെ പ്രണയിച്ചു സാഫല്യമടയാന്‍ സാധിക്കാത്തതുകൊണ്ടാണ് ലതാമങ്കേഷ്‌ക്കര്‍ അവിവാഹിതയായി തുടരുന്നത് എന്ന ശ്രുതി അതിലൊന്നായിരുന്നു. പിന്നേയും വന്നിരുന്നു അത്ഭുതവടിവിലുള്ള ഐതിഹ്യകഥകള്‍. തന്റെ വാഹനത്തിന്റെ യന്ത്രക്ഷമത പരിശോധിക്കുകയായിരുന്ന ഒരു ധനികന്‍ ഗ്രീസുപുരണ്ട കൈകൊണ്ട് താളമിട്ട് ഹിന്ദുസ്ഥാനി മൂളുന്ന മെക്കാനിക്കിനെ ശ്രദ്ധിച്ചതും തന്റെ ഡ്രൈവര്‍സീറ്റിലിരിക്കുന്ന ചെറുപ്പക്കാരന്‍ ഗസല്‍സംഗീതത്തിന്റെ ദിവ്യരഥം തെളിക്കാന്‍ ത്രാണിയുള്ളവനാണെന്ന് മനസ്സിലാക്കിയതും... അക്കഥ കേട്ട് ഭാവിയില്‍ അത്തരം അത്ഭുതകരമായ വഴിത്തിരിവുകള്‍ക്കായി കാത്തിരുന്ന ഞങ്ങള്‍ എളുപ്പം വികാരാധീനരായി.
പിന്നീടൊരിക്കല്‍ യൂട്യൂബില്‍ 'രഞ്ജിഷ് ഹി സഹീ' പാടുന്ന മെഹ്ദി ഹസ്സനെ കാണുമ്പോള്‍ അവ്യക്തസദസ്സില്‍ ഇരുന്ന് ആ അമൃതവര്‍ഷം ആസ്വദിക്കുന്ന ഒരു മുഖം തിരിച്ചറിഞ്ഞു- സാക്ഷാല്‍ ഗുലാം അലി! മഹാപ്രതിഭനായ അലിയെപ്പോലും കേവല സദസ്യനാക്കാന്‍ പോന്ന മെഹ്ദി!

രണ്ടായിരാമാണ്ടില്‍, എന്റെ ജീവിതത്തിലേക്ക് രണ്ട് ആനന്ദങ്ങള്‍ കടന്നുവന്നു. എന്റെ രണ്ടാമത്തെ മകളുടെ ജനനമായിരുന്നു ആദ്യത്തേത്. രണ്ടാമത്തേതും ഒട്ടും കുറയാത്തത്- മെഹ്ദി ഹസ്സന്‍ കോഴിക്കോട്ടു പാടാന്‍ വന്നു!
ഇന്ത്യയില്‍ പാടണമെന്ന അദ്ദേഹത്തിന്റെ മോഹം സഫലമാവുകയാണെന്ന് പത്രങ്ങള്‍ പറഞ്ഞു. പാട്ടുകേട്ടാല്‍ കരയില്ലെന്ന് ഉറപ്പുള്ള മൂത്ത മകളേയുമെടുത്ത് ഞാനും ഭാര്യയും ചെല്ലുമ്പോള്‍ ടാഗോര്‍ ഹാള്‍ തിങ്ങിനിറഞ്ഞിരുന്നു. സംഗീതജ്ഞരെ ആരാധിക്കാനുള്ള മുഴുവന്‍ശേഷിയുമെടുത്ത് സ്​പന്ദിക്കുന്ന ഒരു പടുകൂറ്റന്‍ കോഴിക്കോടന്‍ഹൃദയം പോലെ ആ കെട്ടിടം വീര്‍പ്പുമുട്ടി നിന്നു. രണ്ടു സഹായികളുടെ സഹായത്തോടെ അദ്ദേഹം വേച്ചുവേച്ച് വേദിയിലേക്കു വന്നു. അത്രമേല്‍ പരിക്ഷീണിതനായ എന്റെ ദൈവത്തെ കണ്ടപ്പോള്‍ ആള്‍ക്കൂട്ടത്തിനുള്ളിലിരുന്ന് ഞാന്‍ കരഞ്ഞു. മെഹ്ദി സാഹിബ്, അങ്ങയേയും വാര്‍ധക്യം തൊടുമോ? അങ്ങയുടെ മേലും മരണം കൈവെയ്ക്കുമോ? മുഴുവന്‍ സദസ്യരേയും ഗസലോളം സുന്ദരമായ ഒരു പുഞ്ചിരിയാല്‍ അനുഗ്രഹിച്ചിട്ട് അദ്ദേഹം അല്പം ഇടത്തോട്ടു മാറ്റിവച്ച ഹാര്‍മോണിയത്തെ നല്ലപാതിയെ എന്നപോലെ തഴുകി ദൈവികശ്രുതിയില്‍ പറഞ്ഞു: ''എന്റെ ബീബി മരിച്ചതില്‍ ഖിന്നനാണ് ഞാന്‍. എന്നാല്‍ ഇതു ഞാന്‍ വാഗ്ദത്തം ചെയ്ത ഗസല്‍ സന്ധ്യയാണ്!'' ഒരു നിമിഷം തലകുനിച്ചിട്ട് അദ്ദേഹം തുടര്‍ന്നു: ''സ്‌നേഹിക്കുന്നവര്‍ക്കു മുന്നില്‍ പാടാനിരിക്കുമ്പോള്‍ എല്ലാ വേദനകളും എനിക്കു മറക്കാം!''

മുന്നിലിരുന്ന ആയിരക്കണക്കിന് ഹൃദയങ്ങള്‍ ഒപ്പം പറഞ്ഞു: ''അങ്ങയെ കേള്‍ക്കാനിരിക്കുമ്പോള്‍ ഞങ്ങള്‍ക്കും!''
തളര്‍ച്ചയുടേയും രോഗത്തിന്റെയും ലാഞ്ഛനയേതുമില്ലാതെ അദ്ദേഹം പാടാന്‍ തുടങ്ങി. ഒരാള്‍ക്കൂട്ടത്തെ ഒട്ടാകെ മോഹനിദ്രയിലാഴ്ത്തിക്കൊണ്ട് ആ സ്വരം മെതിയടിയിട്ട് വെള്ളിവടി വീശിക്കൊണ്ട് ഞങ്ങള്‍ക്കിടയിലൂടെ നടന്നു. ധിനിധിനിക്കുന്ന തബലയ്‌ക്കൊപ്പം അടുത്ത താളവട്ടത്തിലേക്ക് തെന്നുന്ന മനോഹരമാത്രകളില്‍ ഹാര്‍മോണിയത്തിന്റെ കാറ്റുപലകയില്‍നിന്ന് ഇടംകൈയെടുത്ത് അദ്ദേഹം സദസ്സിലേക്ക് പൂവെറിയുമ്പോലെ നീട്ടിയപ്പോഴൊക്കെ ഞാറ്റുവേലപ്പാടത്ത് വിത്തുവീഴുമ്പോലെ ഞങ്ങളില്‍ കുളിരുവീണു. ഇടയ്ക്ക്, പാടുന്ന ശ്രുതിയില്‍നിന്ന് കടുകിട തെറ്റാതെ സദസ്യരോട് സംസാരിച്ചു: ''പ്യാരേ സജ്ജനോം'', അദ്ദേഹം പറഞ്ഞു: ''ഉപഭൂഖണ്ഡത്തിന്റെ തെക്കേയറ്റത്തുള്ള ഈ കൊച്ചുനാട്ടില്‍, എന്നെ ഇത്രയും സ്‌നേഹിക്കുന്ന ആളുകളുണ്ടെന്നത് അത്ഭുതം! എന്നില്‍ ക്ഷീണമറിയാതെ പാടാനുള്ള ഊര്‍ജം നിറയുന്നു. മാഷാ അള്ളാ, ഞാന്‍ ഇനിയും വരും!''
ആത്മവിസ്മൃതിയില്‍ മുഴുകി അദ്ദേഹം പാടി:
ശോലാ ഥാ ജല്‍ ബുഛാ ഹും
ഹവായേം മുഝേ ന ദോ!
സ്വരത്തിന്റെ ഹിമാലയന്‍നദിയിലൂടെ പഴയ മഹാരാജാസ് ദിനങ്ങളുടെ ഓര്‍മകള്‍, മഴനനഞ്ഞു ചില്ലയില്‍ ചേക്കേറിയ പക്ഷിക്കുഞ്ഞിനെപ്പോലെ ഉള്ളിലിരുന്നു മിടിക്കാന്‍ തുടങ്ങി. താടിവെച്ചൊരു ഇരുപത്തൊന്നുകാരന്‍ കൂട്ടുകാരോട് അഹമ്മദ് ഫര്‍സിന്റെ വരികളില്‍ മലയാളം തേയ്ക്കുന്നു: അണഞ്ഞുപോയൊരു അഗ്‌നിനാളമാണ് ഞാന്‍, ഇനിയെന്നെ ആളിക്കാന്‍ നോക്കരുതേ! എന്നേ പോയിക്കഴിഞ്ഞ ഒരാള്‍; ഇനിയിപ്പോള്‍ പിന്‍വിളി അരുതേ! നീ തന്ന വിഷം ഞാന്‍ കുടിച്ചു കഴിഞ്ഞു, ഇനി ജീവിതത്തിന്റെ ഔഷധം നീട്ടരുതേ!
ഗസലുകള്‍ ഒന്നൊന്നായി ആളിയണഞ്ഞുകൊണ്ടിരുന്നു. സതീര്‍ഥ്യരോടും ഓമനക്കുട്ടന്‍ മാഷിനോടും ഒപ്പം പോയ ഒരു മൂന്നാര്‍ യാത്രയില്‍, രാത്രി കുടിച്ചു കുന്തംമറഞ്ഞ ആ പഴയ ഇരപ്പാളി ചങ്കുപൊട്ടി പാടിയ ഗസല്‍ ഏതായിരുന്നു?
മേ ഹോശ് മേ ഥാ തോ ഫിര്‍
ഉസ് പേ മര്‍ ഗയാ കൈസേ?
അതു തുടങ്ങുന്നത് സാരംഗിയില്‍ നിന്നു ബാംസുരിയിലേക്ക് പടര്‍ന്നുകത്തുന്ന ഒരു ദീര്‍ഘവിഷാദത്തിലായിരുന്നു. കലീം ചാന്ദ്പുരി ആ രചനയില്‍ നിറച്ചിരുന്നത് എന്റെ ജീവിതമായിരുന്നു... ഏതായിരുന്നു രാഗം? ഓ, അതുതന്നെ. നഷ്ടാനുരാഗം, അല്ലാതെന്ത്?

അങ്ങുപോയിക്കഴിഞ്ഞ വാര്‍ത്തയറിഞ്ഞപ്പോള്‍ ഞാന്‍ ആദ്യം അന്‍വറിനെ വിളിച്ചു. കാല്‍നൂറ്റാണ്ടുമുമ്പ് എന്നെ അങ്ങിലേക്ക് വഴിനടത്തിയ കൂട്ടുകാരനെ. ഫോണ്‍ നിശ്ശബ്ദമാണെന്നു കണ്ടപ്പോള്‍ അവന്റെ ജ്യേഷ്ഠന്‍ ഫസലിനെ വിളിച്ചു. എന്നെ ആശ്വസിപ്പിച്ചുകൊണ്ട് ഫസല്‍ പറഞ്ഞു: ''എന്താ ചെയ്യാ, പറ്റിക്കഴിഞ്ഞാ പിന്നെ എന്തെങ്കിലും പറ്റ്വോ?'' മഹാരാജാസ് മുതല്‍ തുടരുന്ന സൗഹൃദത്തില്‍ ഇരുന്നുകൊണ്ട് വിജയകുമാര്‍ ഫോണിലൂടെ വിതുമ്പി: ''എനിക്ക് സഹിക്കാമ്പറ്റണില്ല, സുഭാഷേ!'' പുണെയിലെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് ഹസ്സന്‍ എനിക്ക് സങ്കടസന്ദേശം അയച്ചു: ''പടച്ച തമ്പുരാന് എന്തു തെമ്മാടിത്തവും കാട്ടാമെന്നായോ!'' മെഹ്ദി ഹസ്സന്റെ അപൂര്‍വമായ വീഡിയോആല്‍ബങ്ങള്‍ അയച്ചുതരുമായിരുന്ന രാജു വയനാട്ടില്‍നിന്ന് വിളിച്ചു: ''മരണവാര്‍ത്തയറിഞ്ഞപ്പോള്‍ നിന്നെ വിളിക്കണമെന്നു തോന്നി.'' കിളിമാനൂര്‍ കൊട്ടാരത്തില്‍ കുടുംബപൂജയിലായിരിക്കുമ്പോഴും പ്രസന്നവര്‍മ എന്നെ വിളിച്ചുപറഞ്ഞു: ''എന്തോ, ഇന്നിതു കേട്ടപ്പോള്‍ സുഭാഷിനെ ഓര്‍ത്തു!'' പലയിടങ്ങളില്‍നിന്ന് ശ്രീകാന്തും വിനുജോസഫും സൈനുല്‍ ആബിദും ഗീതാനാഥനും കബീറും റാംമോഹനും എന്റെ ആരോ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞ് വിളിക്കുന്നു. എന്റെ പിറന്നാളുകള്‍ക്ക് മെഹ്ദി ഹസ്സന്റെ ഗസലുകള്‍ സമ്മാനിക്കാറുള്ള ചങ്ങാതിമാര്‍ ആശ്വസിപ്പിക്കുന്നു.

മെഹ്ദി സാഹിബ്, ഞങ്ങളെയെല്ലാം വിട്ട് അങ്ങ് എങ്ങോട്ടുപോകുവാനാണ്? ഒരിക്കല്‍ അങ്ങയുടെ സ്വരം കേട്ടുകൊണ്ടിരിക്കേ, പട്ടാളത്തില്‍ നിന്ന് അവധിയില്‍ വന്ന രഞ്ജിത്ത് പറഞ്ഞത് ഓര്‍ക്കുന്നു: ''ഇനി അതിര്‍ത്തിയില്‍ ചെന്ന് പാക്കിസ്ഥാനു നേരേ എങ്ങനെ വെടിവെയ്ക്കും ഞാന്‍? ഈ മനുഷ്യന്റെ ബന്ധുക്കള്‍ക്കുനേരേ?''
അതെ, അവിടുത്തെ ഗാനം ഞങ്ങള്‍ക്കിടയില്‍നിന്ന് ജാതിയുടേയും മതത്തിന്റേയും ലിംഗത്തിന്റെയും രാഷ്ട്രത്തിന്റേയും അതിര്‍ത്തികള്‍ മായ്ച്ചുകളഞ്ഞു. അങ്ങ് ജീവശ്വാസമൂതി വിടര്‍ത്തിയ ഓരോ വാക്കിനേയും ഞങ്ങള്‍ കൈക്കുഞ്ഞിനെയെന്നപോലെ എടുത്തോമനിച്ചു. വാസനിച്ചു, ജീവിതത്തെയും പ്രണയത്തേയും കുറിച്ചോര്‍ത്ത് വ്യസനിച്ചു. അങ്ങെനിക്കാരാണെന്ന് ഓരോ വട്ടവും ഞങ്ങള്‍ ഓരോരുത്തരും സ്വയം ചോദിച്ചു. പാടുന്ന നിമിഷത്തില്‍ ദൈവം തന്നെയാണെന്ന് ഉത്തരം കണ്ടെത്തി ആശ്വസിച്ചു.
ഒപ്പം ഇങ്ങനെയൊരുത്തരവും ഞാന്‍ കണ്ടുവെച്ചു: ഏതു മാധ്യമത്തിലുമാകട്ടെ, ആദരവും സ്‌നേഹവും അമ്മട്ടില്‍ നേടിയെടുക്കാനായി പരിശ്രമിക്കാന്‍, മുന്തിയ ഒന്നിനെ മാത്രമേ സൃഷ്ടിക്കൂ എന്ന് ഉത്തമബോധ്യം പുലര്‍ത്തിക്കൊണ്ടു ജീവിക്കാന്‍, മഹാത്മാവേ, ഞങ്ങള്‍ക്കുമുന്നില്‍ അങ്ങയെപ്പോലെ അധികം മാതൃകകളില്ല!
 
 
ഇതിനെ  കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം അറിയിക്കണേ .....ഫൈസു മദീന ......
 

11 comments:

  1. കൊള്ളാം, നന്നായി, മാതൃഭൂമീല്‍ കണ്ടപ്പോള്‍ പിന്നെ വായിക്കാമെന്ന് കരുതി എടുത്ത് വെച്ചിട്ടുണ്ട്.
    ആദ്യകമന്റ് എന്റെയാണല്ലെ...സാരല്ല.

    ReplyDelete
  2. ആദരാജ്ഞലികള്‍

    ReplyDelete
  3. "''എന്റെ ബീബി മരിച്ചതില്‍ ഖിന്നനാണ് ഞാന്‍. എന്നാല്‍ ഇതു ഞാന്‍ വാഗ്ദത്തം ചെയ്ത ഗസല്‍ സന്ധ്യയാണ്!'' ഒരു നിമിഷം തലകുനിച്ചിട്ട് അദ്ദേഹം തുടര്‍ന്നു: ''സ്‌നേഹിക്കുന്നവര്‍ക്കു മുന്നില്‍ പാടാനിരിക്കുമ്പോള്‍ എല്ലാ വേദനകളും എനിക്കു മറക്കാം!''"
    കണ്ണീര്‍ പൊടിയാതെ ഈ ലേഖനം വായിക്കാനാവില്ല
    ആ പ്രതിഭക്ക് ആദരാഞ്ജലികള്‍ .

    ReplyDelete
  4. 'മുന്തിയ ഒന്നിനെ മാത്രമേ സൃഷ്ടിക്കൂ എന്ന്
    ഉത്തമബോധ്യം പുലര്‍ത്തിക്കൊണ്ടു ജീവിക്കാന്‍,
    മഹാത്മാവേ, ഞങ്ങള്‍ക്കുമുന്നില്‍ അങ്ങയെപ്പോലെ അധികം മാതൃകകളില്ല!'
    തീർച്ഛയായും...!

    ReplyDelete
  5. ''ഇനി അതിര്‍ത്തിയില്‍ ചെന്ന് പാക്കിസ്ഥാനു നേരേ എങ്ങനെ വെടിവെയ്ക്കും ഞാന്‍? ഈ മനുഷ്യന്റെ ബന്ധുക്കള്‍ക്കുനേരേ?''

    ReplyDelete
  6. നല്ല ലേഖനം വായിക്കാന്‍ അവസരമോരുക്കിയത്തിനു നന്ദി.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. അനശ്വരഗായകന് ആദരാജ്ഞലികള്‍.

    ഒരു ലിങ്ക് തരാം, നമ്മുടെ രമേഷ് അരൂരിന്റെയാണ്. ഒന്നു വായിച്ചുനോക്കൂ സമയം കിട്ടുമെങ്കില്‍:- http://remesharoor.blogspot.com/2012/06/blog-post.html

    ReplyDelete
  9. എനിക്ക് അതിലും വിസ്മയം തോന്നിയ കാര്യം,സുഭാഷ്ചന്ദ്രനെ അറിയാത്ത മലയാളിയോ..?
    മലയാളികൾ ഏറ്റവും അധികം ആരാധിക്കുന്ന ഗസൽ ഗായകൻ,മെഹതിസാബുതന്നെ.ചാവക്കാട് കവലയിൽ മെഹതി ആവാസ് എന്നൊരു സ്ഥാപനംതന്നെയുണ്ട്.റിക്കാഡിനൊപ്പം പെട്ടി വായിച്ച് കൂടെ കൂടാൻ വിഫലശ്രമങ്ങൾ നടത്തുന്ന എനിക്കിതിൽ കൂടുതൽ എന്തുപറയാൻ.

    ReplyDelete
  10. പത്രത്തില്‍ വായിക്കാന്‍ സാധിച്ചില്ല ഇപ്പോള്‍ വായിച്ചു നല്ല ലേഖനം ..

    ReplyDelete
  11. വളരെ നല്ല ലേഖനം ...
    ആശംസകളോടെ
    അസ്രുസ്

    ReplyDelete