Monday 28 March 2011

മാഷിന്‍റെ ഓര്‍മകള്‍ക്ക് മുന്നില്‍ ........!



   

ഫൈസുവിനു ഖുര്‍ -ആനിലെ ഏറ്റവും ഇഷ്ടപ്പെട്ട ആയത്ത് ഏതാണ്? ഏതു സൂറ ? കാരണം..?


    ഇതായിരുന്നു മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ്‌ നടത്തിയ ബ്ലോഗേര്‍സ് അഭിമുഖത്തില്‍ മാഷ്‌ എന്നോട്  ചോദിച്ച ഏക ചോദ്യം ..!

    പക്ഷെ സുന്ദര്‍ രാജ് മാഷിന്‍റെ ചോദ്യം അവസാനമായിരുന്നത് കൊണ്ടും പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടായിരുന്നതിനാലും അവസാനം എത്തിയപ്പോഴേക്കും ഞാന്‍ ഉത്തരം എഴുതി മടുത്തിരുന്നു .അത് കൊണ്ട് തന്നെ മാഷിന്‍റെ ചോദ്യം അതിന്‍റെ ഗൌരവത്തില്‍ എടുക്കാനോ അദ്ദേഹം പ്രതീക്ഷിച്ച ഒരുത്തരം നല്‍കാനോ എനിക്ക് കഴിഞ്ഞില്ല .

    മാഷിനെ കുറിച്ച് ഒരു പാട് പേര്‍ അനുസ്മരണ പോസ്റ്റുകള്‍ എഴുതിയതിനാലും അദ്ധേഹത്തെ കുറിച്ച്  ഞാന്‍ കൂടുതല്‍ പറയുന്നില്ല .പരിചയപ്പെട്ടത് മുതല്‍ അദ്ദേഹത്തിനും എന്നെ വല്യ ഇഷ്ട്ടായിരുന്നു .അതിനു വേറെ ഒരു കാരണം കൂടി ഉണ്ടായിരുന്നു .അദ്ധേഹത്തിനു ഖുര്‍ആന്‍ ഭയങ്കര ഇഷ്ട്ടമായിരുന്നു .ഇടയ്ക്കിടയ്ക്ക് അത് പറയുമായിരുന്നു അദ്ദേഹം.ഞാന്‍ ഒരു ഹാഫിസ്‌ അല്ലേ എന്ന് കരുതി അദ്ദേഹം എന്നോട് ഖുര്‍ആനിനെ കുറിച്ച് ഒരു പാട് ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നു.പക്ഷെ എന്‍റെ മലയാളം ഭാഷയുടെ പരിമിധി മൂലം 
പലപ്പോഴും എനിക്ക് ഉത്തരം പറയാന്‍ കഴിയുമായിരുന്നില്ല .അദേഹത്തിന്റെ ഖുര്‍ആന്‍ അറിവുകള്‍ പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.എന്തിനു സ്വന്തം ബ്ലോഗ്‌ പ്രൊഫൈലില്‍ വരെ അദ്ദേഹം ഫെവെരിറ്റ് ബുക്സ്‌ എന്നിടത്ത് ഖുര്‍ആന്‍ എന്ന് മാത്രമാണ് കൊടുത്തിരുന്നത്......!

   ഞങ്ങള്‍ തമ്മില്‍ അധികവും സംസാരിച്ചിരുന്നത് ഖുര്‍ആന്‍ വിഷയങ്ങള്‍ മാത്രമായിരുന്നു ...അദ്ദേഹം എന്ത് കൊണ്ടും ഒരു നല്ല മനുഷ്യനായിരുന്നു .ഒരു മാഷാണ് ,വിവരവും വിദ്യാഭ്യാസവും ഉള്ള ആളാണ്‌ എന്നുള്ള ഒരു അഹങ്കാരവും ഇല്ലാത്ത ഒരു സാധാരണക്കാരന്‍ ..അദ്ദേഹം നമ്മെ വിട്ടു പോയി എന്ന് വിശ്വസിക്കാന്‍ പോലും കഴിയുന്നില്ല.ഫേസ് ബുക്കില്‍ ഏതു സമയത്തും വാരാവുന്ന ഒരു ചാറ്റ് ബോക്സ്‌ ,ഫൈസു തിരക്കിലാണോ  എന്നുള്ള ഒരു ചോദ്യം,ഇതൊന്നും ഇനി ഉണ്ടാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ............. 


  മാഷിനെ കുറിച്ച് ബഷീര്‍ക്ക {വള്ളിക്കുന്ന് }എഴുതിയത് ..ബ്ലോഗര്‍ സുന്ദര്‍ രാജ് - ഇനി ഓര്‍മ മാത്രം

 ശ്രീജിത്ത് കൊണ്ടോട്ടി -പ്രിയ ബ്ലോഗ്ഗര്‍ സുന്ദര്‍ രാജ്‌ മാഷിനെ ഓര്‍ക്കുമ്പോള്‍... 


 ഖുര്‍ആനിനെ ഏറ്റവും ഇഷ്ട്ടപ്പെട്ട ഗ്രന്ഥം ആയി കണക്കാക്കുന്നത് എന്ത് കൊണ്ട് എന്നുള്ള ചോദ്യത്തിന് അദ്ദേഹം നല്‍കിയ ഉത്തരം ഇങ്ങനെ ആയിരുന്നു .....

"മതം, മാര്‍ക്സിസം ,മനുഷ്യന്‍ ഇവയുടെ ആകര്‍ഷണവും വികര്‍ഷണവും പൊതുരംഗത്തു എന്‍റെ വിഷയങ്ങളായിരുന്നു. മാര്‍ക്സിസത്തിന്‍റെ
ചതുര കള്ളിയില്‍ മനുഷ്യനെയും മതങ്ങളെയും നിര്‍വചിക്കാന്‍ ബൈബിള്‍ (പഴയ നിയമം ), കുര്‍ ആന്‍ തുടങ്ങിയ മഹത് ഗ്രന്ഥങ്ങള്‍ ഏറെ പരതിയിട്ടുണ്ട്.
ആ വായന തികച്ചും ഉപരിപ്ലവമായിരുന്നു..എന്നാല്‍ കുര്‍ ആനിലെ അന്ന് വായിക്കാതെ വിട്ട ഭാഗങ്ങള്‍ പിന്നീട് ഒരു നിയോഗം പോലെ വായിക്കാന്‍ ഇടയായപ്പോള്‍ ചില സൂക്തങ്ങള്‍ (ആയത്തുകള്‍ ) എന്‍റെ പൊള്ളുന്ന ജീവിതാവസ്ഥകളോട് സംവേദനം നടത്തുന്നതായി
തോന്നുകയും കുര്‍ ആന്‍റെ വിവിധ പരിഭാഷകള്‍, അനുബന്ധ ഗ്രന്ഥങ്ങള്‍,ചരിത്രം , സാമൂഹ്യ യാഥാ ര്‍ത്യങ്ങള്‍ എന്നിവ പരിശോധിക്കുന്നതിലേക്ക്
അതെന്നെ നയിക്കുകയും ചെയ്തു. അങ്ങിനെ ചെയ്തപ്പോള്‍ മനുഷ്യനെ മുന്നില്‍ നിര്‍ത്തി അവന്‍റെ ആത്മീയവും ഭൌതികവുമായ ചോദനകളെ താരതമ്യേന തൃപ്തികരമായി വിശകലനം ചെയ്യാന്‍ കുര്‍ ആന്‍ ശ്രമിക്കുകയും അവന്‍റെ മുന്നില്‍ ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയുടെ പ്രാഗ് രൂപം അവതരിപ്പിക്കുകയും ചെയ്തു എന്നതാണ്
കുര്‍ ആനില്‍ ഞാന്‍ കണ്ട സവിശേഷ വാര്‍ത്ത. അത് കൊണ്ട് തന്നെ കുര്‍ ആന്‍ എനിക്കിഷ്ടപ്പെട്ട മഹത് ഗ്രന്ഥവുമായി.'.........!




   ബഷീര്‍ക്കാന്‍റെ വാക്കുകള്‍ കടമെടുക്കുന്നു....അദ്ദേഹത്തിന്റെ കുടുംബാംഗങങ്ങളുടെയും സുഹൃത്തുക്കളുടെയും അദ്ദേഹം പഠിപ്പിച്ച പ്രിയ വിദ്യാര്‍ഥികളുടെയും ദുഖത്തില്‍ പങ്കു ചേരുന്നു. രാജിന്റെ ഓര്‍മ്മക്കായി അദ്ദേഹത്തിന്റെ ബ്ലോഗ്‌ നമ്മോടോപ്പമുണ്ടാകും. ഒരു പിടി കണ്ണീര്‍ പൂക്കള്‍.. !

   

Thursday 24 March 2011

മദീനയിലെ ഒരു പുലര്‍ക്കാലം......!


  മദീനയിലെ ഒരു സുബഹി നമ്സക്കര വേള


         'ഒന്നുകില്‍ ഞാനും ചെറിയ പെങ്ങളും കിടന്നുറങ്ങുന്ന റൂമിന്‍റെ വാതിലിനു ഒരു ചവിട്ട്,അല്ലെങ്കില്‍ ഉറക്കെയുള്ള ഒരു മുരടനക്കം,അതുമല്ലെങ്കില്‍ ഉമ്മാനോട് 'അന്‍റെ പൊന്നാര മോനും മോള്‍ക്കും എണീക്കാന്‍ സമയമായില്ലെടീ ' എന്നുള്ള ഒരു ചോദ്യം,ഇതൊക്കെയായിരുന്നു കുട്ടിക്കാലത്ത് മദീനയില്‍ എന്‍റെ അലാറം...! ഏതു കഠിനമായ ഉറക്കത്തിലാണെങ്കിലും ഇതിലേതെങ്കിലും ഒന്ന് കേട്ടാല്‍ അറിയാതെ ഞെട്ടി ഉണരുമായിരുന്നു അന്ന്.ഞെട്ടി ഉണര്‍ന്നത് കാരണം കുറച്ചു നേരം സ്ഥലകാല ബോധമില്ലാതെ നില്‍ക്കുന്ന സമയത്തായിരിക്കും അധികവും എന്‍റെ ഹബീബ്‌{സ} മിന്‍റെ പള്ളിയില്‍ നിന്ന് തഹജ്ജുദ് നിസ്ക്കാരത്തിനുള്ള ബാങ്ക് വിളി കേള്‍ക്കുക.അന്നേരം ഉണ്ട് മനസ്സില്‍ ഒരു ദേഷ്യം വരാന്‍.നല്ല സുഖമുള്ള ഒരു ഉറക്കം കിട്ടുന്ന ഒരു സമയമാണല്ലോ അത്.ഉപ്പ കാണാതെ തലയെണയും പുതപ്പും ഒക്കെ എടുത്തു ചുമരിനു രണ്ടു ഏറൊക്കെ കൊടുത്തു തല്‍ക്കാലം അട്ജെസ്റ്റ്‌ ചെയ്യും.അല്ലാതെ എന്ത് ചെയ്യാന്‍.കാരണം തഹജ്ജുദ് ബാങ്ക് കഴിഞ്ഞു കൃത്യം ഒരു മണിക്കൂര്‍ കഴിയണം സുബഹി ബാങ്ക് വിളിക്കാന്‍ ......!

    പിന്നെ നേരെ പോയി പല്ല് തേച്ചു കുളിക്കണം.അത് എത്ര തണുപ്പത്ത് ആണെങ്കിലും.ഞങ്ങളുടെ അപ്പുറത്തും ഇപ്പുറത്തും ഉള്ള വീടുകളില്‍ ഒന്നും ആരും എണീറ്റിട്ട് പോലും ഉണ്ടാവില്ല ആ സമയത്ത്.ഞങ്ങളുടെ വീട്ടില്‍ മാത്രം സകല ലൈറ്റും ഇട്ടു ഉപ്പ ഒരു മുസല്ലയും ഇട്ടു മുന്നില്‍ ഒരു തലയണയും വെച്ച് അതിന്മേല്‍ ഖുര്‍ആനും വെച്ചിരിക്കുന്നുണ്ടാവും.അപ്പോഴേ ഒരു അടിയുടെ മണം കിട്ടും.പക്ഷെ എന്ത് ചെയ്യാന്‍ ഓടി പോകാന്‍ ഒന്നും പറ്റില്ലല്ലോ.പോയി തല വെച്ച് കൊടുക്കുക തന്നെ ......!

   കുളിച്ചു വുളൂ ഉണ്ടാക്കി ഉപ്പയുടെ മുന്നില്‍ വെച്ച് രണ്ടു രകഅത്തു തഹജ്ജുദ് നിസ്കരിക്കണം.അത് കഴിയുമ്പോഴേക്കും നിസ്ക്കാര കുപ്പായം ഇട്ടു ഒരു കയ്യില്‍ തസ്ബീഹു മാലയും മറ്റേ കയ്യില്‍ ചായയും കടിയുമായി ഉമ്മയും അവിടെ ഹാജരാവും.പിന്നെ ഒന്നുകില്‍ ഏതെന്കിലും ഒരു ആയത്തിനെ കുറിച്ചോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും മതപരമായ കാര്യങ്ങളെ കുറിച്ചോ ഉപ്പയുടെ ഒരു ക്ലാസ്‌ ഉണ്ടാവും.അതാണെങ്കില്‍ രക്ഷപ്പെട്ടു.കാരണം വെറുതെ ഇരുന്നു കേട്ടാല്‍ മതി.ഇടയ്ക്കു മനസ്സിലാകുന്നുണ്ടോ  എന്നറിയാന്‍ ഓരോ ചോദ്യങ്ങളൊക്കെ ചോദിക്കും എന്ന് മാത്രം.ഉത്തരം പറയാന്‍ കിട്ടിയില്ലെങ്കില്‍ വല്യ പ്രശ്നമൊന്നും ഇല്ല രണ്ടു ശൈത്താന്‍ വിളി കേട്ടാല്‍ മതി.വേറെ പ്രശ്നം ഒന്നുമില്ല.....!  

        പക്ഷെ രണ്ടാമത്തെ ഒപ്ഷന്‍ ആണ് ഉപ്പ സെലക്ട്‌ ചെയ്യുന്നത് എങ്കില്‍ അന്ന് അടി,ഇടി,ചവിട്ട്,തുടങ്ങിയ കലാപരിപാടികള്‍ ഉണ്ടാവും.അതായത് കാണാതെ പഠിച്ച ഖുര്‍ആന്‍ ഭാഗങ്ങള്‍ ഓതിക്കല്‍ ആണെങ്കില്‍ കുടുങ്ങിയത് തന്നെ.ഒരാള്‍ ഉപ്പാക്കും ഒരാള്‍ ഉമ്മാക്കും ഖുര്‍ആന്‍ ഓതി കൊടുക്കണം.ഉമ്മയുടെ മുന്നില്‍ പെടുന്നവര്‍ രക്ഷപ്പെട്ടു എന്ന് പറയാം .കാരണം ഉമ്മ ചെറിയ തെറ്റൊക്കെ ആണെങ്കില്‍ അട്ജെസ്റ്റ്‌ ചെയ്തു തരും.പക്ഷെ ഖുര്‍ആന്‍ അല്ലെ ഒരു പരിധി വിട്ടു അട്ജെസ്റ്റ്‌ ചെയ്യാന്‍ പറ്റില്ലല്ലോ.തെറ്റിയ ഭാഗം ചിലപ്പോ ഉമ്മ ഒന്നും കൂടി ഓതാന്‍ പറയും .അതോടെ ഉപ്പാക്ക് കാര്യം മനസ്സിലാവും.പിന്നെ ഉപ്പയുടെ വക തെറ്റിയ ഭാഗം വീണ്ടും ഓതിപ്പിക്കല്‍,ചൂടാവല്‍,അടിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍.ചിലപ്പോ അത് വരെ എല്ലാം ഒര്മയുണ്ടാവും,പക്ഷെ ഉപ്പ ഓതിപ്പിക്കുമ്പോള്‍ പേടിച്ചിട്ടു ഓര്‍മയുള്ളത് പോലും മറന്നു പോകും.അപ്പോഴൊക്കെ ആണ് മനസ്സില്‍ ഉപ്പാനെ കൊല്ലാനുള്ള ദേഷ്യം വരിക.അതിരാവിലെ വിളിച്ചുണര്‍ത്തിയതും പോരാ കൂടെ ഇമ്മാതിരി പീഡനങ്ങളും ......!

     എന്തൊക്കെ പറഞ്ഞാലും ആ ഒരു മണിക്കൂര്‍ ഒരു സംഭവമായിരുന്നു.വര്‍ഷങ്ങളോളം ഇത് തന്നെയായിരുന്നു എന്‍റെയും അനിയത്തിയുടെയും അവസ്ഥ.ഞങ്ങളുടെ ഈ അവസ്ഥ അറിയുന്ന ഞങ്ങളുടെ അയല്‍വാസികളും കുടുംബക്കാരും ഒക്കെ ഇടയ്ക്കിടയ്ക്ക് എന്നെ കളിയാക്കുന്ന ഒരു കാര്യമുണ്ട്{അവര്‍ക്കും ഉപ്പാനെ പേടിയാണ്.നേരിട്ട് ഒന്നും പറയില്ല .!}.അവര്‍ ഇടയ്ക്കിടയ്ക്ക് എനിക്ക് കേള്‍ക്കാന്‍ വേണ്ടി പറയും ...'അല്ല ഈ ഉസ്താദുമാരോടും ബാപ്പാരോടും അടി കിട്ടിയ സ്ഥലം അള്ളാഹു നരകത്തില്‍ ഇടൂല എന്നാണല്ലോ.അപ്പൊ ഞമ്മളെ ഫൈസൂനു ഒന്നും പേടിക്കാനില്ല..കാരണം ഓന്‍റെ മേത്ത് ഉപ്പനോട് അടി കിട്ടാത്ത ഒരു സ്ഥലവും ഇനി ബാക്കിണ്ടാവൂലാ'എന്ന് ......... !


                                       ബാക്കി അടുത്ത പോസ്റ്റില്‍ ....!

  സത്യത്തില്‍ വേറെ എന്തോ എഴുതാന്‍ ഇരുന്നതാ.എഴുതി വന്നപ്പോ ഇങ്ങനെ ഒക്കെ ആയി..എന്നാ കിടക്കട്ടെ എന്ന് കരുതി പോസ്റ്റുന്നു.കുറച്ചു ദിവസമായി വല്ലതും എഴുതിയിട്ട്.കുറെ ആള്‍ക്കാര്‍ ചോദിച്ചു അതെന്താ ഫൈസൂ നീ ബ്ലോഗ്‌ എഴുത്ത് നിര്‍ത്തിയോ എന്ന്.മിനിയാന്നു രമേശേട്ടനും കുറെ കാര്യങ്ങള്‍ പറഞ്ഞു.ചെറുവാടിയും ഉമ്മു ജാസ്മിനും എന്നും പറയും.പിന്നെ നേരിട്ട് പരിചയമുള്ളവരും ഇല്ലാത്തവരുമായ പലരും ചോദിച്ചു .ഏതായാലും ഇനി വീണ്ടും എഴുതാന്‍ തുടങ്ങുകയാ.എത്ര പോവും എന്നറിയില്ല.കഴിഞ്ഞ പോസ്റ്റില്‍ ദേ,യാസ്മിന്‍ {മുല്ല} വന്നു ചോദിച്ച പോലെ ഇനി ആരും ചോദിക്കരുത് ...."ഡേയ് എവിടയാടെയ്..പിണ്ണാക്ക് ബിസിനെസ്സ് മൊത്തം തലയിലായാ"..!!!.ആള്‍ക്കാര്‍ക്കൊന്നും എന്നെ പണ്ടത്തെ പോലെ  ഒരു ബഹുമാനമില്ല .ഏതായാലും ഞാനും ഹൈനക്കുട്ടിയും ഒക്കെ തിരിച്ചു വരാന്‍ തീരുമാനിച്ചിരിക്കുന്നു ....!