Tuesday, 18 December 2012

ഡല്‍ഹിയുടെ തണുപ്പിലേക്ക് ഒരു സ്വപ്ന യാത്ര ...!


   20/10/2012

            വൈകുന്നേരം അഞ്ചു മണി.ഉപ്പയെയും ഉമ്മയേയും പുതിയ ചൊറയായ കേട്ട്യോളെയും കണ്ണ് വെട്ടിച്ചു ബൂട്ടും ജഴ്സിയും എടുത്തു മെല്ലെ ഗ്രൌണ്ടിലേക്ക് മുങ്ങി കൊണ്ടിരിക്കുമ്പോഴാണ് ആ sms വന്നത്."r u ready to go delhi on nov 26 with hafi".അയച്ചത് ബ്ലോഗറും ഫോട്ടോഗ്രാഫറും സഞ്ചാരിയും എന്ന് വേണ്ടാ ആ ബോഡി വെച്ച് എത്താവുന്ന എല്ലാ മേഖലയിലും എത്തിപ്പെട്ട ജാബിര്‍ മലബാരി എന്ന ജാബി.സംഭവം മെഡിക്കല്‍ കോളേജില്‍ ഡോക്റ്ററും അവന്‍റെയും എന്‍റെയും സുഹൃത്തുമായ ബിഷ്രുല്‍ ഹഫി എന്ന ഹഫി എംഡി എക്സാം എഴുതാന്‍ ഡല്‍ഹിക്ക് പോകുന്നുണ്ട്.ആ പോക്ക് നമുക്ക് ഒരു കൊച്ചു ടൂര്‍ ആക്കിയാലോ എന്നാണു ചോദ്യം.വൈദ്യന്‍ ഇച്ചിച്ചതും രോഗി കല്‍പ്പിച്ചതും എന്ന് പറഞ്ഞ പോലെ ആരെങ്കിലും ടൂര്‍ പോരുന്നോ എന്ന് ചോദിക്കാന്‍ കാത്തിരിക്കുന്ന ഞാന്‍ ഒറ്റ കാര്യമേ അവനോട് പറഞ്ഞുള്ളൂ."ദയവു ചെയ്തു ഈ സംഭവം ക്യാന്‍സല്‍ ചെയ്യരുത്"..കാരണം അതിനു മുമ്പ് പലപ്പോഴും ഞങ്ങള്‍ പ്ലാന്‍ ചെയ്ത പല ട്രിപ്പുകളും അവസാന നിമിഷത്തില്‍ തങ്ങളുടെതല്ലാത്ത കാരണത്താല്‍ മുടങ്ങി പോകാറുണ്ട്.."ഇല്ല ,ഇത് ഇന്ഷാ അല്ലാഹ് നമ്മള്‍ പോയിരിക്കും" എന്ന് അവന്‍ ഉറപ്പും നല്‍കി.എന്നാലും ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ കയറുന്നത് വരെ എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു എന്നാണു സത്യം..!

    ഏതായാലും സംഭവം തീരുമാനമായ ശേഷമുള്ള ഒരു മാസം ജാബിയുടെയും ഹഫിയുടെയും മൊബൈലുകള്‍ക്ക് വിശ്രമമില്ലാത്ത ദിനങ്ങളായിരുന്നു.പോവ്വല്ലേ,പോവൂലേ,പോകണ്ടേ,പ്രശ്നം ഒന്നും ഇല്ലല്ലോ,ഹഫിക്ക് വിളിച്ചിരുന്നോ,ജാബിക്ക് വിളിച്ചിരുന്നോ,നിങ്ങള്‍ രണ്ടാളും ജീവിച്ചിരിപ്പുണ്ടോ തുടങ്ങി എന്റെ ആയിരത്തി ഇരുനൂറ്റി മുപ്പത്തി നാല്{ഏകദേശ കണക്കാണ്}ചോദ്യങ്ങള്‍ക്ക് ഇടയ്ക്കിടയ്ക്ക് മറുപടി പറയേണ്ടി വന്നിരുന്നു ആ പാവങ്ങള്‍ക്ക്.സംഭവം എന്നെ പറഞ്ഞിട്ടും കാര്യമില്ല.ഞാന്‍ അങ്ങിനെയാണ്.എവിടെയെങ്കിലും പോവണം എന്നോ വല്ലതും വാങ്ങണം എന്നോ തീരുമാനിച്ചാല്‍ പിന്നെ നോ ക്ഷമ.തീരുമാനിച്ചാല്‍ അപ്പൊ നടന്നിരിക്കണം....!


  അങ്ങിനെ പോകുന്നതിനു കുറച്ചു ദിവസം മുമ്പ് മൂന്നു പേരും കൂടി കോഴിക്കോട് ഒത്തു ചേരുകയും ട്രെയിന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുകയും ചെയ്തു.എറണാകുളം-നിസാമുദീന്‍ മംഗള എക്സ്പ്രസില്‍ സ്ലീപ്പര്‍ ആണ് പോലും അവര്‍ ബുക്ക്‌ ചെയ്തത്.നമുക്കെന്തു മംഗള,എന്ത് സ്ലീപ്പര്‍ നിന്നിട്ടാണ്‌ എങ്കിലും ഡെല്‍ഹീ പോണം അത്ര തന്നെ.അങ്ങിനെ ഡല്‍ഹി യാത്ര ഏകദേശം തീരുമാനമായി.പത്തു ദിവസത്തെ യാത്രയായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്.അങ്ങിനെ ഇരുപത്തി ആറിനു വൈകുന്നേരം കാണാം എന്ന് പറഞ്ഞു പിരിഞ്ഞു.


   അടുത്ത പ്രശ്നം ഇതെങ്ങനെ വീട്ടില്‍ അവതരിപ്പിച്ചു സമ്മതം വാങ്ങും എന്നതായിരുന്നു.ഒന്നാമതു വൈഫ്‌ എട്ടു മാസം ഗര്‍ഭിണി,പിന്നെ ഷോപ്പ് നോക്കാന്‍ ആളില്ല,പോരാത്തതിന് നാട്ടിലേ കുറെയെണ്ണം ടൂര്‍ എന്ന പേരും പറഞ്ഞു പോയി ചെയ്യുന്ന പല തോന്ന്യാസങ്ങളും കാരണം ഫ്രെണ്ട്സിന്റെ കൂടെയുള്ള യാത്രയാണ് എന്ന് പറഞ്ഞാല്‍ അതിനു പല അര്‍ത്ഥങ്ങളും കല്‍പ്പിക്കുന്ന നാട്ടുകാര്‍ തുടങ്ങി പല പ്രശ്നങ്ങളും ഉണ്ട്.പക്ഷെ ആദ്യത്തെ പ്രശ്നം യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ തന്നെ കഴിഞ്ഞു.കാരണം നാട്ടിലേ ആചാര പ്രകാരം ആദ്യത്തെ പ്രസവം പെണ്ണുങ്ങളുടെ വീട്ടില്‍ വെച്ച് ആവണം പോലും,അതിനു ഏഴാം മാസത്തില്‍ തന്നെ പോകണം എന്നും ഉണ്ടത്രേ,ഏതായാലും കല്യാണത്തിനോ അതിനു ശേഷമോ നാട്ടിലേ യാതൊരു ആചാരവും {സ്ത്രീധനം,അടുക്കള കാണാന്‍ വരല്‍,പള്ള കാണാന്‍ വരല്‍ പോലെയുള്ളവ} എനിക്ക് ബാധകമല്ല എന്ന് പ്രഖ്യാപിച്ചു ഭാര്യാ വീട്ടില്‍ നിന്ന് കിട്ടാവുന്ന സകല ആനുകൂല്യങ്ങളും തട്ടിത്തെറിപ്പിച്ചു നാട്ടുകാരെയും കുടുംബക്കാരെയും അത്ഭുതപ്പെടുത്തി നടന്നിരുന്ന ഞാന്‍ ഈ കാര്യത്തില്‍ മാത്രം തനി നാടനായി.ഏഴാം മാസം "ഞങ്ങള്‍ ഏഴിന് ഓളെ കൂട്ടി കൊണ്ട് പോകാന്‍ വരികയാണ്" എന്ന് പറഞ്ഞ വൈഫിന്‍റെ വീട്ടുകാരോട്"ഏഴാം മാസമല്ല,പത്താം മാസം കഴിഞ്ഞു കുട്ടിനെ കാണാന്‍ വന്നാ മതി" എന്ന് പറഞ്ഞ ഞാനാണ് എട്ടാം മാസമായപ്പോള്‍ ചുമ്മാ വിവരം അറിയാന്‍ വേണ്ടി വിളിച്ച അവളുടെ ഉമ്മ "ഓള് കുറച്ചു ദിവസം ഇങ്ങട്ട് നിക്കാന്‍ പോന്നോട്ടെ" എന്ന് ചോദിച്ചതിനു എന്നാല്‍ നിങ്ങള്‍ വന്നു കൂട്ടി കൊണ്ട് പോയിക്കൊളീ,പ്രസവം ഒക്കെ അവിടെ തന്നെ ആയിക്കോട്ടെ എന്ന് പറഞ്ഞത്.ഏതായാലും കെട്ട്യോള് അവിടെ പോയി എനിക്ക് ടൂര്‍ പോവാനുള്ള വിവരം പറയാഞ്ഞത് കൊണ്ട് "എല്ലാ ആചാരങ്ങളും ഒഴിവാക്കിയാലും ആദ്യത്തെ പ്രസവം ഉമ്മാന്റെ അടുത്തു ആക്കാന്‍ സമ്മതിച്ച എന്‍റെ വിശാല മനസ്സിനെ" കുറിച്ച് അവര്‍ എപ്പോഴും പറയാറുണ്ട്‌ എന്ന്  കെട്ട്യോള്‍".പിന്നെ ആ പേരും പറഞ്ഞു ഇടയ്ക്കിടയ്ക്ക് അത് വേണം ഇത് വേണം ഇല്ലെങ്കില്‍ ഞാന്‍ സത്യം അവരോട് പറയും എന്ന് പറഞ്ഞുള്ള ബ്ലാക്ക് മെയിലിംഗ് അവള്‍ നടത്താറുണ്ട്‌ എങ്കിലും അല്ഹമ്ദുലില്ലാഹ് ആ പ്രശ്നം സോള്‍വ് ആയി.പിന്നെ ഷോപ്പില്‍ തല്‍ക്കാലം ഒരാളെ നിര്‍ത്തിയപ്പോള്‍ ആ പ്രശ്നവും സോള്‍വ് ,പിന്നെ രണ്ടു ദിവസം ഉമ്മാന്റെ പിന്നാലേ നടന്നു ജാബിക്കും ഹഫിക്കും അവര്‍ സ്വപ്നത്തില്‍ പോലും ആവാത്ത അത്രയും ഗംഭീര ഇമേജ് ഉണ്ടാക്കിയെടുക്കുകയും ചെയ്തപ്പോള് ‍{ഉമ്മയും ബാപ്പയും ഈ രണ്ടു മുതഖീങ്ങളെയും പരിചയപ്പെടാന്‍ അവസരം ഉണ്ടാവാതിരിക്കട്ടെ :അമീന്‍ :)}കൂടെ പോകുന്നവരെ കുറിച്ചുള്ള ആശങ്കയും തീര്‍ന്നു.


  അങ്ങിനെ യാത്ര പോകാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി.കുറച്ചു ഡ്രസ്സും മറ്റും ഒരു ഫ്രെണ്ടിന്റെ ബാഗില്‍ കുത്തി നിറച്ചു.പാസ്പോര്‍ട്ടും,മറ്റും എടുത്തു അതിലിട്ടു.അങ്ങിനെ നവംബര്‍ ഇരുപത്തി ആറിനു ഉച്ചക്ക് മൂന്നു മണിയോടെ കോഴിക്കോടെത്തി.ഹഫിയും ജാബിയും നേരത്തെ എത്തിയിരുന്നു.കുറച്ചു നേരം ഞങ്ങളുടെ മറ്റൊരു ഫ്രെണ്ട് ഷിബിന്‍ ഇറാനിയുമായി സംസാരിച്ചിരുന്നു.പിന്നെ യാത്രയില്‍ കാഷ് കൈകാര്യം ചെയ്യാനും മറ്റും ജാബിയെ ചുമതലപ്പെടുത്തി.മുമ്പ് ദല്‍ഹി പോയി പരിചയം ഉള്ള ഡോക്റ്റര്‍ ഹഫിയെ അമീര്‍ ആയും തെരഞ്ഞെടുത്തു.ഇവരെ രണ്ടു പേരെയും നോക്കാനുള്ള ചുമതല ഞാന്‍ സ്വയം ഏറ്റെടുത്തു (ഞമ്മക്കും മാണ്ടേ ബല്ലതും).പിന്നെ റെയില്‍വേ സ്റെഷനിലേക്ക് നടന്നു.ട്രെയിന്‍ അര മണിക്കൂര്‍ ലൈറ്റ് ആയിരുന്നു.ആ അര മണിക്കൂര്‍ കൊണ്ട് "സ്ലീപ്പര്‍ എന്താണ് ജനറല്‍ എന്താണ്,ഏസി എന്താണ് എന്നും പ്ലാട്ഫോമില്‍ ടിക്കറ്റ്‌ ഇല്ലാതെ കയറാന്‍ പാടില്ല എന്നുമുള്ള ബേസിക് കാര്യങ്ങള്‍ ജാബിര്‍ മലബാരി എനിക്ക് ക്ലാസ് എടുത്തു.അജ്മല്‍ കസബിന്റെ മേല്‍ ചുമത്തിയ കേസുകളില്‍ ഒന്ന് ടിക്കറ്റ്‌ ഇല്ലാതെ പ്ലാറ്റ്ഫോമില്‍ കയറി എന്നും ഉണ്ടായിരുന്നു എന്ന് ഫൈസ്ബുകില്‍ ഉണ്ടായിരുന്നുവത്രെ.(അവന്‍റെ പറച്ചില്‍ കേട്ടാല്‍ തോന്നും ആ കേസ് ഇല്ലായിരുന്നു എങ്കില്‍ കസബിനെ വെറുതെ വിടുമായിരുന്നു എന്ന് ...:))ഏകദേശം അഞ്ചര ആയപ്പോഴേക്കും ട്രെയിന്‍ എത്തി.


   അകത്തു കയറി ഞങ്ങളുടെ സീറ്റ് നമ്പര്‍ തിരഞ്ഞു കണ്ടു പിടിച്ചു.എന്തോ ഭാഗ്യത്തിന് അതില്‍ ആളുണ്ടായിരുന്നു.ഞാന്‍ കരുതി ഞമ്മളെ കാണുമ്പോള്‍ അവര്‍ എണീറ്റ്‌ തരും എന്ന് .പക്ഷെ അവര്‍ എണീറ്റില്ല.സ്ത്രീകള്‍ ആയിരുന്നത് കൊണ്ടും,കണ്ണൂരില്‍ ഇറങ്ങും എന്ന് പറഞ്ഞത് കൊണ്ടും ഞങ്ങള്‍ അട്ജെസ്റ്റ് ചെയ്തു പലയിടത്തായി ഇരുന്നു.പിന്നെ യാത്ര ഒരു സംഭവമായിരുന്നു.ഞങ്ങളുടെ കൂടെ ആ ബെര്‍ത്തില്‍ ഉണ്ടായിരുന്ന എല്ലാവരേയും ഹഫി ഏതാനും മിനിട്ടുകള്‍ കൊണ്ട് പരിചയപ്പെടുകയും കമ്പനിയാവുകയും ചെയ്തു.എന്തൊക്കെ പറഞ്ഞാലും അവന്‍റെ എല്ലാവരോടും തുറന്നു ഇടപെടാനുള്ള ആ കഴിവും എല്ലാവരേയും പെട്ടെന്ന് തന്നെ കമ്പനിയാക്കാനുമുള്ള ആ കഴിവും ഞങ്ങള്‍ക്ക് യാത്രയില്‍ ഉടനീളം ഉപകാരപ്പെടുകയും ഞാനും ജാബിയും അക്കാര്യത്തില്‍ അവനെ സമ്മതിക്കുകയും ചെയ്തു.ഒരു പക്ഷെ അവന്‍റെ നിഷ്കളങ്ക പ്രകൃതവും ഒരു ഡോക്ട്ടര്‍ ആയിട്ടും അതിന്‍റെ യാതൊരു അഹങ്കാരമോ മറ്റോ ഇല്ലാത്തതു കൊണ്ടും ആവാം..


    ഞങ്ങളുടെ കൂടെ ആ ബെര്‍ത്തില്‍ ഉണ്ടായിരുന്നത് വര്‍ഷങ്ങളായി ബോംബയില്‍ താമസമാക്കിയ അവിടെ ഒരു സ്കൂളില്‍ അധ്യാപകന്‍ ആയ ബാല്‍ താക്കറെയുടെ ഫാനായ വര്‍ഗീസേട്ടന്‍ ,മേരി ചേച്ചി,അവരുടെ ഭര്‍ത്താവ് എന്നിവരും പിന്നെ ഡല്‍ഹിയില്‍ സ്ഥിര താമസമാക്കിയ ബ്യൂട്ടീഷന്‍ മോനിഷ എന്ന സുന്ദരിയായ പെണ്‍കുട്ടിയും അവളുടെ അമ്മയും പിന്നെ യാത്രയിലുടനീളം പട്ടാള കഥകള്‍ പറഞ്ഞു ഞങ്ങളുടെ ബെര്ത്തിനെ സജീവമാക്കി നിലനിര്‍ത്തിയ ഡെറാഡൂണ്‍ ക്യാമ്പിലേക്ക് പോവുകയായിരുന്നു എസ്കെ നായര്‍ എന്ന പട്ടാളക്കാരനുമായിരുന്നു.പിന്നെ ഡല്‍ഹിയില്‍ എല്‍ ഐസിയുടെ പ്രോഗ്രാമിന് പോവുകയായിരുന്നു ഒരു ഫാമിലിയും ഉണ്ടായിരുന്നു.അവരുടെ കൂടെ ഒരു പാട് പേര്‍ ഉണ്ടായിരുന്നത് കൊണ്ട് അവര്‍ പലപ്പോഴും അവരുടെ കൂടെ ആയിരുന്നു.അവരുടെ കുട്ടികള്‍ ജാബിയുടെ അടുത്ത് തമാശയും കളിയും ഫോട്ടോ പിടുത്തവുമായി ഉണ്ടായിരുന്നു.

ഞാനും വര്‍ഗീസേട്ടനും
ഞങ്ങളുടെ ബെര്‍ത്ത്‌

  അങ്ങിനെ ചര്‍ച്ചകളും തമാശകളും പട്ടാള കഥകളും ഒക്കെയായി വളരെ രസകരമായിരുന്നു യാത്ര.ഇടയ്ക്കു എസ്കെ നായര്‍ ഇസ്രയേലിനേയും വര്‍ഗീസേട്ടന്‍ താക്കറെയെയും അനുകൂലിച്ചു സംസാരിച്ചത് ഞങ്ങള്‍ക്ക് പിടിച്ചില്ല.നായരെ ഞങ്ങള്‍ പട്ടാളക്കാരന്‍ എന്ന നിലക്ക് എതിര്‍ക്കാന്‍ പോയില്ല.ജവാന്മാരെ നമ്മള്‍ ബഹുമാനിക്കണം.പക്ഷെ വര്‍ഗീസേട്ടനെ ഞങ്ങള്‍ ശക്തമായി എതിര്‍ത്തു തിരുത്തിച്ചു.അക്കാര്യത്തില്‍ എസ്കെ നായരും ഞങ്ങളുടെ കൂടെ ആയിരുന്നു.എല്ലാം വളരെ സൌഹ്രുദപരമായിരുന്നു.പിന്നെ വര്‍ഗീസേട്ടന്‍റെ ബോംബെ കഥകളും അനുഭവങ്ങളും നായരുടെ കാര്‍ഗില്‍,കാശ്മീര്‍ തൊട്ടുള്ള പട്ടാള കഥകളും മോനിഷയുടെ ഡല്‍ഹി വിശേഷങ്ങളും അവളുടെ അമ്മയുടെ യുപിയിലെ ഹോട്ടല്‍ വിശേഷങ്ങളും(അവരും അവരുടെ ഭര്‍ത്താവും വര്‍ഷങ്ങളായി അവിടെ ഹോട്ടല്‍ നടത്തുകയാണ്) പിന്നെ ഹഫിയുടെ ഹോസ്പിറ്റല്‍ വിശേഷങ്ങളും ഇടയ്ക്കിടയ്ക്ക് ജാബിയുടെ ഷൂട്ടിംഗ് സെക്ഷനുകളും പിന്നെ ഓരോ സ്റ്റേഷനില്‍ നിന്നും കയറുന്ന ഓരോ തരാം ഭക്ഷണ മോഡലുകള്‍ എല്ലാം കൂടി ഗംഭീരമായിരുന്നു യാത്ര.


                                                                   (തുടരും)


(കുറെ കാലത്തിനു ശേഷം എഴുതിയത് കൊണ്ട് വായിക്കുന്നവര്‍ക്ക് ഇഷ്ട്ടപ്പെടുമോ എന്നറിയില്ല.അത് കൊണ്ട് എല്ലാവരുടെയും അഭിപ്രായം അറിഞ്ഞ ശേഷം ബാക്കി എഴുതാം എന്ന് കരുതുന്നു.കൂടുതല്‍ ഫോട്ടോസ് അടുത്ത പോസ്റ്റില്‍  )

.

Sunday, 17 June 2012

ഹേയ് സുഭാഷ്‌ .. സങ്കടപ്പെടുത്തിയല്ലോ ....!


   



    ഇന്ന് മാതൃഭൂമി വായിക്കാന്‍ തുടങ്ങുമ്പോള്‍ അത് ഇങ്ങനെ ഒരു ബ്ലോഗ്‌ പോസ്റ്റ്‌ എഴുതിക്കും എന്ന് കരുതിയിരുന്നില്ല.എന്‍റെ ഫേസ്ബുക്ക് തുറക്കാന്‍ കഴിയാത്തതിനാല്‍ അവിടെ ഒരു പോസ്റ്റ്‌ ആയി മാറേണ്ടിയിരുന്ന ഈ സംഭവം ബ്ലോഗില്‍ എഴുതാം എന്ന് കരുതി.മാതൃഭുമി വാരാന്തപതിപ്പാണ് പ്രതി.അത് പലരും വായിച്ചു കഴിഞ്ഞിട്ടുണ്ടാവും എന്ന് അറിയാം.എന്നാലും ചില ലേഖനങ്ങള്‍,കഥകള്‍ നോവലുകള്‍ എന്നിവ വായിച്ചാല്‍ അത് ആരെങ്കിലുമായി ഒന്ന് പങ്കുവച്ചില്ലെങ്കില്‍ അനുഭവപ്പെടുന്ന ഒരു തരം കുത്തല്‍ കാരണം{ഇതിനെ സാഹിത്യവല്ക്കരിച്ചു എങ്ങിനെ പറയും എന്നറിയില്ല.}ഇത് ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ആക്കാം എന്ന് കരുതിയത്‌.കൂടാതെ അലസമായ ഈ ഞായറാഴ്ച പ്രത്യേഗിച്ച് വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ടും ....

    ഗസലുകളോട് എന്നും എനിക്ക് പ്രിയമായിരുന്നു.ഗസല്‍ ഗായകരോടും.ഒരു പക്ഷെ അധികം സുഹൃത്തുക്കള്‍ ഒന്നുമില്ലാത്തതും ചെറുപ്പം മുതലേയുള്ള ഒറ്റപ്പെടലുകളും അതിനൊരു കാരണമായിരുന്നിരിക്കാം.എന്‍റെ മെമ്മറി കാര്‍ഡിലും കൂടുതലും ഗസല്‍ ഗാനങ്ങള്‍ ആയിരിക്കും.അത് കൊണ്ട് ദുബായില്‍ ആയിരുന്ന സമയത്ത് കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ പാട്ടു കേള്‍ക്കാന്‍ വേണ്ടി  മൊബൈല്‍ വാങ്ങിയാല്‍ അല്‍പ്പസമയത്തിനുള്ളില്‍ തന്നെ തിരിച്ചു എന്‍റെ കയ്യില്‍ എത്തുമായിരുന്നു.കാരണം അവര്‍ പ്രതീക്ഷിക്കുന്ന സിനിമാ പാട്ടോ മാപ്പിള പാട്ടോ ഒന്നും അതിലുണ്ടാവില്ല.ഉണ്ടാവുക ഗുലാം അലി സാബിന്റെയോ മെഹ്ദി ഹസന്റെയോ ജഗ്ജീദ്‌ സിംങ്ങിന്റെയോ ഹരിഹരന്റെയോ ഒക്കെ ഗസലുകള്‍ ആയിരിക്കും.

മറ്റൊരു കാര്യം പറയാന്‍ വന്ന ഞാന്‍ ഇപ്പൊ എന്‍റെ കാര്യം എഴുതി അതൊരു പോസ്റ്റാവും എന്നാണു തോന്നുന്നത്..അത് കൊണ്ട് ഞാന്‍ കാര്യത്തിലേക്ക് കടക്കാം.ഏതാനും ദിവസം മുമ്പ്‌ ഞാന്‍{നമ്മള്‍ } ഒരുപാട് ഇഷ്ട്ടപ്പെട്ടിരുന്ന ഗസല്‍ ചക്രവര്‍ത്തി മെഹ്ദി ഹസന്‍ സാബ്‌ നമ്മെ വിട്ടു പിരിഞ്ഞു.ആ നാദം നേരിട്ട് കേള്‍ക്കാന്‍ ഇനി നമുക്കാവില്ല.പക്ഷെ അദ്ദേഹം പാടിയ ഗസലുകള്‍ എന്നെന്നും നമ്മുടെ ഹൃദയങ്ങള്‍ക്ക് കുളിരായി ഉണ്ടാവും.ഇന്നത്തെ വാരാന്തപതിപ്പില്‍ സുഭാഷ്‌ ചന്ദ്രന്‍ {ഇദ്ദേഹം മറ്റെന്തെങ്കിലും രീതിയില്‍ പ്രസിദ്ധനാണോ എന്നറിയില്ല }എന്ന അദ്ധേഹത്തിന്റെ ഒരു ആരാധകന്‍ എഴുതിയ ലേഖനം വായിച്ചു.ഒരു പക്ഷെ മെഹ്ദി ഹസനെ കുറിച്ച് വന്ന ഒരുപാട് ലേഖനങ്ങള്‍ വായിച്ചിട്ടുണ്ട് എങ്കിലും ഇത്രക്കും ഹൃദയസ്പര്‍ശിയായ ഒന്ന് ആദ്യമായാണ്‌..വായിച്ചു അവസാനിച്ചപ്പോഴേക്കും മനസ്സില്‍ എവിടെയൊക്കെയോ എന്തോ..{എത്ര ക്രൂരം.എന്‍റെ മലയാളത്തിന്‍റെ പരിമിതി}...എനിക്കും അദ്ധേഹത്തെ കുറിച്ച് എന്തൊക്കെയോ എഴുതണം എന്നുണ്ട് ..കഴിയുന്നില്ല..എന്‍റെ കയ്യിലുള്ള ഭാഷ കൊണ്ട് അദ്ധേഹത്തെ എഴുതാന്‍ കഴിയില്ല.അതിനു കഴിവുള്ളവര്‍ എഴുതിയത് ഞാന്‍ ഇവിടെ ഒട്ടിച്ചു വെക്കുന്നു.എനിക്ക് എഴുതാന്‍ കഴിയാതെ പോയ വാക്കുകള്‍.ഞാന്‍ എഴുതാന്‍ കൊതിച്ച വാക്കുകള്‍ .

ആദ്യം ആ ലേഖനത്തിന്‍റെ പത്രകട്ടിംഗ് സ്കാന്‍ ചെയ്തു പോസ്റ്റാന്‍ ആണ് തീരുമാനിച്ചത്.പക്ഷെ ക്ലിയര്‍ കിട്ടുന്നില്ല.പിന്നെ അത് മുഴുവനായി ടൈപ്പ് ചെയ്യാം എന്ന് കരുതിയാണ് ഇത് വരെ എഴുതിയത്.ഇടക്കെപ്പോഴോ മാതൃഭുമി പ്രിന്‍റ് എഡിഷന്‍ ഓണ്‍ലൈനില്‍ കിട്ടുമല്ലോ എന്നോര്‍ത്തു.തിരഞ്ഞെപ്പോള്‍ കിട്ടി.എന്നാല്‍ ലിങ്ക് കൊടുക്കാം എന്ന് കരുതി എങ്കിലും അതും വേണ്ട മുഴുവനായി എന്‍റെ ബ്ലോഗില്‍ തന്നെ കിടക്കട്ടെ.ഇടയ്ക്കു എനിക്ക് തന്നെ വായിക്കാമല്ലോ...............പത്രം കയ്യിലെടുത്തു വായിക്കുന്ന സുഖം കിട്ടില്ല എങ്കിലും വായിക്കൂ ..







 

എങ്ങളെവിട്ടെങ്ങുപോകാന്‍?

Posted on: 17 Jun 2012

സുഭാഷ് ചന്ദ്രന്‍


മുന്തിയ ഒന്നിനെ മാത്രമേ സൃഷ്ടിക്കൂ എന്ന് ഉത്തമബോധ്യം പുലര്‍ത്തിക്കൊണ്ടു ജീവിക്കാന്‍,
മെഹ്ദി ഹസ്സന്‍, ഞങ്ങള്‍ക്കുമുന്നില്‍ അങ്ങയെപ്പോലെ അധികം മാതൃകകളില്ല!





മരണാനന്തരം നല്ല വാക്കുകള്‍ വര്‍ഷിച്ച് ആരേയും മഹിതജന്മമാക്കുന്നതില്‍ ഞങ്ങള്‍ മലയാളികളോളം മിടുക്കുള്ളവര്‍ വേറെയില്ല, പ്രിയപ്പെട്ട മെഹ്ദി ഹസ്സന്‍! അങ്ങയുടെ അറിവിലേക്കായി പറയട്ടെ, ആദരാഞ്ജലി എന്ന വാക്കിന് ആദരവോടെയുള്ള കൈകൂപ്പല്‍ എന്നാണ് അര്‍ഥമെങ്കിലും ഞങ്ങള്‍ക്കത് ഒരു മരണാനന്തര ചടങ്ങാണ്! അതുകൊണ്ട് അങ്ങയുടെ മരണം സൃഷ്ടിച്ച വേദനയെക്കുറിച്ച് എഴുതും മുമ്പ്, അങ്ങു ജീവിച്ചിരിക്കുമ്പോള്‍ ഈയുള്ളവന്‍ എഴുതിെവച്ച ഏതാനും വരികള്‍ വീണ്ടും എടുത്തെഴുതുന്നതില്‍ ക്ഷമിക്കണേ!

1989-ലെ വലിയ പെരുന്നാള്‍ദിവസം, എന്റെ ആത്മസ്‌നേഹിതന്‍ അന്‍വര്‍ ഹുസൈന്‍ എന്നെ ആദ്യമായി അവന്റെ വീട്ടില്‍ കൊണ്ടുപോയി. എക്കാലത്തേക്കുമായി എന്റെ ആത്മാവില്‍ കയറിപ്പറ്റിയ രണ്ടു മഹാപുരുഷന്മാര്‍- ഫയദോര്‍ ദസ്തയേവ്‌സ്‌ക്കിയും മെഹ്ദി ഹസ്സനും- എന്നെ പരിചയപ്പെടാന്‍ പാടവരമ്പത്തെ ആ കൊച്ചുവീട്ടില്‍ കാത്തിരിപ്പുണ്ടായിരുന്നു.
സംഗീതശേഖരത്തില്‍ നിന്ന് ഒരു കറുത്ത കാസറ്റ് തപ്പിയെടുത്ത് അന്‍വര്‍ ടേപ്പ് റെക്കോഡറില്‍ ഇട്ടു. ലെജന്റ് എന്ന് ഇംഗ്ലീഷില്‍ പേരുകൊത്തിയ കറുത്ത കാസറ്റിന്റെ കവറില്‍ മഹര്‍ഷിയുടെ കണ്ണുകളും ഹൃദയവേദനയുമായി ഹാര്‍മോണിയം മീട്ടി പാടാനിരിക്കുന്ന കഷണ്ടിക്കാരന്റെ പേര് വായിച്ചു: മെഹ്ദി ഹസ്സന്‍.

പാട്ടുതുടങ്ങിയപ്പോള്‍... ദൈവമേ! മെലിഞ്ഞുണങ്ങിയ എന്റെ ശരീരത്തിനുള്ളില്‍ ഹൃദയമെന്നൊരു ഘനവസ്തു അതിന്റെ സാന്നിദ്ധ്യമറിയിക്കാന്‍ തുടങ്ങി. ദൈവവും മനുഷ്യനും കണ്ടുപിടിച്ച മഹത്തായ രണ്ടു സംഗീതോപകരണങ്ങള്‍- യഥാക്രമം മെഹ്ദി ഹസ്സനും സാരംഗിയും- ഞാന്‍ ജനിക്കുന്നതിനു മുമ്പുള്ളതും എന്റെ മരണത്തിനു ശേഷമുള്ളതുമായ സമയങ്ങളെ എന്റെ ആത്മാവിലേക്ക് കോരിയൊഴിക്കാന്‍ തുടങ്ങി... (മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'കാണുന്ന നേരത്ത്' എന്ന പുസ്തകത്തില്‍ നിന്ന്)

പ്രിയപ്പെട്ട മെഹ്ദി സാഹിബ്, ഇന്നിപ്പോള്‍ ആ സുവര്‍ണനിമിഷത്തില്‍നിന്ന് ഞാന്‍ കാല്‍നൂറ്റാണ്ടോളം ഇപ്പുറത്താണ്. ഇന്നോളം എത്രയെത്ര ഉറക്കമില്ലാത്ത സങ്കീര്‍ണരാത്രികളില്‍ താങ്കള്‍ എന്നെ സംഗീതം കൊണ്ട് സമാശ്വസിപ്പിച്ചു! വര്‍ഷങ്ങളോളം വലച്ച അത്യുഗ്രവിഷാദത്തിലും വല്ലപ്പോഴും മാത്രം എന്നെത്തുണച്ച സൃഷ്ട്യുന്മാദത്തിലും ഒരുപോലെ അങ്ങയുടെ അമോഘനാദം എന്റെ ആത്മാവിനെ, ദുര്‍ബലമായൊരു ദീപനാളത്തെ കനപ്പെട്ട കൈപ്പടമറപോലെ, കാറ്റില്‍ കാത്തു. യൂ ട്യൂബെന്നും ബ്ലൂ ടൂത്തെന്നും കേട്ടിട്ടേയില്ലാത്ത ഒരു കുട്ടിക്കാലത്തിലെ ആ കറുത്ത കാസറ്റുമുതല്‍ ഇന്നിതാ ഈ കുറിപ്പെഴുതുമ്പോഴും ഉതിരുന്ന വെറ്റിലച്ചൊരുക്കുള്ള അങ്ങയുടെ നാദവൈഖരിയോളം (ജഹാം ജാ കെ ചേന് സേ മര്‍ സകൂം...) നമ്മുടെ ബന്ധം വളര്‍ന്നു മുറ്റിയിരിക്കുന്നു!
ഇന്നുച്ചയ്ക്ക് താങ്കളുടെ മരണം അറിഞ്ഞപ്പോള്‍ എന്റെ ഹൃദയം വാരിയെല്ലുകള്‍ക്കിടയില്‍ ഞെരിഞ്ഞു. ദുര്‍വിധികളെ മാത്രം വാര്‍ത്തയായി കേള്‍ക്കാന്‍ നിയോഗമുള്ള ഈ ഉപഭൂഖണ്ഡത്തിലെ കോടിക്കണക്കിന് ഹൃദയങ്ങളും ഇന്ന് അതേ ഞെരുക്കം അറിഞ്ഞിരിക്കുമെന്ന് എനിക്കറിയാം.
അതെ, അങ്ങു മരിച്ചാല്‍ പുലയുള്ളവരാണ് ഞങ്ങള്‍!

മെഹ്ദിഹസ്സനെ ആരാധിച്ചുതുടങ്ങാന്‍ എന്റെ തലമുറയ്ക്ക് കാരണങ്ങള്‍ പലതുണ്ടായിരുന്നു. ഈയൊരാളെ പ്രണയിച്ചു സാഫല്യമടയാന്‍ സാധിക്കാത്തതുകൊണ്ടാണ് ലതാമങ്കേഷ്‌ക്കര്‍ അവിവാഹിതയായി തുടരുന്നത് എന്ന ശ്രുതി അതിലൊന്നായിരുന്നു. പിന്നേയും വന്നിരുന്നു അത്ഭുതവടിവിലുള്ള ഐതിഹ്യകഥകള്‍. തന്റെ വാഹനത്തിന്റെ യന്ത്രക്ഷമത പരിശോധിക്കുകയായിരുന്ന ഒരു ധനികന്‍ ഗ്രീസുപുരണ്ട കൈകൊണ്ട് താളമിട്ട് ഹിന്ദുസ്ഥാനി മൂളുന്ന മെക്കാനിക്കിനെ ശ്രദ്ധിച്ചതും തന്റെ ഡ്രൈവര്‍സീറ്റിലിരിക്കുന്ന ചെറുപ്പക്കാരന്‍ ഗസല്‍സംഗീതത്തിന്റെ ദിവ്യരഥം തെളിക്കാന്‍ ത്രാണിയുള്ളവനാണെന്ന് മനസ്സിലാക്കിയതും... അക്കഥ കേട്ട് ഭാവിയില്‍ അത്തരം അത്ഭുതകരമായ വഴിത്തിരിവുകള്‍ക്കായി കാത്തിരുന്ന ഞങ്ങള്‍ എളുപ്പം വികാരാധീനരായി.
പിന്നീടൊരിക്കല്‍ യൂട്യൂബില്‍ 'രഞ്ജിഷ് ഹി സഹീ' പാടുന്ന മെഹ്ദി ഹസ്സനെ കാണുമ്പോള്‍ അവ്യക്തസദസ്സില്‍ ഇരുന്ന് ആ അമൃതവര്‍ഷം ആസ്വദിക്കുന്ന ഒരു മുഖം തിരിച്ചറിഞ്ഞു- സാക്ഷാല്‍ ഗുലാം അലി! മഹാപ്രതിഭനായ അലിയെപ്പോലും കേവല സദസ്യനാക്കാന്‍ പോന്ന മെഹ്ദി!

രണ്ടായിരാമാണ്ടില്‍, എന്റെ ജീവിതത്തിലേക്ക് രണ്ട് ആനന്ദങ്ങള്‍ കടന്നുവന്നു. എന്റെ രണ്ടാമത്തെ മകളുടെ ജനനമായിരുന്നു ആദ്യത്തേത്. രണ്ടാമത്തേതും ഒട്ടും കുറയാത്തത്- മെഹ്ദി ഹസ്സന്‍ കോഴിക്കോട്ടു പാടാന്‍ വന്നു!
ഇന്ത്യയില്‍ പാടണമെന്ന അദ്ദേഹത്തിന്റെ മോഹം സഫലമാവുകയാണെന്ന് പത്രങ്ങള്‍ പറഞ്ഞു. പാട്ടുകേട്ടാല്‍ കരയില്ലെന്ന് ഉറപ്പുള്ള മൂത്ത മകളേയുമെടുത്ത് ഞാനും ഭാര്യയും ചെല്ലുമ്പോള്‍ ടാഗോര്‍ ഹാള്‍ തിങ്ങിനിറഞ്ഞിരുന്നു. സംഗീതജ്ഞരെ ആരാധിക്കാനുള്ള മുഴുവന്‍ശേഷിയുമെടുത്ത് സ്​പന്ദിക്കുന്ന ഒരു പടുകൂറ്റന്‍ കോഴിക്കോടന്‍ഹൃദയം പോലെ ആ കെട്ടിടം വീര്‍പ്പുമുട്ടി നിന്നു. രണ്ടു സഹായികളുടെ സഹായത്തോടെ അദ്ദേഹം വേച്ചുവേച്ച് വേദിയിലേക്കു വന്നു. അത്രമേല്‍ പരിക്ഷീണിതനായ എന്റെ ദൈവത്തെ കണ്ടപ്പോള്‍ ആള്‍ക്കൂട്ടത്തിനുള്ളിലിരുന്ന് ഞാന്‍ കരഞ്ഞു. മെഹ്ദി സാഹിബ്, അങ്ങയേയും വാര്‍ധക്യം തൊടുമോ? അങ്ങയുടെ മേലും മരണം കൈവെയ്ക്കുമോ? മുഴുവന്‍ സദസ്യരേയും ഗസലോളം സുന്ദരമായ ഒരു പുഞ്ചിരിയാല്‍ അനുഗ്രഹിച്ചിട്ട് അദ്ദേഹം അല്പം ഇടത്തോട്ടു മാറ്റിവച്ച ഹാര്‍മോണിയത്തെ നല്ലപാതിയെ എന്നപോലെ തഴുകി ദൈവികശ്രുതിയില്‍ പറഞ്ഞു: ''എന്റെ ബീബി മരിച്ചതില്‍ ഖിന്നനാണ് ഞാന്‍. എന്നാല്‍ ഇതു ഞാന്‍ വാഗ്ദത്തം ചെയ്ത ഗസല്‍ സന്ധ്യയാണ്!'' ഒരു നിമിഷം തലകുനിച്ചിട്ട് അദ്ദേഹം തുടര്‍ന്നു: ''സ്‌നേഹിക്കുന്നവര്‍ക്കു മുന്നില്‍ പാടാനിരിക്കുമ്പോള്‍ എല്ലാ വേദനകളും എനിക്കു മറക്കാം!''

മുന്നിലിരുന്ന ആയിരക്കണക്കിന് ഹൃദയങ്ങള്‍ ഒപ്പം പറഞ്ഞു: ''അങ്ങയെ കേള്‍ക്കാനിരിക്കുമ്പോള്‍ ഞങ്ങള്‍ക്കും!''
തളര്‍ച്ചയുടേയും രോഗത്തിന്റെയും ലാഞ്ഛനയേതുമില്ലാതെ അദ്ദേഹം പാടാന്‍ തുടങ്ങി. ഒരാള്‍ക്കൂട്ടത്തെ ഒട്ടാകെ മോഹനിദ്രയിലാഴ്ത്തിക്കൊണ്ട് ആ സ്വരം മെതിയടിയിട്ട് വെള്ളിവടി വീശിക്കൊണ്ട് ഞങ്ങള്‍ക്കിടയിലൂടെ നടന്നു. ധിനിധിനിക്കുന്ന തബലയ്‌ക്കൊപ്പം അടുത്ത താളവട്ടത്തിലേക്ക് തെന്നുന്ന മനോഹരമാത്രകളില്‍ ഹാര്‍മോണിയത്തിന്റെ കാറ്റുപലകയില്‍നിന്ന് ഇടംകൈയെടുത്ത് അദ്ദേഹം സദസ്സിലേക്ക് പൂവെറിയുമ്പോലെ നീട്ടിയപ്പോഴൊക്കെ ഞാറ്റുവേലപ്പാടത്ത് വിത്തുവീഴുമ്പോലെ ഞങ്ങളില്‍ കുളിരുവീണു. ഇടയ്ക്ക്, പാടുന്ന ശ്രുതിയില്‍നിന്ന് കടുകിട തെറ്റാതെ സദസ്യരോട് സംസാരിച്ചു: ''പ്യാരേ സജ്ജനോം'', അദ്ദേഹം പറഞ്ഞു: ''ഉപഭൂഖണ്ഡത്തിന്റെ തെക്കേയറ്റത്തുള്ള ഈ കൊച്ചുനാട്ടില്‍, എന്നെ ഇത്രയും സ്‌നേഹിക്കുന്ന ആളുകളുണ്ടെന്നത് അത്ഭുതം! എന്നില്‍ ക്ഷീണമറിയാതെ പാടാനുള്ള ഊര്‍ജം നിറയുന്നു. മാഷാ അള്ളാ, ഞാന്‍ ഇനിയും വരും!''
ആത്മവിസ്മൃതിയില്‍ മുഴുകി അദ്ദേഹം പാടി:
ശോലാ ഥാ ജല്‍ ബുഛാ ഹും
ഹവായേം മുഝേ ന ദോ!
സ്വരത്തിന്റെ ഹിമാലയന്‍നദിയിലൂടെ പഴയ മഹാരാജാസ് ദിനങ്ങളുടെ ഓര്‍മകള്‍, മഴനനഞ്ഞു ചില്ലയില്‍ ചേക്കേറിയ പക്ഷിക്കുഞ്ഞിനെപ്പോലെ ഉള്ളിലിരുന്നു മിടിക്കാന്‍ തുടങ്ങി. താടിവെച്ചൊരു ഇരുപത്തൊന്നുകാരന്‍ കൂട്ടുകാരോട് അഹമ്മദ് ഫര്‍സിന്റെ വരികളില്‍ മലയാളം തേയ്ക്കുന്നു: അണഞ്ഞുപോയൊരു അഗ്‌നിനാളമാണ് ഞാന്‍, ഇനിയെന്നെ ആളിക്കാന്‍ നോക്കരുതേ! എന്നേ പോയിക്കഴിഞ്ഞ ഒരാള്‍; ഇനിയിപ്പോള്‍ പിന്‍വിളി അരുതേ! നീ തന്ന വിഷം ഞാന്‍ കുടിച്ചു കഴിഞ്ഞു, ഇനി ജീവിതത്തിന്റെ ഔഷധം നീട്ടരുതേ!
ഗസലുകള്‍ ഒന്നൊന്നായി ആളിയണഞ്ഞുകൊണ്ടിരുന്നു. സതീര്‍ഥ്യരോടും ഓമനക്കുട്ടന്‍ മാഷിനോടും ഒപ്പം പോയ ഒരു മൂന്നാര്‍ യാത്രയില്‍, രാത്രി കുടിച്ചു കുന്തംമറഞ്ഞ ആ പഴയ ഇരപ്പാളി ചങ്കുപൊട്ടി പാടിയ ഗസല്‍ ഏതായിരുന്നു?
മേ ഹോശ് മേ ഥാ തോ ഫിര്‍
ഉസ് പേ മര്‍ ഗയാ കൈസേ?
അതു തുടങ്ങുന്നത് സാരംഗിയില്‍ നിന്നു ബാംസുരിയിലേക്ക് പടര്‍ന്നുകത്തുന്ന ഒരു ദീര്‍ഘവിഷാദത്തിലായിരുന്നു. കലീം ചാന്ദ്പുരി ആ രചനയില്‍ നിറച്ചിരുന്നത് എന്റെ ജീവിതമായിരുന്നു... ഏതായിരുന്നു രാഗം? ഓ, അതുതന്നെ. നഷ്ടാനുരാഗം, അല്ലാതെന്ത്?

അങ്ങുപോയിക്കഴിഞ്ഞ വാര്‍ത്തയറിഞ്ഞപ്പോള്‍ ഞാന്‍ ആദ്യം അന്‍വറിനെ വിളിച്ചു. കാല്‍നൂറ്റാണ്ടുമുമ്പ് എന്നെ അങ്ങിലേക്ക് വഴിനടത്തിയ കൂട്ടുകാരനെ. ഫോണ്‍ നിശ്ശബ്ദമാണെന്നു കണ്ടപ്പോള്‍ അവന്റെ ജ്യേഷ്ഠന്‍ ഫസലിനെ വിളിച്ചു. എന്നെ ആശ്വസിപ്പിച്ചുകൊണ്ട് ഫസല്‍ പറഞ്ഞു: ''എന്താ ചെയ്യാ, പറ്റിക്കഴിഞ്ഞാ പിന്നെ എന്തെങ്കിലും പറ്റ്വോ?'' മഹാരാജാസ് മുതല്‍ തുടരുന്ന സൗഹൃദത്തില്‍ ഇരുന്നുകൊണ്ട് വിജയകുമാര്‍ ഫോണിലൂടെ വിതുമ്പി: ''എനിക്ക് സഹിക്കാമ്പറ്റണില്ല, സുഭാഷേ!'' പുണെയിലെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് ഹസ്സന്‍ എനിക്ക് സങ്കടസന്ദേശം അയച്ചു: ''പടച്ച തമ്പുരാന് എന്തു തെമ്മാടിത്തവും കാട്ടാമെന്നായോ!'' മെഹ്ദി ഹസ്സന്റെ അപൂര്‍വമായ വീഡിയോആല്‍ബങ്ങള്‍ അയച്ചുതരുമായിരുന്ന രാജു വയനാട്ടില്‍നിന്ന് വിളിച്ചു: ''മരണവാര്‍ത്തയറിഞ്ഞപ്പോള്‍ നിന്നെ വിളിക്കണമെന്നു തോന്നി.'' കിളിമാനൂര്‍ കൊട്ടാരത്തില്‍ കുടുംബപൂജയിലായിരിക്കുമ്പോഴും പ്രസന്നവര്‍മ എന്നെ വിളിച്ചുപറഞ്ഞു: ''എന്തോ, ഇന്നിതു കേട്ടപ്പോള്‍ സുഭാഷിനെ ഓര്‍ത്തു!'' പലയിടങ്ങളില്‍നിന്ന് ശ്രീകാന്തും വിനുജോസഫും സൈനുല്‍ ആബിദും ഗീതാനാഥനും കബീറും റാംമോഹനും എന്റെ ആരോ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞ് വിളിക്കുന്നു. എന്റെ പിറന്നാളുകള്‍ക്ക് മെഹ്ദി ഹസ്സന്റെ ഗസലുകള്‍ സമ്മാനിക്കാറുള്ള ചങ്ങാതിമാര്‍ ആശ്വസിപ്പിക്കുന്നു.

മെഹ്ദി സാഹിബ്, ഞങ്ങളെയെല്ലാം വിട്ട് അങ്ങ് എങ്ങോട്ടുപോകുവാനാണ്? ഒരിക്കല്‍ അങ്ങയുടെ സ്വരം കേട്ടുകൊണ്ടിരിക്കേ, പട്ടാളത്തില്‍ നിന്ന് അവധിയില്‍ വന്ന രഞ്ജിത്ത് പറഞ്ഞത് ഓര്‍ക്കുന്നു: ''ഇനി അതിര്‍ത്തിയില്‍ ചെന്ന് പാക്കിസ്ഥാനു നേരേ എങ്ങനെ വെടിവെയ്ക്കും ഞാന്‍? ഈ മനുഷ്യന്റെ ബന്ധുക്കള്‍ക്കുനേരേ?''
അതെ, അവിടുത്തെ ഗാനം ഞങ്ങള്‍ക്കിടയില്‍നിന്ന് ജാതിയുടേയും മതത്തിന്റേയും ലിംഗത്തിന്റെയും രാഷ്ട്രത്തിന്റേയും അതിര്‍ത്തികള്‍ മായ്ച്ചുകളഞ്ഞു. അങ്ങ് ജീവശ്വാസമൂതി വിടര്‍ത്തിയ ഓരോ വാക്കിനേയും ഞങ്ങള്‍ കൈക്കുഞ്ഞിനെയെന്നപോലെ എടുത്തോമനിച്ചു. വാസനിച്ചു, ജീവിതത്തെയും പ്രണയത്തേയും കുറിച്ചോര്‍ത്ത് വ്യസനിച്ചു. അങ്ങെനിക്കാരാണെന്ന് ഓരോ വട്ടവും ഞങ്ങള്‍ ഓരോരുത്തരും സ്വയം ചോദിച്ചു. പാടുന്ന നിമിഷത്തില്‍ ദൈവം തന്നെയാണെന്ന് ഉത്തരം കണ്ടെത്തി ആശ്വസിച്ചു.
ഒപ്പം ഇങ്ങനെയൊരുത്തരവും ഞാന്‍ കണ്ടുവെച്ചു: ഏതു മാധ്യമത്തിലുമാകട്ടെ, ആദരവും സ്‌നേഹവും അമ്മട്ടില്‍ നേടിയെടുക്കാനായി പരിശ്രമിക്കാന്‍, മുന്തിയ ഒന്നിനെ മാത്രമേ സൃഷ്ടിക്കൂ എന്ന് ഉത്തമബോധ്യം പുലര്‍ത്തിക്കൊണ്ടു ജീവിക്കാന്‍, മഹാത്മാവേ, ഞങ്ങള്‍ക്കുമുന്നില്‍ അങ്ങയെപ്പോലെ അധികം മാതൃകകളില്ല!
 
 
ഇതിനെ  കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം അറിയിക്കണേ .....ഫൈസു മദീന ......
 

Wednesday, 6 June 2012

അങ്ങിനെ ബെര്‍ളിയുടെ കൂടെയും .....!



     ഒരിക്കലും കരുതിയിരുന്നില്ല ഇങ്ങനെയൊരു സായാഹ്നം ജീവിതത്തില്‍ ഉണ്ടാവും എന്ന്.അല്ലെങ്കിലും ആഗ്രഹിച്ചതും അതിലപ്പുറവും നടത്തി തരുന്ന ഒരു റബ്ബ് എനിക്ക് ഉള്ള കാര്യമെങ്കിലും ഞാന്‍ മനസ്സിലാക്കേണ്ടിയിരുന്നു.സംഭവം വായിക്കുന്ന നിങ്ങള്‍ക്ക് {ആരെങ്കിലും വായിക്കുന്നു എങ്കില്‍ }അത്ര വലുതായി തോന്നില്ല എങ്കിലും എന്നെ പോലെ ഒരാള്‍ക്ക്‌ ഇതൊക്കെ വലിയ സംഭവം തന്നെ.ബ്ലോഗിങ് മടുത്തു ഫേസ്ബുക്കില്‍ കമെന്റും ലൈക്കുമായി കഴിയുകയായിരുന്നു കുറച്ചു നാളായിട്ട്.പോരാത്തതിന് എനിക്ക് എഴുതാനുണ്ടായിരുന്ന വിഷയങ്ങള്‍ ചെറുപ്പം മുതലേ അനുഭവിക്കാന്‍ യോഗമില്ലായിരുന്ന നാടും നാടുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു.അതാണെങ്കില്‍ അതിന്‍റെ പൂര്‍ണ്ണതയില്‍ ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയുമാണ്.ഇഷ്ട്ടം പോലെ നല്ല സുഹൃത്തുക്കള്‍ ,കിടിലന്‍ മഴ,എന്നും വൈകീട്ടുള്ള ക്രിക്കറ്റ്‌,തോന്നുന്നിടതേക്കുഇഷ്ട്ടം പോലെ പോകാനുള്ള ഫ്രീഡം,ഇഖാമയും ജവസാതും ചെക്കിങ്ങുകളും ഇല്ലാത്ത യാത്രകള്‍ ,സ്നേഹിക്കാനും പ്രേമിക്കാനും ഇടയ്ക്കിടയ്ക്ക് വിളിച്ചു "എവിടെയാ" എന്ന് ചോദിക്കാന്‍ ഒരു പെണ്ണും തുടങ്ങി ജീവിതത്തില്‍ എന്തെല്ലാം സന്തോഷങ്ങള്‍ ഉണ്ടോ അതെല്ലാം അനുഭവിച്ചു കൊണ്ട് ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിലൂടെ കടന്നു പോകുന്ന ഈ സമയത്ത് അടങ്ങി ഇരുന്നു ഒരു ബ്ലോഗ്‌ പോസ്റ്റ്‌ എഴുതാനൊന്നും മൂഡ്‌ ഇല്ലായിരുന്നു.

         പിന്നെ എന്താ ഇപ്പൊ എഴുതിയത് എന്ന് ചോദിച്ചാല്‍ അത് ബ്ലോഗില്‍ വന്ന കാലം തൊട്ടേ ആഗ്രഹിക്കുന്ന ഒന്നാണ് ഒരു ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കണം എന്നും കുറച്ചു ബ്ലോഗേര്‍സിന്റെ കൂടെ ഇരിക്കണം എന്നും.ദുബായില്‍ ആയിരുന്ന സമയത്ത് ദുബായില്‍ തന്നെ പല മീറ്റുകളും നടന്നു എങ്കിലും ഷോപ്പിലെ ജോലിയും ലീവ് എടുക്കാന്‍ പറ്റാത്ത അവസ്ഥയും കാരണം ഒന്നിലും പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.ഇടയ്ക്കു ചെറുവാടിയെ പോലെ ചില ബ്ലോഗര്‍മാരെ കണ്ടിരുന്നു എങ്കിലും അതിനൊരു മീറ്റ് സ്വഭാവം ഇല്ലായിരുന്നു.നാട്ടില്‍ എത്തിയ ശേഷം ഇടക്കിടക്ക് ജാബിര്‍ മലബാരിയെ കാണും എന്നല്ലാതെ മറ്റു ബ്ലോഗേസുമായി വലിയ ബന്ധങ്ങള്‍ ഒന്നുമില്ല.അങ്ങിനെയിരിക്കെ ആണ് വ്യാഴാഴ്ച മന്‍സൂര്‍ ചെറുവാടി വിളിക്കുന്നതും കുറച്ചു ബ്ലോഗര്‍മാര്‍ കോഴിക്കോട്‌ കൂടുന്നു,നീ പോരുന്നോ എന്ന് ചോദിച്ചതും." ഏ,ഞമ്മള്‍ എന്ത് മീറ്റിനും റെഡിയാണ് " എന്ന് ഞാനും."എന്നാ ഞാനും ജബ്ബാറും{വട്ടപ്പോയില്‍ }ശനിയാഴ്ച ഉച്ചക്ക് എടവണ്ണപ്പാറയില്‍ എത്താം ,അവിടുന്ന് എന്‍റെ കാറില്‍ പോകാം" എന്നു ചെറുവാടി പറഞ്ഞതോടെ മീറ്റിനു പോകല്‍ തീരുമാനമായി.

     അങ്ങിനെ ശനിയാഴ്ച വൈകുന്നേരം എടവണ്ണപ്പാറയില്‍ എത്തി.അവിടെ ചെറുവാടിയും ജബ്ബാര്‍ക്കയും ഉണ്ടായിരുന്നു.അവിടുന്ന് അസര്‍ നിസ്ക്കരിച്ചു നേരെ കോഴിക്കോട്ടേക്ക്.ഞാന്‍ കാറില്‍ കയറിയ ഉടനെ തന്നെ രണ്ടു പേരും കൂടി എന്‍റെ മേല്‍ ചാടി വീണു.പിന്നെ ചോദ്യങ്ങളുടേയും "ആക്കലുകളുടെയും"ശരങ്ങള്‍ തന്നെയായിരുന്നു."ഞാന്‍ എന്തിനു ഗള്‍ഫ്‌ നിര്‍ത്തി,കല്യാണം കഴിഞ്ഞു ഗള്‍ഫില്‍ പോയി ആറു മാസം തികയും മുമ്പേ എന്തിനു പോന്നു,നാട്ടില്‍ കൂടാന്‍ എന്താണ് കാരണം,നിനക്കും ശബീറി{തിരച്ചിലാന്‍}നും ഒരേ അസുഖമല്ലേ " തുടങ്ങി ഒരു പാട് ചോദ്യങ്ങള്‍ ,ഉത്തരവും അവര്‍ തന്നെ പറഞ്ഞത് കൊണ്ട് എനിക്ക് അധികം ഒന്നും പറയേണ്ടി വന്നില്ല.പാവം ഞാന്‍ എല്ലാം സമ്മതിച്ചു തലയാട്ടുക മാത്രം ചെയ്തു.അവസാനം അക്ബര്‍ക്ക{ചാലിയാര്‍ } വേണ്ടി വന്നു എന്നെ രക്ഷപ്പെടുത്താന്‍ .അദ്ദേഹത്തിന്‍റെ വീട് എത്തിയപ്പോള്‍ "ഇതിലെ പോയാല്‍ അക്ബര്‍ക്കയുടെ വീടാണ്' എന്ന് ചെറുവാടി പരിചയപ്പെടുത്തിയതിനു ശേഷം സംസാരങ്ങള്‍ ബ്ലോഗിനെ കുറിച്ചും മറ്റുമായി.അങ്ങിനെ തമാശയും കാര്യങ്ങളുമൊക്കെയായി കോഴിക്കോടെത്തി.ഇടക്കെപ്പോഴോ മീറ്റിനു ഉണ്ടാവും എന്ന് പറഞ്ഞ ആരിഫ്ക്ക {ആരിഫ്‌ സയിന്‍ } ഉപ്പാക്ക് അസുഖം കൂടുതല്‍ ആയത് കൊണ്ട് ഉണ്ടാവില്ല എന്ന് വിളിച്ചു പറഞ്ഞത് ഇത്തിരി നിരാശ വരുത്തി.പിന്നെ ഉപ്പാക്ക് അസുഖം ഭേദമാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചു യാത്ര തുടര്‍ന്നു.....!

     ചുരുക്കി പറഞ്ഞാല്‍ ഞങ്ങള്‍ കോഴിക്കോട്‌ മാനാഞ്ചിറ മൈതാനത്തെത്തി.ഞാനും ജബ്ബാര്‍ക്കയും കൂടി മറ്റു ബ്ലോഗേര്‍സിനെ തിരഞ്ഞു കണ്ടു പിടിച്ചപ്പോഴേക്കും ചെറുവാടി എവിടെ നിന്നോ ഞങ്ങള്‍ തീരെ പ്രതീക്ഷിക്കാത്ത ഒരു കക്ഷിയെ ഒപ്പിച്ചു വന്നു.സാക്ഷാല്‍ ഹാഷിം,അതായത് പാവപ്പെട്ട ബ്ലോഗേര്‍സിന്റെ പേടി സ്വപ്നം കൂതറ ഹാഷിം.കൂടെ അദ്ധേഹത്തിന്‍റെ ഒരു സുഹൃത്തും ഉണ്ടായിരുന്നു.ഒരു മരത്തിന്‍റെ കീഴില്‍ ഞങ്ങള്‍ എല്ലാവരും ഒരുമിച്ചു കൂടി ..പരസ്പ്പരം പരിചയപ്പെട്ടു.ആദ്യമായി ഷബീര്‍ തിരച്ചിലാനെ കണ്ടു,പിന്നെ സിയാഫ്‌ ,പ്രദീപ്‌ മാഷ്‌ ,റഷീദ്‌ പുന്നശ്ശേരി തുടങ്ങിയവരെ കണ്ടു പരിചയപ്പെട്ടു.."എന്നാല്‍ നമുക്ക് എവിടെയെങ്കിലും ഇരിക്കാം,എന്നിട്ടാകാം ബാക്കി " എന്നായി ഒരാള്‍..അങ്ങിനെ ഞങ്ങള്‍ വട്ടമിട്ടു ഇരുന്നു ബ്ലോഗ്‌ മീറ്റ്‌ ആരംഭിച്ചു.ഇടയ്ക്കു ജാബിര്‍ മലബാരിയും ശബിന്‍ ഇറാനിയും എത്തി.ഹാഷിമിന്റെ കലപില സംസാരം കൊണ്ട് തുടങ്ങി പലതരം ചര്‍ച്ചകളിലേക്കും പരസ്പ്പരം ബ്ലോഗുകള്‍ വിലയിരുത്തിയും മറ്റും ഇരിക്കുന്നതിനിടക്ക് ഹാഷിമിന്റെ വക ഒരു കമെന്റ്റ്‌.നമുക്ക് ബെര്‍ളിയെ ഒന്ന് വിളിച്ചു നോക്കിയാലോ മൂപ്പര് വന്നാലോ..പറച്ചിലും ഫോണ്‍ എടുത്തു വിളിക്കളും ഒക്കെ കഴിഞ്ഞു.അദ്ദേഹം വരാമന്നേറ്റ വിവരം ഹാഷിം ഞങ്ങളോട് പറഞ്ഞു എങ്കിലും ആര്‍ക്കും അതത്ര വിശ്വാസം ഇല്ലായിരുന്നു.വിളിച്ച ഹാഷിമിന് തന്നെ യാതൊരു ഉറപ്പും ഇല്ലായിരുന്നു.ഇടക്കെപ്പോഴോ സന്ദീപ്‌ പാമ്പള്ളിയും എത്തി.
ഏതോ കുട്ടി പറപ്പിച്ച ബലൂണ്‍ ഹാഷിം സ്വന്തമാക്കിയപ്പോള്‍ ..:)

    കുറച്ചു കഴിഞ്ഞപ്പോള്‍ ഹാഷിമിന് ഒരുകോള്‍ .ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നതിനും എണീക്കുന്നതിനും തിരിഞ്ഞു നോക്കുകയും ചെയ്യുന്നതിനിടയ്ക്ക് എപ്പോഴോ "ബെര്‍ളി വന്നു" എന്ന് പറയുന്നതും കേട്ടു.അവന്‍ കൈവീശിയ ഭാഗത്തേക്ക്‌ നോക്കിയപ്പോള്‍ അതാ വരുന്നു സാക്ഷാല്‍ ബെര്‍ളി തോമസ്‌.എന്നും ഫോട്ടോയില്‍ കാണുന്ന ആളായത് കൊണ്ട് ആര്‍ക്കും സംശയമുണ്ടായിരുന്നില്ല.വിചാരിച്ചതിനേക്കാള്‍ എത്രയോ ചെറുപ്പം.എല്ലാവരും എണീറ്റ്‌ അദ്ധേഹത്തെ സ്വീകരിച്ചു.അദ്ധേഹത്തെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലായിരുന്നു എങ്കിലും ഞങ്ങളെ ഞങ്ങള്‍ അദ്ധേഹത്തിനു പരിചയപ്പെടുത്തി.അദ്ദേഹം ഡ്യൂട്ടിയില്‍ ആയത് കൊണ്ട് അധികം സമയം ഞങ്ങളുടെ കൂടെ ചെലവഴിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞു എങ്കിലും ഒരുപാടു സമയം തമാശ പറഞ്ഞും മറ്റും ഞങ്ങളുടെ കൂടെ ചെലവഴിച്ചു.ആരും ഇഷ്ട്ടപ്പെട്ടു പോകുന്ന പ്രകൃതം.രണ്ടു കുട്ടികളുടെ അച്ഛന്‍ ആണ് എന്ന് വിശ്വാസം വരുന്നില്ല.അദ്ദേഹം കോഴിക്കോട്‌ മനോരമയില്‍ സബ് എഡിറ്റര്‍{എന്‍റെ ഓര്‍മ ശരിയാണ് എങ്കില്‍ }ആയി ജോലി നോക്കുന്നു.അദ്ദേഹത്തിന്റെ വരവ് എല്ലാവര്‍ക്കും ഭയങ്കര ത്രില്ലിംഗ് ആയിരുന്നു.പോകാന്‍ നേരത്ത് ഞങ്ങളുടെ എല്ലാവരുടെയും കൂടെ ഫോട്ടോ പോസ് ചെയ്യുകയും ചെയ്തു.ഭക്ഷണത്തിന് ക്ഷണിച്ചു എങ്കിലും ജോലി തിരക്ക് കാരണം പിന്നെയൊരിക്കല്‍ ആവാം എന്ന് പറഞ്ഞു അദ്ദേഹം പോയി.പോവുന്ന പോക്കില്‍ ഒരു കുട്ടി ഓടി ചെന്ന് കൈകൊടുത്തു "നിങ്ങള്‍ ഫിലിം സ്റ്റാര്‍ " ആണോ എന്ന് ചോദിച്ചത് എല്ലാവരിലും ചിരി ഉണര്‍ത്തി.ഞങ്ങള്‍ എല്ലാവരും ഒറ്റക്കും കൂട്ടമായും അദ്ദേഹത്തിന്റെ കൂടെ ഫോട്ടോ എടുക്കുന്നത് കണ്ടു തെറ്റിദ്ധരിച്ചതാണ് ...:)

  

        അങ്ങിനെ ഒരു സാധാരണ മീറ്റ് പ്രതീക്ഷിച്ചു പോയ ഞങ്ങള്‍ ഒരു അസാധാരണ മീറ്റ് നടത്തിയ അനുഭൂതിയില്‍ പിരിയാന്‍ തീരുമാനിച്ചു.പക്ഷെ ഏതൊരു മീറ്റിന്റെയും അവസാനം നടക്കാറുണ്ട് എന്ന് പറയപ്പെട്ട ഈറ്റ്‌ എവിടെ.അപ്പൊ ഇതൊരു ബ്ലോഗ്‌ മീറ്റ് അല്ലേ,ഈറ്റ്‌ ഇല്ലാതെ മീറ്റ് നടത്തിയാല്‍ ബൂലോകം അന്ഗീകരിക്കുമോ  എന്നൊക്കെയുള്ള സംശയങ്ങള്‍ എന്‍റെ മനസ്സില്‍ മുളപൊട്ടി.(ഒറ്റ വാക്കില്‍ പറഞ്ഞാല്‍ വിശപ്പ്‌ തുടങ്ങി എന്നും പറയും ).പക്ഷെ അതൊക്കെ തല്ലി തകര്‍ത്തു കൊണ്ട് ചെറുവാടിയുടെ പ്രഖ്യാപനം വന്നു.ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.വരൂ നമുക്ക് പോയി കഴിക്കാം.."ഹൌ സമാധാനമായി ".ചെറുവാടി സ്പോണ്‍സര്‍ ആയത് കൊണ്ട് സംഭവം ഗംഭീരമായിരിക്കും എന്നുറപ്പായി.പണ്ട് ദുബായില്‍ വെച്ച് അനുഭവം ഉള്ളതാണല്ലോ ......:)

      അങ്ങിനെ മാവൂര്‍ റോഡിലുള്ള ഏതോ ഒരു ഭയങ്കര ഹോട്ടലില്‍ {പേര് ഓര്‍മയില്ല }കയറി ഭക്ഷണം കഴിച്ചു .പേരറിയാത്ത ഏതൊക്കെയോ വിഭവങ്ങള്‍ .കോഴി പൊരിച്ചത് ഒരു പ്ലൈറ്റ്‌ ഞാനും ഹഷിമും കൂടി നൈചോറും ഫ്രെഡ്‌റൈസും കൂട്ടി അടിച്ചത് ശരിക്കും ഓര്‍മയുണ്ട്.ഷബീറും ജബ്ബാര്‍ക്കയും വേറെ എന്തൊക്കെയോ പ്ലൈറ്റിലേക്ക് ഇട്ടിരുന്നു.പിന്നെ എല്ലാവരും "തിരക്കിലായത് " കൊണ്ട് പേരൊന്നും ചോദിയ്ക്കാന്‍ കഴിഞ്ഞില്ല..

    അങ്ങനെ ഈറ്റും മീറ്റും എല്ലാം കഴിഞ്ഞു രാത്രി എട്ടരയോടെ ഞങ്ങള്‍ പല വഴിക്കായി തിരിഞ്ഞു ..ഇനിയും കാണണം എന്ന ആഗ്രഹത്തോടെ ....


    വാല്‍കഷ്ണം  :-കൂതറ ഹാഷിം "മ " ഗ്രൂപ്പിനെ കുറിച്ച് "ഒലിപ്പീര് ഗ്രൂപ്പ്‌" എന്ന് പറഞ്ഞത് ആ ഗ്രൂപ്പിന്‍റെ അഡ്മിന്‍സ് ചോദ്യം ചെയ്തു ....:)